മലയാളി സമ്മേളനം: വനിതാ ചർച്ചാ സദസ്സ്
text_fieldsദോഹ: ഖത്തർ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി ‘സ്ത്രീ പ്രവാസം - കയ്പും മധുരവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഐ.സി.സി കാഞ്ചാണി ഹാളിൽ വനിതകൾക്കായി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഖത്തറിൽ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികളായ 25ഓളം വനിതകൾ ചർച്ചാ സദസ്സിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. വനിതാ പ്രവാസത്തിലെ വിവിധ അവസരങ്ങളും പ്രതിസന്ധികളും വിശദമായ ചർച്ചക്ക് വിധേയമായി.
പ്രവാസി എന്ന നിലയിൽ നമുക്ക് അന്യം നിന്നുപോയ സാമൂഹിക ജീവിതം ഇവിടെ സാധ്യമാക്കുന്നതിൽ വനിതാ സംഘടനകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സദസ്സ് നിരീക്ഷിച്ചു. പല മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതാ സംഘടനകൾ പ്രവാസി സ്ത്രീകളുടെ നന്മക്കുവേണ്ടി പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നത് കൂടുതൽ ഉത്തമമായിരിക്കുമെന്ന അഭിപ്രായം ഉയർന്നുവന്നു.
വനിതാ ഗാർഹിക തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചാ വിഷയമായി.
പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗാം, കുറഞ്ഞ വേതനക്കാരായ പ്രവാസികളുടെ പുനരധിവാസ പദ്ധതി, തൊഴിൽ നൈപുണ്യ വികസന പദ്ധതി തുടങ്ങിയവയുടെ ആവശ്യകത ചർച്ചാ സദസ്സ് ചൂണ്ടിക്കാട്ടി. കുറഞ്ഞ വേതനം, സാമൂഹിക പിന്തുണയുടെ അഭാവം, നിയമ സംവിധാനങ്ങളെ ക്കുറിച്ചുള്ള അവബോധമില്ലായ്മ, നൈപുണ്യ വികസന പരിശീലനത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങൾ ഗാർഹിക തൊഴിലാളികളുടെ ചൂഷണത്തിന് കാരണമാകുന്നു. ചൂഷണം ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികളെ കണ്ടെത്താനും ഐ.സി.ബി.എഫ് നേതൃത്വവുമായി ബന്ധപ്പെടുത്താനും കമ്യൂണിറ്റി ലിങ്ക് ആയി പ്രവർത്തിക്കാൻ വിവിധ വനിതാ സംഘടനകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും ചർച്ചാ സദസ്സ് നിരീക്ഷിച്ചു.
ജാസ്മിൻ നസീർ സ്വാഗതം പറഞ്ഞു. കുടുംബസംഗമത്തിൽ ചെയർപേഴ്സൻ സറീന അഹദ് അധ്യക്ഷത വഹിച്ചു. ജസീല നാസർ വിഷയാവതരണവും ബുഷ്റ ഷമീർ നന്ദിയും പറഞ്ഞു.
മലയാളി സമ്മേളനം കുടുംബ സംഗമം പ്രോഗ്രാം പ്രതിനിധികളായ ജാസ്മിൻ നൗഷാദ്, തൗഹീദ റഷീദ്, ഷംല നൗഫൽ, നിജാന എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷർമിൻ ഷാഹുൽ, വാഹിദ ഷാനവാസ് എന്നിവരും ചേർന്ന് പരിപാടി നിയന്ത്രിച്ചു.
നവംബർ 17നാണ് ‘കാത്തുവെക്കാം സൗഹൃദതീരം’ എന്ന പ്രമേയത്തിൽ എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് ദോഹ വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.