'മാസ്'റ്റർ മെസ്സി; ഇതിഹാസത്തിനൊപ്പം ലോകം
text_fieldsമൂന്നര പതിറ്റാണ്ട് മുമ്പ് അർജന്റീന സ്വന്തം വൻകരയിൽ ലോക ചാമ്പ്യന്മാരാകുമ്പോൾ പട നയിച്ച് ഡീഗോ മറഡോണയെന്ന മാന്ത്രികനുണ്ടായിരുന്നു. തൊട്ടുപിറകെ ഒരു ലോകപോരാട്ട വേദിയിൽ കൂടി താരത്തിന്റെ ചിറകേറി ടീം ഫൈനൽ കളിച്ച ശേഷം കപ്പും കിരീടവും അകന്നുനിന്ന നോവ് അത്രമേൽ കടുത്തതായിരുന്നു. പിൻഗാമിയായി അവതരിച്ച മെസ്സിക്കൊപ്പം ടീം പലവട്ടം പൊരുതിയെങ്കിലും അവസാന ചിരി മാത്രം അകന്നുനിന്നു.
ഇത്തവണ പക്ഷേ, എല്ലാ റെക്കോഡുകളിലും ഒരു പിടി മുന്നിൽനിന്നാണ് ബ്വേണസ് ഐറിസിൽനിന്ന് ടീം ഖത്തറിലേക്ക് പറന്നത്. അന്ന് മറഡോണ രാജ്യത്തെ എത്തിച്ച ഉയരങ്ങളിലേക്ക് ടീമിനെ നയിക്കാൻ താനുണ്ടെന്ന് ആ 35 കാരൻ ഉറപ്പുപറഞ്ഞപ്പോൾ പലരും വിശ്വസിക്കാൻ മടിച്ചു. ബ്രസീലും ഫ്രാൻസും പിന്നെ സ്പെയിനും ഇംഗ്ലണ്ടും നെതർലൻഡ്സും ജർമനിയും വരെ അണിനിരക്കുന്ന ലോക വേദിയിൽ ഏതറ്റം വരെയെന്ന കാത്തിരിപ്പായിരുന്നു.
സൗദിക്കെതിരെ ആദ്യ മത്സരം ടീം തോൽക്കുകകൂടി ചെയ്തതോടെ പ്രവചനക്കാരുടെ പട്ടികയിൽ ടീം പിന്നെയും പിറകിൽ നിന്നു.
എന്നാൽ, പഴംകഥകളെല്ലാം മാറ്റിനിർത്തി പുതുചരിതത്തിലേക്ക് അവിടെ യാത്ര തുടങ്ങിയ സ്കലോണിയുടെ കുട്ടികൾക്ക് പിന്നീടുള്ള ഓരോ നീക്കത്തിലും മെസ്സിസ്പർശമുണ്ടായിരുന്നു. അസാധ്യമായ ഡ്രിബ്ലിങ് മികവുമായി മൈതാനം നിറഞ്ഞ ലിയോ കളി ഓരോന്നും കഴിയുന്തോറും പ്രായത്തെ തോൽപിച്ച് കളം നിറഞ്ഞാടി. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും അടിപ്പിച്ചും വിജയം മാത്രം പരിചയിച്ച സൂപർമാനായി. ടീമിന് ഊർജം നിറച്ചുനൽകുന്ന അതിമാനുഷനായി.
ഒടുവിൽ ഫൈനലിൽ ഫ്രാൻസും എംബാപ്പെയും എതിരെ വന്നപ്പോൾ പിന്നെയും പ്രശ്നമാകുമെന്ന് തോന്നിച്ചെങ്കിലും കളി തുടക്കം മുതൽ തങ്ങളുടെതാക്കി ലിയോയും അർജന്റീനയും നയം വ്യക്തമാക്കി.
ആദ്യം ലീഡുപിടിച്ചവർക്ക് രണ്ടു മിനിറ്റിനിടെ രണ്ടു വട്ടം ഗോൾ വീണ് ഞെട്ടലായെങ്കിലും മെസ്സി തന്നെ രക്ഷകനായെത്തി. ഹാട്രിക് തികച്ച് എംബാപ്പെ അതിമാനുഷന്റെ റോളിൽ വീണ്ടും ഭീഷണി സൃഷ്ടിച്ചെങ്കിലും ഷൂട്ടൗട്ടിൽ മാർടിനെസിന്റെ ചിറകേറി അർജന്റീനയും മെസ്സിയും കിരീടത്തിൽ മുത്തമിട്ടു.
യൂറോപിലെ ഏറ്റവും മികച്ച കിരീടങ്ങൾ പലത് സ്വന്തം ഷോകേസിലുള്ള ഇതിഹാസത്തിന് എന്നേ അർഹിച്ചതായിരുന്നു ഈ ലോക കിരീടമെന്ന് സമ്മതിക്കാത്ത എതിരാളികൾ പോലുമുണ്ടാകില്ല. രണ്ടു പതിറ്റാണ്ടോളമായി ലോകം കൺപാർത്തുനിൽക്കുന്ന ആ കാലുകളിൽ കുരുങ്ങാതെ ഇതുമാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ലാറ്റിൻ അമേരിക്കയുടെ ഗ്ലാമർ കിരീടമായ കോപ്പ അമേരിക്കയും കഴിഞ്ഞ താവണ താരത്തിനൊപ്പം അർജന്റീനക്കു സ്വന്തമാക്കിയതാണ്.
ഖത്തർ മൈതാനങ്ങളിൽ മെസ്സി നേടിയത് ഏഴു ഗോളുകൾ. മൂന്നു അസിസ്റ്റുകൾ. എല്ലാറ്റിലും സ്വന്തം രാജ്യത്ത് ഏറ്റവും മികച്ചത്. മെക്സിക്കോക്കെതിരെ ഗ്രൂപ് ഘട്ടത്തിൽ നേടിയ ഗോളും ക്രൊയേഷ്യക്കെതിരെ നൽകിയ അസിസ്റ്റും മതി ഈ ലോകകപ്പിന്റെ താരമായി മെസ്സിയെ മുന്നിൽ നിർത്താൻ. ഗോൾവേട്ടയിൽ എംബാപ്പെ മുന്നിൽനിന്നപ്പോഴും പലവട്ടം മാൻ ഓഫ് ദി മാച്ചായി താരം ജയിച്ചുനിന്നു.
ഖത്തറിൽ കിരീടം സ്വന്തമാക്കി ടീം ആകാശങ്ങളേറിയ ദിനത്തിൽ വ്യക്തിഗത പുരസ്കാരങ്ങളേറെയും അർജന്റീനക്കൊപ്പം നിന്നു. എന്നാൽ, ഏറ്റവും മികച്ച താരം ഏതെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.