1000 മാറ്റുള്ള ഗോളും പ്രകടനവും; സോക്കറൂസിനെ വീഴ്ത്തിയ മെസ്സി മാജിക്
text_fieldsദോഹ: ഏഷ്യയിൽനിന്ന് േപ്ലഓഫിലെത്തി പെറുവിനെ ഷൂട്ടൗട്ടിൽ കടന്ന് 31ാം ടീമായാണ് സോക്കറൂസ് ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചിരുന്നത്. എന്നാൽ, കളി ശരിക്കും തുടങ്ങിയപ്പോൾ അതെല്ലാം പഴങ്കഥകളാക്കിയവർ അവസാനം ഡെന്മാർക്കിനെയും വീഴ്ത്തിയാണ് നോക്കൗട്ടിലേക്ക് കടന്നത്. ഫ്രാൻസ് ഉൾപ്പെട്ട ഗ്രൂപിൽ രണ്ടാമന്മാരായ ആസ്ട്രേലിയ പക്ഷേ, പ്രീക്വാർട്ടറിൽ മുഖാമുഖം നിന്നത് സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി വൈകി നടന്ന രണ്ടാം പ്രീക്വാർട്ടറിൽ എല്ലാം മെസ്സി മയമായിരുന്നു. കളി നിറഞ്ഞും മൈതാനം ഭരിച്ചും ഒരേയൊരാൾ മാത്രം.
സ്വന്തം ഹാഫിലും ബോക്സിലുമായി 11 പേരും കോട്ട കാത്തുനിന്നിട്ടും അതിനിടയിലൂടെയായിരുന്നു 35ാം മിനിറ്റിൽ മെസ്സിക്കു മാത്രം സാധ്യമായ ആദ്യ ഗോൾ എത്തുന്നത്. പന്ത് കാലിലെടുത്ത് അതിവേഗം ഓടിക്കയറിയ താരം 30 വാര അകലെ അലക്സിസ് മാക് അലിസ്റ്ററിന് നൽകുന്നു. നികൊളാസ് ഓടമെൻഡി കൂടി പങ്കാളിയായ നീക്കത്തിനൊടുവിൽ തിരികെ സ്വീകരിക്കുന്നു. ഒരു പഴുതും അനുവദിക്കില്ലെന്ന വാശിയിൽ സോക്കറൂസ് പ്രതിരോധ താരങ്ങൾ. മെസ്സിയെ പൂട്ടി മുന്നിൽനിന്ന ഹാരി സൂട്ടറുടെ കാലിനടിയിലൂടെ നിലംപറ്റെ പായിച്ച ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിൽ വിശ്രമിക്കാനെത്തുമ്പോൾ ഗോളി കാഴ്ചക്കാരൻ മാത്രം. പെനാൽറ്റി ബോക്സിൽ അതുവരെ മെസ്സിയുടെ ആദ്യത്തെ ഷോട്ടും അതായിരുന്നു.
രണ്ടാം പകുതിയിൽ പിൻനിരക്ക് കരുത്തുകൂട്ടിയാണ് രണ്ടാം പകുതിയിൽ അർജന്റീനയുടെ ഫോർമേഷൻ കോച്ച് സ്കലോണി മാറ്റിയത്. അതോടെ ഊർജം ഇരട്ടിയാക്കിയ മെസ്സിയും ടീമും എതിർഹാഫിൽ മാത്രമായി കളി നിയന്ത്രിച്ചു. അതിവേഗ നീക്കങ്ങളുമായി മെസ്സിയുടെ മുന്നേറ്റങ്ങൾ പലതും ആധിയോടെയാണ് കംഗാരുപ്പട കണ്ടത്. അതിനിടെയായിരുന്നു എഫ്.സി കോപൻഹേഗൻ താരമായ ഓസീസ് ഗോളി മാറ്റി റിയാന് ബാക് പാസ് ലഭിക്കുന്നത്. ഓടിയെത്തിയ അർജന്റീനയുടെ റോഡ്രിഗോ ഡി പോളിനെ വെട്ടിയൊഴിയാനായി ശ്രമം. അതു പൂർത്തിയായെങ്കിലും പന്ത് അതേ വേഗത്തിൽ പിറകിൽ ഓടിയെത്തിയ സഹതാരം അൽവാരസിന്റെ കാലുകളിൽ. പിടിച്ചെടുത്ത് ആർക്കും സമയം നൽകാതെ ഗോളിക്കും ഡിഫെൻഡർക്കുമിടയിലൂടെ തട്ടിയിട്ട് അൽവാരസ് ഗോളാക്കി.
രണ്ടു ഗോൾ വീണ കംഗാരുക്കൾ തിരിച്ചടിക്കാൻ തിടുക്കം കൂട്ടിയതിൽപിന്നെ കളിയുടെ താളം മാറി. മുൻനിര താരങ്ങളിൽ തിരികെ വിളിച്ചുതുടങ്ങിയ അവസാന മിനിറ്റുകളിലായിരുന്നു സ്കലോണിയെ ഞെട്ടിച്ച് മടക്ക ഗോൾ. ക്രെയ്ഗ് ഗുഡ്‍വിൻ അടിച്ച പന്ത് അത്ര അപകടകരമായിരുന്നില്ലെങ്കിലും എൻസോ ഫെർണാണ്ടസിന്റെ കാലുകളിൽ തട്ടി വഴിമാറിയതോടെ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നെയും ആസ്ട്രേലിയ ശ്രമം നടത്തി നോത്തിയെങ്കിലും വിജയം കണ്ടില്ല.
കളിയിൽ 60 ശതമാനം നിയന്ത്രണം കൈയിൽവെച്ച അർജന്റീന ഗോൾ ലക്ഷ്യമിട്ട് അഞ്ചു ഷോട്ടുകൾ പായിച്ചു. മെസ്സി തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്.
നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായാണ് മെസ്സി ഗോൾ നേടുന്നത് എന്ന സവിശേഷതയുമുണ്ട്. ലോകകപ്പിൽ അർജന്റീനക്കായി താരത്തിന്റെ ഗോൾ സമ്പാദ്യം ഒമ്പതായി. എട്ടു ഗോളുമായി ഒപ്പമുണ്ടായിരുന്ന ഡീഗോ മറഡോണയെ മറികടന്ന ലിയോക്കു മുന്നിൽ 10 അടിച്ച ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട മാത്രമാണുള്ളത്. ദേശീയ ജഴ്സിയിൽ 94ാം ഗോൾകുറിച്ച താരത്തിന്റെ കരിയറിലെ 789ാം ഗോൾ.
ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് ടീമിന് എതിരാളികൾ. ആദ്യ പ്രീക്വാർട്ടറിൽ ഡച്ചുകാർ അമേരിക്കയെ 3-1ന് മുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.