''ആ പെനാൽറ്റി കളി മാറ്റിമറിച്ചു. അയാളൊരു ദുരന്തം''- അർജന്റീനക്കെതിരായ കളി നിയന്ത്രിച്ച റഫറിയെ പഴിച്ച് മോഡ്രിച്
text_fieldsഖത്തർ ലോകകപ്പിൽ റഫറിമാർ പഴി കേൾക്കുന്നത് പുതിയ സംഭവമല്ല. നെതർലൻഡ്സ്- അർജന്റീന മത്സരത്തിൽ 18 കാർഡുകൾ പുറത്തെടുത്ത് റെക്കോഡിട്ട റഫറിക്കെതിരെ രണ്ടു ടീമുകളും രംഗത്തുവന്നതിനു പിന്നാലെ അയാളെ ഫിഫ നാട്ടിലേക്കയച്ചിരുന്നു. മറ്റു മത്സരങ്ങളിലും റഫറീയിങ് പ്രകോപനമുണ്ടാക്കി.
ഏറ്റവുമൊടുവിൽ അർജന്റീന- ക്രൊയേഷ്യ മത്സരത്തിനൊടുവിലും റഫറിക്കെതിരെ വിമർശനവുമായി തോറ്റ ടീം എത്തി. ക്രൊയേഷ്യൻ നായകൻ ലൂക മോഡ്രിച് മാത്രമല്ല പരിശീലകനും കളി തോൽപിച്ചത് റഫറിയാണെന്ന് വിമർശനം ഉന്നയിച്ചു.
മെസ്സി ഗോളാക്കി മാറ്റിയ പെനാൽറ്റിയാണ് പ്രകോപനമായത്. ''ആ പെനാൽറ്റി വരെ ഞങ്ങൾ നന്നായി കളിച്ചുവരികയായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് അനുവദിക്കേണ്ടിയിരുന്നില്ല''- മോഡ്രിച് പറയുന്നു. ''റഫറിമാരെ കുറിച്ച് പൊതുവെ ഞാനൊന്നും പറയാറില്ല. ഇന്നുപക്ഷേ, അതു പറയാതിരിക്കാനാകില്ല. എനിക്കറിയാവുന്നവരിൽ ഏറ്റവും മോശം റഫറിമാരിലൊരാളാണയാൾ. ഇന്നു മാത്രം പറയുന്നതല്ല. എന്നാലും അർജന്റീനയെ പ്രശംസിക്കാതെ വയ്യ. അവർ അർഹിച്ച ജയം അവരിൽനിന്ന് തട്ടിയെടുക്കാനുമില്ല. ഫൈനലിലെത്താൻ അർഹതയുള്ളവരാണ് അവർ. എന്നാലും ആ പെനാൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു''-37കാരനായ വെറ്ററൻ താരം തുടർന്നു.
ഇറ്റലിക്കാരൻ റഫറി ഡാനിയൽ ഒർസാറ്റോയാണ് ഖത്തർ ലോകകപ്പിലെ ഒന്നാം സെമി നിയന്ത്രിച്ചിരുന്നത്. ഫൗളുകളേറെ പിറക്കാത്ത കളിയിൽ ഇതൊഴികെ റഫറിയുടെ നടപടികളെ ഇരുടീമും വിമർശിച്ചിരുന്നില്ല.
എന്നാൽ, ഗോളുറച്ച നീക്കം കാൽനീട്ടിയും ശരീരം വെച്ചും തടഞ്ഞിടുമ്പോൾ ഒർസാറ്റോക്ക് മുമ്പിൽ അതല്ലാതെ വഴിയുണ്ടായിരുന്നില്ല. പന്ത് മനോഹരമായി ഗോളിക്കു മുകളിലൂടെ മുന്നോട്ടുതള്ളിയായിരുന്നു അൽവാരസ് മുന്നോട്ടോടിയത്. ഏതുവിധേനയും ഗോളാകുമായിരുന്ന മുഹൂർത്തം. അപകടം മണത്ത വിലാകോവിച്ച് മറ്റൊന്നുമാലോചിക്കാതെ താരത്തെ വീഴ്ത്തി. വാർ പരിശോധന പോലും വേണ്ടാതെ റഫറി പെനാൽറ്റിയിലേക്ക് വിസിൽ മുഴക്കുകയും ചെയ്തു. കിക്കെടുത്ത മെസ്സി വേഗവും ഉയരവും പാലിച്ച് പായിച്ച ഷോട്ട് പറന്നുചാടിയ ഗോളിക്കു മുകളിലൂടെ വലയിൽ.
പിന്നീടൊന്നും ക്രൊയേഷ്യക്ക് ശരിയായില്ല. മിനിറ്റുകൾക്കിടെ അവർ രണ്ടാം ഗോളും വഴങ്ങി.
ആ പെനാൽറ്റിയാണ് തങ്ങൾക്ക് അവസരം നിഷേധിച്ചതെന്നും മഹാദുരന്തമായിരുന്നു റഫറിയെന്നും ക്രൊയേഷ്യൻ കോച്ചും പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.