ലൂക്കയോ ലിയോയോ
text_fieldsദോഹ: കളികണ്ട മഹാപ്രതിഭക്ക് കനകക്കിരീടത്തിലേക്കിനി രണ്ടേ രണ്ടു ചുവടുകൂടി. ഖത്തറിന്റെ പ്രശോഭിതമായ മണ്ണ് ലയണൽ മെസ്സിയെ കലാശക്കളിയിലേക്ക് എടുത്തുയർത്തുമോ എന്ന ചോദ്യത്തിന് ലുസൈൽ സ്റ്റേഡിയം ചൊവ്വാഴ്ച ഉത്തരം നൽകും. കണക്കുകൂട്ടലുകൾ കാറ്റിൽ പറത്തിയ ക്രൊയേഷ്യൻ പോരാട്ടവീര്യത്തിന്, വർധിത കരുത്തോടെ ആഞ്ഞുകയറുന്ന അർജൻറീനയെ പിടിച്ചുകെട്ടാനാവുമോ? ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ സെമിഫൈനലിന് വിസിൽ മുഴങ്ങുന്നത് ഈ ആകാംക്ഷയിലേക്കാണ്.
ലയണൽ മെസ്സിയുടെ മാന്ത്രിക ചുവടുകളെലൂക്കാ മോഡ്രിച്ചിന്റെ മിഡ്ഫീൽഡ് മേധാവിത്വത്തിൽ തടയുകയെന്ന അജണ്ടയുമായാണ് ക്രൊയേഷ്യ കച്ചമുറുക്കുന്നത്. ഡിഫൻസിവ് ഫുട്ബാളിന്റെ ശാസ്ത്രീയ നീക്കങ്ങളാൽ തെക്കനമേരിക്കൻ കളിയഴകിനെ വരച്ചവരയിൽ നിർത്താൻ കഴിയുമെന്ന് ക്വാർട്ടർ ഫൈനലിൽ അവർ തെളിയിച്ചുകാട്ടിയിട്ടുണ്ട്.അതുവഴി ബ്രസീലെന്ന വന്മരത്തെ കടപുഴക്കിയാണ് ക്രോട്ടുകൾ ലുസൈലിലേക്കുള്ള ബസ് കയറുന്നത്. കഴിഞ്ഞ മൂന്നു ലോകകപ്പിനിടെ രണ്ടാമത്തെ ഫൈനൽ പ്രവേശത്തിലേക്ക് അർജന്റീന ഉറ്റുനോക്കുമ്പോൾ തുടർച്ചയായ രണ്ടാം തവണയും കലാശക്കളിയിലെത്തുകയാണ് ക്രൊയേഷ്യയുടെ ഉന്നം.
ഖത്തറിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത യൂറോപ്യൻ സംഘത്തെ ഒരുതരത്തിലും അണ്ടർ എസ്റ്റിമേറ്റ് ചെയ്തായിരിക്കില്ല ലയണൽ സ്കലോണി തന്ത്രങ്ങൾ മെനയുന്നത്. പഴുതടച്ചുകെട്ടുന്ന ഏതു കോട്ടയിലും തന്റെ അസാമാന്യ പന്തടക്കവും കൗശലവും വഴി മെസ്സി വിള്ളൽ വീഴ്ത്തുമെന്നത് നെതർലൻഡ്സിനെതിരെ ഒരു പാസിൽ തെളിഞ്ഞ സാഹചര്യത്തിൽ ക്രൊയേഷ്യ കൂടുതൽ ജാഗരൂകരാകും.
ഖത്തറിൽ ബ്രസീൽ-അർജന്റീന സ്വപ്ന സെമി പ്രതീക്ഷിച്ച ലോക ഫുട്ബാളിനെ ഡൊമിനിക് ലിവാകോവിച്ചിന്റെ മുഴുനീള ഡൈവിങ്ങിൽ അതിശയിപ്പിച്ചാണ് ക്രൊയേഷ്യ ചിത്രം മാറ്റിയെഴുതിയത്. 20 വർഷമായി യൂറോപ്പിന്റെ വാഴ്ച കണ്ടുകൊണ്ടിരിക്കുന്ന ലോകകപ്പിൽ തെക്കനമേരിക്കയുടെ പ്രൗഢി തിരിച്ചുപിടിക്കുകയെന്ന ദൗത്യം അർജന്റീനയിൽ അവശേഷിക്കുകയാണ്.
'മെസ്സിക്കു മാത്രമായി 'പ്രത്യേക പദ്ധതി'കളില്ല'
മെസ്സിയെ മാത്രമായി മാർക്ക് ചെയ്യാനല്ല തങ്ങളുടെ പദ്ധതിയെന്നും അർജന്റീന ടീമിന്റെ കരുനീക്കങ്ങളെ മുഴുവനായും തടയുകയെന്നതാണ് ലക്ഷ്യമെന്നും ക്രൊയേഷ്യൻ സ്ട്രൈക്കർ ബ്രൂണോ പെറ്റ്കോവിച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 'അർജന്റീനയെന്നാൽ മെസ്സി മാത്രമല്ല, ഒരുപാട് മഹത്തായ കളിക്കാർ അവർക്കൊപ്പമുണ്ട്. അവരെ ഒന്നാകെ പിടിച്ചുനിർത്തുകയാണ് ഉന്നം'.
എന്നാൽ, നെതർലൻഡ്സും ഇതിന് സമാനമായ പ്രസ്താവനകളാണ് നടത്തിയിരുന്നത്. ശേഷം കളത്തിൽ മൂന്നുപേരെ മെസ്സിയെ മാർക്ക് ചെയ്യാൻ മാത്രമായി ഡച്ച് കോച്ച് ലൂയി വാൻ ഗാൽ നിയോഗിച്ചിരുന്നു. ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദാലിച്ചും ഈ വഴിതന്നെ പിന്തുടരും. പരിക്കുമാറി ബോർന സോസയും മിസ്‍ലാവ് ഓർസിച്ചുമെത്തുന്നതോടെ പൂർണമായും ഫിറ്റ്നസ് ആർജിച്ച ടീമാകും ക്രൊയേഷ്യ. സോസ പ്ലേയിങ് ഇലവനിൽ പ്രതിരോധ നീക്കങ്ങളുടെ ഭാഗമാകും.
അക്യൂനയും മോണ്ടിയലും പുറത്ത്
മഞ്ഞക്കാർഡുകളുടെ മഹാപ്രളയം കണ്ടതായിരുന്നു അർജന്റീന-നെതർലൻഡ്സ് ക്വാർട്ടർ മത്സരം. ക്യാപ്റ്റൻ ലയണൽ മെസ്സിയടക്കം ഒമ്പത് അർജന്റീന കളിക്കാർ ഈ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടിരുന്നു. ഇതിൽ ഉൾപെട്ട മാർകോസ് അക്യൂനക്കും ഗോൺസാലോ മോണ്ടിയലിനും സെമിയിൽ സസ്‍പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വരും. ഫൗളുകളും കൈയാങ്കളികളും കണ്ട ക്വാർട്ടർ ഫൈനലിൽ കളിക്കാർക്കൊന്നും പരിക്കേറ്റില്ലെന്നത് അർജന്റീനൻ കോച്ച് ലയണൽ സ്കലോണിക്ക് ആശ്വാസം പകരും.
പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിരുന്ന അക്യൂനക്ക് പകരം ഇടതുവിങ് ബാക്കായി നികോളാസ് ടാഗ്ലിയാഫികോ സ്റ്റാർട്ടിങ് ലൈനപ്പിലെത്തും. വലതു വിങ്ങിൽ മാനുവൽ മൊളീന തുടരും. ക്രൊയേഷ്യൻ മിഡ്ഫീൽഡിൽ തേരുതെളിക്കുന്ന മോഡ്രിച്ചിന് തടയിടുകയെന്നതാവും സെൻട്രൽ ഡിഫൻസിൽ നികോളാസ് ഒടാമെൻഡിയും ക്രിസ്ത്യൻ റൊമേറോയും നേരിടുന്ന പ്രധാന വെല്ലുവിളി.
ക്രൊയേഷ്യക്കെതിരെ ഏയ്ഞ്ചൽ ഡി മരിയ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും. പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് താരം ആക്രമണം നയിക്കാൻ സജ്ജനാണ്. നെതർലൻഡ്സിനെതിരെ ഡി മരിയ ബെഞ്ചിലിരുന്നപ്പോൾ ലിസാൻഡ്രോ മാർട്ടിനെസിനെക്കൂടി കളത്തിലിറക്കി പിൻനിരയിൽ അഞ്ചുപേരുടെ പ്രതിരോധമൊരുക്കിയിരുന്നു സ്കലോണി. അത് വീണ്ടും നാലിലേക്ക് മാറും.
പേടിക്കരുത്, ഗോൾ വഴങ്ങിയാൽ..
എതിരാളികൾ ഗോൾ നേടുമ്പോൾ ആധിയിലാണ്ടുപോകുന്നതാണ് അർജന്റീന ഈ ലോകകപ്പിൽ നേരിടുന്ന പ്രധാന പ്രശ്നം. സൗദിക്കും ആസ്ട്രേലിയക്കും ഏറ്റവുമൊടുവിൽ നെതർലൻഡ്സിനെതിരെയും അതു കണ്ടു. രണ്ടുഗോൾ ലീഡ് നേടിയിട്ടും കൈവിട്ടുപോകുന്നതടക്കം ഗൗരവമായി കണ്ട് പഴുതടക്കാനാണ് ടീമിന്റെ ഉന്നം. ഡച്ചുകാർ ഉന്നമിട്ടതുപോലെ ഉയരക്കൂടുതൽ ആനുകൂല്യമാക്കി ഹൈബാളുകളെ ആശ്രയിക്കുകയും സെറ്റ് പീസുകൾ നേടിയെടുക്കുകയുമൊക്കെയാവും പ്രത്യാക്രമണങ്ങളിൽ ക്രൊയേഷ്യയുടെ പരിഗണനയേറെയും.
പട നയിക്കാൻ മോഡ്രിച്ച്
37ാം വയസ്സിലും മോഡ്രിച്ചുണ്ട് കരുക്കൾ നീക്കാൻ. ആക്രമണനീക്കങ്ങളുമായി ഇവാൻ പെരിസിച്ചും ആന്ദ്രേ ക്രമാരിച്ചും. കരുത്തരായ ബ്രസീലിനെ ക്വാർട്ടറിൽ മലയർത്തിയടിക്കാൻ എക്സ്ട്രാടൈമിൽ കളിയുടെ 117-ാം മിനിറ്റിൽ സമനിലഗോളിലേക്ക് വെടിപൊട്ടിച്ച ബ്രൂണോ പെറ്റ്കോവിച്ച് പകരക്കാരന്റെ റോളിലായിരിക്കും. മധ്യനിരയിൽ ലൂക്കയുടെ ഇടംവലം മാറ്റിയോ കൊവാസിച്ചും മാർസലോ ബ്രൊസോവിച്ചും.
ദൊമാഗോ വിദയും ദെയാൻ ലോവ്റനും നയിക്കുന്ന പ്രതിരോധത്തിന് മെസ്സിയെ പൂട്ടുകയെന്ന ഭഗീരഥ യത്നമാണുള്ളത്. ബ്രസീലിനെതിരെ ഷൂട്ടൗട്ടിൽ ടീമിനെ ജയത്തിലേക്ക് നയിച്ച ഡാമിയൻ ലിവാകോവിച്ചിന്റെ സാന്നിധ്യവും. പ്രവചനങ്ങളിലും വാതുവെപ്പിലും അർജന്റീനക്ക് മുൻതൂക്കമുണ്ടെങ്കിലും ക്രൊയേഷ്യയുടെ ഡിഫൻസിവ് സ്ട്രാറ്റജിയെ എഴുതിത്തള്ളാനാവില്ല.
ചരിത്രത്തിൽ ഒപ്പത്തിനൊപ്പം
ഇരുടീമും മുമ്പ് അഞ്ചുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുവീതം ജയവും ഒരു സമനിലയുമായിരുന്നു ഫലം. 1994ൽ ആദ്യ മത്സരം സമനിലയിൽ. നാലു വർഷത്തിനുശേഷം ലോകകപ്പിൽ മൗറിഷ്യോ പിനേഡയുടെ ഗോളിൽ അർജന്റീനക്ക് 1-0 ജയം. 2006ലെ സൗഹൃദ മത്സരത്തിൽ അവസാനനിമിഷ ഗോളിൽ 3-2ന് ജയം ക്രൊയേഷ്യക്കൊപ്പം. 2014 ലോകകപ്പിൽ 2-1ന് അർജന്റീന ജയിച്ചു. നാലു വർഷത്തിനുശേഷം റഷ്യയിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയവുമായി ക്രോട്ടുകൾ കണക്കുതീർത്തു.
സാധ്യതാ ടീമുകൾ
അർജന്റീന: എമിലിയാനോ, മൊളീന, റൊമേറോ, ഒടാമെൻഡി, ടാഗ്ലിയാഫികോ, എൻസോ, ഡി പോൾ, മക് അലിസ്റ്റർ, ഡി മരിയ, മെസ്സി, ആൽവാരസ്.ക്രൊയേഷ്യ: ലിവാകോവിച്ച്, ജുറാനോവിച്, ഗ്വാർഡിയോൾ, ലോവ്റൻ, സോസ, മോഡ്രിച്ച്, ബ്രൊസോവിച്ച്, പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.