റൊസാരിയോയിൽ മെസ്സിയുടെ വസതി വളഞ്ഞ്, സ്നേഹാഭിവാദ്യമർപിച്ച് ആരാധകക്കൂട്ടം
text_fieldsമൂന്നര പതിറ്റാണ്ട് മുമ്പ് ഡീഗോ മറഡോണ സമ്മാനിച്ച ലോകകിരീടം വീണ്ടും നാട്ടിലെത്തിച്ച ഇതിഹാസ താരത്തോടുള്ള സ്നേഹവും കടപ്പാടും വിടാനാകാതെ അർജന്റീന. കനകകിരീടവുമായി തലസ്ഥാന നഗരത്തിലിറങ്ങിയ മെസ്സിപ്പടയെ കിലോമീറ്ററുകൾ നീളത്തിൽ കാത്തുനിന്ന ദശലക്ഷങ്ങൾ വേറിട്ട അനുഭവമായിരുന്നു. ബ്വേനസ് ഐറിസിലെ സ്വീകരണത്തിനു ശേഷം 185 മൈൽ അകലെ ജന്മനാടായ റൊസാരിയോയിലെ സ്വവസതിയിലേക്കു ഹെലികോപ്റ്ററിൽ മടങ്ങിയ മെസ്സിയെ കാത്ത് അവിടെയും വീടുവളഞ്ഞ് നൂറുകണക്കിന് പേർ എത്തി. അവർക്കായി താരത്തെ മുന്നിലിരുത്തി ഭാര്യ ആന്റണല്ല റോക്കുസോ വാഹനമോടിച്ച് സ്നേഹാഭിവാദ്യങ്ങൾ സ്വീകരിച്ചു. അർജന്റീനക്കൊപ്പം നമുക്കിനിയും കുതിക്കാം എന്ന് കൂടിനിന്നവർ ഒന്നിച്ച് മുദ്രാവാക്യം മുഴക്കി.
കഴിഞ്ഞ വർഷം കോപ അമേരിക്ക കിരീടം ചൂടിയ ടീം ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തറിൽ ചാമ്പ്യന്മാരായത്.
കരിയറിലേറെയും ബാഴ്സലോണയിൽ ചെലവഴിച്ച മെസ്സി റൊസാരിയോയിലാണ് ജനിച്ചത്. പട്ടണത്തിലെ നെവൽസ് ഓൾഡ് ബോയ്സിൽ കരിയറിന് തുടക്കം. 13 കാരനായിരിക്കെ 2001ൽ കുടുംബത്തിനൊപ്പം ബാഴ്സലോണയിലേക്ക് ചേക്കേറി. നീണ്ട രണ്ടു പതിറ്റാണ്ട് ക്ലബിനൊപ്പം കഴിഞ്ഞ ശേഷം അവിടംവിട്ട താരം പി.എസ്.ജി ജഴ്സിയിലാണ് കളിക്കുന്നതെങ്കിലും ഇടക്കിടെ ഇപ്പോഴും റൊസാരിയോയിലെത്തും. ജിം, സിനിമ തിയറ്റർ, ഭൂഗർഭ ഗാരാജ് തുടങ്ങി വിശാലമായ സൗകര്യങ്ങളോടെയുള്ളതാണ് പട്ടണത്തിലെ മെസ്സിയുടെ വസതി.
വലിയ ഇടവേളക്കുശേഷം വീണ്ടുകിട്ടിയ കിരീടനേട്ടത്തിന്റെ ആഘോഷം ഇപ്പോഴും അർജന്റീനയിൽ അവസാനിച്ചിട്ടില്ല. 50 ലക്ഷത്തോളം പേരായിരുന്നു തിരിച്ചെത്തിയ ടീമിനെ കാത്ത് തലസ്ഥാന നഗരത്തിലെത്തിയത്. താരങ്ങൾ സഞ്ചരിച്ച തുറന്ന വാഹനത്തിന് അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്ന ചിലർ പാലത്തിനു മുകളിൽനിന്ന് താഴേക്ക് ചാടിയതുൾപ്പെടെ സംഭവങ്ങളെ തുടർന്ന് പിന്നീട് ഈ യാത്ര നിർത്തി ഹെലികോപ്റ്ററിലേക്ക് ടീമിനെ മാറ്റിക്കയറ്റി.
ചൊവ്വാഴ്ച പുലർച്ചെയാണ് ടീം ഖത്തറിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്നങ്ങോട്ടായിരുന്നു മണിക്കൂറുകൾ നീണ്ട ആഘോഷം. സമാധാനപരമായിരുന്നു പലയിടത്തും ആഘോഷമെങ്കിലും ചിലയിടത്ത് സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.