ലയൺ അൽ മെസ്സി
text_fieldsദോഹ: ഏതു സമവാക്യങ്ങളാൽ ആ ചടുല ചലനങ്ങളെ ഗണിച്ചെടുക്കും? ഒരുപാടുത്തരങ്ങളും കണക്കുകൂട്ടലുകളും ആഖ്യാനങ്ങളുമൊക്കെയുണ്ടായിരുന്നു പലർക്കും. കീറാമുട്ടിയായ പല പ്രോബ്ലങ്ങളും സോൾവ് ചെയ്ത മുന്നനുഭവങ്ങൾ കൂട്ടുണ്ടായിരുന്നു ഗ്രഹാം ആർനോൾഡിനും ലൂയി വാൻ ഗാലിനും സ്ലാറ്റ്കോ ദാലിച്ചിനുമൊക്കെ. പക്ഷേ, കളിയുടെ ജ്യാമിതീയ കോണുകളിലെ അവരുടെ അൽഗോരിതങ്ങളിലൊന്നും ലയണൽ ആന്ദ്രേസ് മെസ്സിയെ കെട്ടിപ്പൂട്ടി നിർത്താനുള്ള ഒരു ഇക്വേഷനുകളുമില്ലായിരുന്നു.
പോളണ്ടിനും ആസ്ട്രേലിയക്കും നെതർലൻഡ്സിനുമെതിരെ പ്രതിരോധത്തെ നെടുകെ കീറിയ അയാളുടെ ഡയമീറ്ററുകളാണ് ലോകത്തിന് വിസ്മയമായത്. ലുസൈലിൽ 88, 966 കാണികൾക്കുമുമ്പാകെ നടന്ന കളിയുടെ കാൽക്കുലസിൽ ക്രൊയേഷ്യ വീണുപോയത് പക്ഷേ, അതിനു നേർവിപരീതമായ ദിശയിൽനിന്നായിരുന്നു. നടക്കാൻ സാധ്യത ഗണിച്ചെടുക്കുന്ന പ്രോബബിലിറ്റിയിൽ വളരെ വിദൂരമായി അടയാളപ്പെടുത്താവുന്ന ഒരു നീക്കം.
തനിക്കു മാത്രം അറിയാവുന്ന ഫോർമുലയിൽ മെസ്സി കണ്ടെത്തിയ ഉത്തരം. ഓടിക്കൊണ്ടിരുന്ന ജോസ്കോ ഗ്വാർഡിയോളിന്റെ പാദങ്ങൾക്കിടയിലൂടെ ഒരുമാത്രകൊണ്ടു മാത്രം വെളിപ്പെട്ട വിസ്മയ വഴി. യൂലിയൻ ആൽവാരെസിനൊപ്പമുള്ള സിമ്മട്രിയിൽ ആ കണക്കുകൂട്ടലുകൾ കിറുകൃത്യമായപ്പോൾ ഗോളിന് മുകളിൽ മാർക്ക് നേടിയ അസിസ്റ്റായിരുന്നു അത്. 'വഴിക്കണക്കി'ൽ ഈ ലോകകപ്പിലെ ഏറ്റവും മനോഹര ദൃശ്യം.
ശിഷ്ടമില്ലാതെ വീട്ടിയ കണക്കുകൾ
ലുസൈലിലെ പൊട്ടിത്തെറിക്കുന്ന ഗാലറിക്കുകീഴെ അർജന്റീന ആഗ്രഹിച്ചതൊക്കെ നടന്നു. നാലു വർഷം മുമ്പ് റഷ്യയിൽ 3-0ത്തിന് തങ്ങളെ നിഷ്പ്രഭമാക്കിയ ക്രൊയേഷ്യയോട് മെസ്സിയും സംഘവും ശിഷ്ടമൊന്നും ബാക്കിവെക്കാതെ കണക്കുതീർത്തു. അതേ സ്കോറിന് ഐകണിക് സ്റ്റേഡിയത്തിൽ ജയിച്ചുകയറുമ്പോൾ അത് വഴിതുറന്നത് ഫൈനലിലേക്കാണെന്ന അഡ്വാന്റേജ് കൂടിയുണ്ടായിരുന്നു അർജന്റീനക്ക്. മൂന്നു ലോകകപ്പുകൾക്കിടെ രണ്ടാമത്തെ ഫൈനൽ.
ലൂക്കാ മോഡ്രിചും കൂട്ടുകാരും ആദ്യ 20 മിനിറ്റോളം കളം ഭരിച്ചപ്പോൾ അൽപനേരം അർജന്റീന കണ്ടുനിന്നു. ഗാലറിയിലെ ആരാധക്കൂട്ടത്തിന് ആധിയുണ്ടായിരുന്നു. എന്നാൽ, കൗണ്ടർ അറ്റാക്കിന്റെ ഗോൾമുഖം തുറക്കുമെന്ന് അർജന്റീന പ്രതീക്ഷ പുലർത്തി. അരമണിക്കൂർ പിന്നിടവേ അതു പുലർന്നു. ദെയാൻ ലോവ്റന് മുകളിലൂടെ എൻസോ ഫെർണാണ്ടസ് ഉയർത്തിയിട്ട പന്തെടുക്കാൻ ഓടിയെത്തിയ ആൽവാരെസിനെ ഡൊമിനിക് ലിവാകോവിച്ച് വീഴ്ത്തിയതിനെ തുടർന്നുള്ള പെനാൽറ്റി. മെസ്സി അത്യുജ്ജ്വലമായി പന്ത് വലയുടെ മോന്തായത്തിലേക്ക് അടിച്ചുകയറ്റിയതോടെ അർജന്റീനൻ ആത്മശ്വാസത്തിന്റെ വരുതിയിലായി മത്സരം.
മെസ്സി പകർന്നാടുകയായിരുന്നു പിന്നെ. നായകന് യഥേഷ്ടം സ്‍പേസ് കിട്ടിത്തുടങ്ങി. മിഡ്ഫീൽഡും അർജന്റീനയുടെ ഭരണത്തിലായി. കുതിച്ചുകയറാൻ മെസ്സി ഒരുങ്ങിയപ്പോഴൊക്കെ സഹചാരികൾ പിന്തുണക്കാനുള്ള പൊസിഷനിൽ അതിവേഗമെത്തി. 4-3-3 എന്ന ആക്രമണാത്മക ലൈനപ്പിൽ താരവിന്യാസം നടത്തിയിട്ടും എന്തു ചെയ്യണമെന്നറിയാതെ ക്രൊയേഷ്യ അങ്കലാപ്പിലായി.
ഇത്തരം സാഹചര്യങ്ങളിൽ നീക്കങ്ങളെ പിന്തുണക്കാൻ കയറിയെത്തേണ്ട ഫുൾബാക്കുകൾക്ക് പിന്നണിയിലേക്കുതന്നെ ഉൾവലിയേണ്ടിവന്നു. രണ്ടുഗോൾ വഴങ്ങിയിട്ടും ക്രൊയേഷ്യയുടെ പ്രസ്സിങ് ഗെയിമിന് അർജന്റീന അവസരം നൽകിയില്ല. പരേസെഡിനെ പിൻവലിച്ച് സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനെസിനെ ഇറക്കി ഒന്നുകൂടി അർജന്റീന പിടിമുറുക്കി.
അന്തംവിട്ട് ഗ്വാർഡിയോൾ
വേറിട്ട ഫേസ് മാസ്കുമായി കളത്തിലിറങ്ങുമ്പോൾ ഹോളിവുഡ് സിനിമകളിലെ വില്ലന്റെ ഛായയുണ്ടായിരുന്നു ജോസ്കോ ഗ്വാർഡിയോളിന്. കളിയിൽ, യഥാർഥ നായകനെ തടയാൻ നിയോഗിക്കപ്പെട്ട 'വില്ലനാ'യിരുന്നു അയാൾ. 20 വയസ്സു മാത്രമുള്ള, ചോരത്തിളപ്പും ചങ്കുറപ്പുമുള്ള പ്രതിരോധഭടൻ. ലൈപ്സിഷിൽനിന്ന് വമ്പൻ തുകക്ക് അണിയിലെത്തിക്കാൻ യൂറോപ്യൻ ക്ലബുകൾ നോട്ടമിട്ടിരിക്കുന്ന താരം.
താൻ പിച്ചവെക്കുംമുമ്പേ പ്രഫഷനൽ ഫുട്ബാളിൽ പാദമൂന്നിയ മെസ്സിയെ നിർവീര്യമാക്കാൻ ക്രൊയേഷ്യ ദൗത്യമേൽപിച്ചത് പന്തു തട്ടിയെടുക്കാനും ടാക്ലിങ്ങിലും മിടുക്കനായ ഗ്വാർഡിയോളിനെ. പക്ഷേ, മെസ്സിയുടെ വെട്ടിത്തിരിയലുകൾ നേർരേഖയിൽ സഞ്ചരിക്കുന്നവരെ തടയിട്ടുപരിചയിച്ച ആ ചെറുപ്പക്കാരന്റെ മനോഗതികൾക്കപ്പുറത്തായിരുന്നു.
'ഡിഫൻഡർ ഓഫ് ദ ടൂർണമെന്റ്' വിശേഷണമുള്ള ഗ്വാർഡിയോളിന് എന്തുചെയ്യണമെന്ന് മനസ്സിലായതേയില്ല. മധ്യവരക്കടുത്തുനിന്ന് പന്തുമായി കുതിച്ചുകയറുന്ന മെസ്സി. അയാളുടെ കാലിലൊട്ടിപ്പിടിച്ച പന്ത് തട്ടിപ്പറിക്കാൻ പലവഴി നോക്കിയിട്ടും ഗ്വാർഡിയോളിന് കഴിഞ്ഞില്ല. ബോക്സിൽ മെസ്സിയുടെ ഒരു 'ഷോർട്ട് ബ്രേക്'. തിരിഞ്ഞെത്തി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ പൊടുന്നനെ വെട്ടിത്തിരിഞ്ഞ് മെസ്സി വീണ്ടും മുന്നോട്ട്.
എന്തുചെയ്യണമെന്നറിയാതെ ഗ്വാർഡിയോൾ വീണ്ടും ഒപ്പംകൂടി. ഗോൾലൈനിനരികെനിന്ന് സമാന്തരമായി മുന്നോട്ടുപോയി മെസ്സി ഓട്ടത്തിനിടയിൽ എതിരാളിയെ 'നട്മെഗ്' ചെയ്ത് 45 ഡിഗ്രിയിൽ ആൽവാരസിലേക്ക് പാസ്. ക്ലോസ്റേഞ്ചിലെ കണ്ണായ പൊസിഷനിൽനിന്ന് യുവതാരത്തിന്റെ കൃത്യമൊരു ടാപ് ഇൻ. ആ റണ്ണിങ്ങും പാസും ഫിനിഷും ചേർന്നതോടെ ക്രൊയേഷ്യ അസ്തമിച്ചുകഴിഞ്ഞിരുന്നു.
ഖത്തറിലെ മെസ്സി ഭാവങ്ങൾ
ഖത്തറിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണയാൾ. സൗദി അറേബ്യയുടെ മത്സരം കഴിഞ്ഞപ്പോൾ വിഷാദമായിരുന്നു ഭാവം. മെക്സികോക്കെതിരെ കളി ജയിച്ചപ്പോൾ ആശ്വാസമായിരുന്നു മുഖ്യം. പോളണ്ടും കടന്നപ്പോൾ പിന്നെ, ആത്മവിശ്വാസം തെളിഞ്ഞുനിന്നു. ആസ്ട്രേലിയയും കടന്നതോടെ വർധിത വീര്യമായിരുന്നു. നെതർലൻഡ്സിനെതിരെ വാശിയും വീറും നിറഞ്ഞ ഉഗ്രരൂപിയായി. ക്രോട്ടുകൾക്കെതിരെയാകട്ടെ, ക്രൗര്യമൊട്ടുമില്ലാതിരുന്ന ശാന്തസ്വരൂപിയും. സമ്മർദങ്ങളുടെ ഭാരമില്ലാതെ പറന്നുകളിക്കാൻ മെസ്സിയെ തുണച്ചത് അതുതന്നെയായിരുന്നു.
അഞ്ചുഗോളുമായി മെസ്സിയിപ്പോൾ ടൂർണമെന്റിലെ ടോപ്സ്കോററാണ്. മൂന്നു അസിസ്റ്റുകൾ വേറെയും. നിലവിൽ ഈ ടൂർണമെന്റിലെ താരം അയാളല്ലാതെ മറ്റാരുമല്ല. ഫൈനലിൽ കളിക്കുന്നതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം (26) കളിക്കുന്ന താരമായി മെസ്സി മാറും. ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയതോടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (11) നേടുന്ന അർജന്റീനക്കാരനായി.
സ്കലോണിയൻ ടാക്ടിക്സ്
കോച്ചെന്ന നിലയിൽ ലയണൽ സ്കലോണി തന്ത്രങ്ങളിൽ ഏറെ കരുത്താർജിക്കുകയാണ്. ഓരോ മത്സരങ്ങളെയും മനസ്സിൽ ഗണിച്ചെടുത്ത് സ്കലോണി രൂപപ്പെടുത്തുന്ന ടാക്ടിക്സുകൾ അർജന്റീനയുടെ അതിജീവനത്തിന് കരുത്തുപകരുന്നുവെന്ന് ഓരോ മത്സരവും തെളിയിക്കുന്നു. ക്രൊയേഷ്യക്കെതിരെ 4-4-2 എന്ന പരമ്പരാഗത ശൈലിയിലേക്ക് തന്ത്രങ്ങൾ മാറ്റുകയായിരുന്നു സ്കലോണി.
ഹോൾഡിങ് മിഡ്ഫീൽഡറുടെ പൊസിഷനിലേക്ക് ലിസാൻഡ്രോ പരേഡെസിനെ ഇറക്കിനിർത്തി ഫുൾബാക്കുകൾക്ക് കയറിക്കളിക്കാൻ അവസരമൊരുക്കി. അതേസമയം, മോഡ്രിചിനെ മുൻനിർത്തി ക്രൊയേഷ്യൻ മധ്യനിര കളിച്ചുകയറിയാൽപോലും ഫോർവേഡുകളുമായുള്ള കണക്ഷൻ നിരന്തരം കട്ടുചെയ്ത് അർജന്റീന കളിയിൽ പിടിമുറുക്കി. പൊസഷൻ ഗെയിം കൈവിട്ട് പ്രത്യാക്രമണങ്ങളിലൂന്നുകയായിരുന്നു അവരുടെ തുടക്കത്തിലെ തന്ത്രം. ആദ്യപകുതിയിൽ തന്നെ അതു നടന്നപ്പോൾ മാനസിക മേധാവിത്വമായി.
കളിയിൽ 39 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ചാണ് ക്രൊയേഷ്യയുടെ മൂന്നിരട്ടി ഷോട്ടുകൾ ടാർഗെറ്റിലേക്ക് ഉതിർക്കാൻ അർജന്റീനക്ക് കഴിഞ്ഞത്. അതിൽ പകുതിയും ഗോളുമായി. തിരിച്ചടിക്കാൻ സാധ്യതകളും സമയവുമുണ്ടായിട്ടും ഇരട്ട പ്രഹരത്തിൽനിന്ന് എഴുന്നേറ്റുവരാൻ മോഡ്രിചിനും സംഘത്തിനും കഴിഞ്ഞില്ല. മൂന്നാം ഗോളോടെ അർജന്റീന ഫൈനലുറപ്പിച്ചു കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.