ലൂയിക്കത് നേടണം; സനയുടെ ഓർമകൾക്കു മുന്നിൽ സമർപ്പിക്കാൻ
text_fieldsദോഹ: മകൾ സനയായിരുന്നു ലൂയി എൻറിക്കിന്റെ വലിയ സന്തോഷം. എന്നാൽ, ജീവിതത്തിലെ ഏറ്റവും വലിയ പോർമുഖങ്ങളിലൊന്നിലേക്ക് പ്രവേശിക്കുമ്പോൾ അവളും ആ സന്തോഷവും ഇന്ന് സ്പാനിഷ് ദേശീയ ടീം കോച്ചിനൊപ്പമില്ല. മൂന്നുവർഷം മുമ്പ് ലൂയിയെയും ഭാര്യ യെലേന കല്ലെലിനെയും തോരാകണ്ണീരിലാഴ്ത്തിയാണ് ഒമ്പതാം വയസ്സിൽ കുഞ്ഞുസന ഓർമകളിലേക്ക് മറഞ്ഞത്.
അർബുദത്തോട് പൊരുതിയ അഞ്ചു മാസങ്ങൾക്കുശേഷം ലൂയിയുടെ സന്തോഷങ്ങളിൽനിന്ന്, ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് അവൾ പൊടുന്നനെ ഓടിമറയുകയായിരുന്നു. ദോഹയിലെ ലോകകപ്പിനെത്തുമ്പോൾ സനയുടെ ഓർമകൾ ലൂയിയെ കണ്ണീരണിയിക്കുന്നുണ്ട്. മകളുടെ ഓർമകൾക്കുമുമ്പിൽ സമർപ്പിക്കാൻ സ്പാനിഷ് കോച്ചിന് ലോകകിരീടത്തിന്റെ കനകത്തിളക്കം വേണം.
അതിനാൽ, മികച്ച ടീമിനൊപ്പം കിരീടത്തിലേക്ക് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറയുന്നു. 'നിന്നെ ഞങ്ങൾക്ക് വല്ലാതെ മിസ് ചെയ്യും. പക്ഷേ, നിന്നെ അത്രമേൽ ഓർക്കാത്ത ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തിലുണ്ടാകില്ലെന്ന് ഉറപ്പു തരുന്നു. ഒരിക്കൽ നമ്മൾ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലായിരിക്കും ഇനിയുള്ള നാളുകൾ. നീ നമ്മുടെ കുടുംബത്തെ നയിക്കുന്ന നക്ഷത്രമായിരിക്കും.' -2019 ആഗസ്റ്റിൽ സന വിട്ടുപിരിഞ്ഞപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ലൂയി എൻറിക്ക് എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു.
കഴിയുന്നത്ര സമയം പ്രിയപുത്രിയോടൊപ്പം ചെലവഴിക്കുകയെന്ന ഉദ്ദേശ്യവുമായി 2019 ജൂണിൽ സ്പെയിൻ പരീശീലകനെന്ന സ്ഥാനത്തുനിന്ന് താൽക്കാലികമായി ലൂയി പിൻവാങ്ങിയിരുന്നു. റോബർട്ടോ മൊറേനക്കായിരുന്നു ചുമതല. മകളുടെ വിയോഗശേഷം 2019 നവംബറിൽ ലൂയി വീണ്ടും പരിശീക സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. മുൻ ബാഴ്സലോണ കോച്ചായ അദ്ദേഹത്തിന് കീഴിലാണ് സ്‍പെയിൻ ലോകകപ്പിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.