ലവ് യൂ ലൂക്കാ...
text_fieldsദോഹ: 'മഗ്രിബി'യുടെ നാട്ടുകാരെ... ഈ ലോകകപ്പ് നിങ്ങളുടെ സ്വപ്നതുല്യമായ കുതിപ്പിൻെറ പേരിലാവും കാൽപന്തുകളിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രിയിൽ നടന്ന മൂന്നാം സ്ഥാനക്കാർക്കുള്ള േപ്ല ഓഫിൽ വീണുപോയെങ്കിലും നിങ്ങൾ കളിയാരാധകരുടെ മനസ്സുകളിൽ എന്നുമൊരു വികാരമായുണ്ടാവും. നാലു വർഷം മുമ്പ് റഷ്യയുടെ മണ്ണിൽ റണ്ണേഴ്സ് അപായി മടങ്ങിയ ക്രൊയേഷ്യക്ക് മുന്നിലായിരുന്നു ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന േപ്ല ഓഫിൽ 2-1ന് മൊറോക്കോ തോറ്റുപോയത്.
സ്കോർ ബോർഡിലെ ഫലത്തിൽ തോറ്റുവെങ്കിലും 22ാമത് ലോകകപ്പിൽ അതുല്യമായ കുതിപ്പിലൂടെ ആരാധക മനം കവർന്ന മൊറോക്കോ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ടിലും വമ്പന്മാരെ അട്ടിമറിച്ചായിരുന്നു ലോകകപ്പിൽ കുതിച്ചത്. ആദ്യ ബെൽജിയത്തെയും, പിന്നാലെ സ്പെയിൻ, പോർചുഗൽ ടീമുകളെയും വീഴ്ത്തി സെമിയിൽ ഫ്രാൻസിന് മുന്നിലെത്തി.
ആവേശകരമായ സെമിയിൽ നിലവിലെ ലോകചാമ്പ്യന്മാരെ വിറപ്പിച്ചുകൊണ്ടായിരുന്നു കുതിപ്പിന് അവസാനം കുറിച്ചത്. മൂന്നാം സ്ഥാനക്കാർക്കുള്ള അങ്കത്തിൽ ക്രൊയേഷ്യക്കെതിരെയും അതേ വീര്യത്തോടെ പൊരുതിയെങ്കിലും നിർഭാഗ്യം വില്ലനായതോടെ അഷ്റഫ് ഹകിമിയും ഹകിം സിയഷും ഉൾപ്പെടെയുള്ള സംഘം നാലാം സ്ഥാനക്കാർ എന്ന പട്ടവുമായി ഹൃദയം കവർന്ന് മടങ്ങുകയായി.
സല്യൂട്ട് മൊറോക്കോ
സൂഖ് വാഖിഫിലും മെട്രോ സ്റ്റേഷനുകളിലും ദോഹ കോർണിഷലും കഴിഞ്ഞ മൂന്നാഴ്ചയിലേറെ കാലമായി ആഘോഷമായി പെയ്തിറങ്ങിയ ചെമ്പടക്കാർക്ക് തലയുയർത്തി തന്നെ മടങ്ങാം. മെക്സികോയും അർജൻറീനയും ബ്രസീലും പോലെ ഖത്തറിൻെറ മൈതാനിയിലൂടെ ഏറ്റവും മികച്ചൊരു ആരാധക സംഘം എന്ന നിലയിൽ പേരെടുത്താണ് ദോഹയിൽ നിന്നും മൊറോക്കോകാർ മടങ്ങി തുടങ്ങുന്നത്. ടൂർണമെൻറിലെ ആദ്യ ദിനങ്ങളിൽ പ്രവചനക്കാരുടെ വിദൂര സാധ്യതയിൽ പോലുമില്ലായിരുന്നു മൊറോക്കോ.
അതുകൊണ്ട് തന്നെ തുടക്കത്തിൽ മറ്റു ആരാധകരെ പോലെ പരിമിതമായിരുന്നു അവരും. എന്നാൽ, ബെൽജിയത്തെയും കീഴടക്കി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതോടെ ഖത്തർ ലോകകപ്പിലെ കറുത്തകുതിരകളായി മൊറോക്കോ സടകുടഞ്ഞെഴുന്നേറ്റു. ടീമിൻെറ കുതിപ്പിനൊപ്പം ഗാലറിയിലേക്കും ആവേശക്കാഴ്ചയായി ആരാധകർ ഒഴുകിയെത്തി. അയ്യായിരത്തിൽ നിന്നും 20,000വും 30,000വും ആരാധകർ ഒഴുകിയെത്തിയതോടെ ഖത്തറിൻെറ ഗാലറികൾ ചുവപ്പണിഞ്ഞു.
ബ്രില്ല്യൻറ് ക്രോട്ട്സ്
കാൽപന്ത് മൈതാനിയിൽ ഏറെ ചരിതങ്ങൾ തീർത്ത പഴയ യൂഗോസ്ലാവ്യയുടെ പിന്മുറക്കാരായി ക്രൊയേഷ്യ എന്നപേരിൽ 1998ൽ ലോകകപ്പിൽ അരങ്ങേറിയവർ പതിവു തെറ്റിച്ചില്ല. ഡേവർ സൂകർ എന്ന ഇതിഹാസത്തിലൂടെ കളിയിൽ പേരെടുത്തവർ മൂന്നാം സ്ഥാനക്കാരായാണ് പാരീസിൽ നിന്നും മടങ്ങിയത്.
അതിൻെറ തുടർച്ചയായിരുന്നു നാലു വർഷം മുമ്പ് റഷ്യയിലെ ഫൈനൽ ഇടം. ഇത്തവണ വെറ്ററൻ ടീം എന്ന നിലയിൽ എഴുതി തള്ളിയെങ്കിലും ലൂകാ മോഡ്രിച്ചും ഇവാൻ പെരിസിചും ഒരു സംഘം യുവനിരയുമായി ഇതാ ഖത്തറിൽ നിന്നും മൂന്നാം സ്ഥാനക്കാരായി മടങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.