മെസ്സി തന്നെ ഗോട്ട് എന്ന് ഗ്വാർഡിയോള; ആ തർക്കം തീർന്നിട്ടില്ലെന്ന് ഇനിയെസ്റ്റ
text_fieldsസോക്കർ ലോകമാമാങ്കം അവസാനിച്ച് യൂറോപിലുൾപ്പെടെ കളിമുറ്റങ്ങൾ വീണ്ടും സജീവമായതോടെ പതിവു ചർച്ചകളും തുടരുകയാണ് ലോകം. ഇപ്പോഴും കളംവിടാത്ത രണ്ട് ഇതിഹാസങ്ങളിൽ ആരാണ് കൂടുതൽ കേമൻ എന്നതാണ് ചർച്ചകളിലൊന്ന്. മെസ്സിക്കൊപ്പം നിൽക്കുന്നവർ ലോകകപ്പ് കഴിഞ്ഞതോടെ കൂടിയിട്ടുണ്ടെങ്കിൽ കരിയർ അവസാനത്തോടടുത്തുനിൽക്കുന്ന ക്രിസ്റ്റ്യാനോയെ തുണക്കുന്നവരുമേറെ.
എന്നാൽ, എക്കാലത്തെയും മികച്ച താരത്തെയാണ് നിങ്ങൾ തേടുന്നതെങ്കിൽ നിസ്സംശയം അത് മെസ്സി മാത്രമാണെന്ന് പറയുന്നു, മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള. 1986നു ശേഷം ഇത്തവണ അർജന്റീന വിശ്വകിരീടം മാറോടുചേർക്കുമ്പോൾ ടീമിന്റെ കരുത്തും കരുതലുമായി കളംനിറഞ്ഞത് മെസ്സിയായിരുന്നു. ഫൈനലിൽ മാത്രം രണ്ടു ഗോൾ നേടിയ താരം ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത് ടീമിന് ആത്മവിശ്വാസം നൽകുകയും ചെയ്തു. മറ്റനേകം കിരീടങ്ങൾ സ്വന്തമാക്കിയിട്ടും വിട്ടുനിന്ന ലോകകപ്പ് പട്ടം ഒടുവിൽ മാറോടുചേർത്തതിനു പിന്നാലെയായിരുന്നു മെസ്സി തന്നെ ഗോട്ട് എന്ന ക്ലോപിന്റെ പ്രഖ്യാപനം. ‘‘ഏവർക്കുമുണ്ടാകും അവരുടെ അഭിപ്രായം. എന്നാൽ, സംശയിക്കേണ്ട എക്കാലത്തെയും ഏറ്റവും മികച്ചവൻ അവൻ മാത്രമാണ്. അതു ഞാൻ പലവട്ടം പറഞ്ഞതാണ്. കഴിഞ്ഞ 50-70 വർഷങ്ങൾക്കിടെ മറ്റേതെങ്കിലും താരം ഇത്രയും ചെയ്തിട്ടുണ്ടാകുമെന്ന് കരുതാനാകില്ല’’- ക്ലോപ് പറഞ്ഞു. പെലെ, ഡി സ്റ്റെഫാനോ, മറഡോണ തുടങ്ങിയവരെ കണ്ടവർക്ക് അവർ തന്നെയാകണം മികച്ചവർ. എന്നാൽ, മെസ്സി ലോക കിരീടത്തിൽ മുത്തമിട്ടില്ലായിരുന്നെങ്കിൽ പോലും എന്റെ അഭിപ്രായം മാറില്ലായിരുന്നു’’- അദ്ദേഹം കൂട്ടിച്ചേർത്തു. 2008 മുതൽ 2012 വരെ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ക്ലോപ്. നാലു വർഷത്തിനിടെ മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഈ സമയം ടീം സ്വന്തമാക്കി.
അതേ സമയം, മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ എന്ന തർക്കം അവസാനിച്ചിട്ടില്ലെന്ന് ബാഴ്സയിൽ 10 വർഷം മെസ്സിയുടെ കളിക്കൂട്ടുകാരനായിരുന്ന ഇനിയെസ്റ്റ പറയുന്നു. ‘എനിക്ക്, കപ്പു നേടിയാലും ഇല്ലെങ്കിലും മെസ്സി തന്നെയാണ് ഏറ്റവും മികച്ചവൻ. എന്നാൽ, അല്ലെന്നു പറയുന്നവർക്കും അവരുടെ കാരണങ്ങളുണ്ടാകും. അവർ മുന്നിൽനിർത്തുന്നയാൾക്ക് കപ്പ് ലഭിച്ചാലും ഇല്ലെങ്കിലും’’- ഇനിയെസ്റ്റയുടെ വാക്കുകൾ ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.