ഖത്തറിന് മലയാളത്തിന്റെ സ്നേഹ ബൂട്ട്
text_fieldsഹയാ ഖത്തർ. അവർ വിളിക്കുന്നു. ഫുട്ബാളിന്റെ ലോകമഹാമേളക്കായി 4 വർഷത്തെ കാത്തിരിപ്പിന് ഇന്നേക്ക് 4ാം നാളൊരു ലോങ് വിസിലോടെ വിരാമമാവുകയാണ്. ഭൂമിയുടെ 4 ദിക്കുകളിൽനിന്നും എത്തുന്ന 32 ടീമുകൾ 4 എണ്ണം വെച്ച് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പന്തിന് പിന്നാലെ പോരിനിറങ്ങുന്നു.
ദോഹ: ബൂട്ടും പന്തും ഗോളും മാത്രമാണ് ഇനിയുള്ള നാളിൽ ഖത്തറിൽനിന്നുള്ള വലിയ വിശേഷങ്ങൾ. ലയണൽ മെസ്സിയും നെയ്മറും എംബാപ്പെയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെത്തി ഗോളടിച്ചുകൂട്ടുംമുമ്പേ ഖത്തറിന്റെ മണ്ണിലെത്തിയ ഒരു ബൂട്ടാണ് ഇപ്പോഴത്തെ താരം. ഏഴടി ഉയരത്തിൽ 500 കിലോയിലേറെ ഭാരവുമായി കതാറ സാംസ്കാരികകേന്ദ്രത്തിൽ തലയുയർത്തി നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ബൂട്ട്, ഇനി ലോകകപ്പിനെത്തുന്ന കാണികൾക്കും അപൂർവമായൊരു വിരുന്നായി മാറും.
കേരളത്തിൽ നിർമാണം പൂർത്തിയാക്കി ദോഹയിലെത്തിച്ച ബൂട്ട് കഴിഞ്ഞ ദിവസം രാത്രി നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പൊതുജനങ്ങൾക്ക് സമർപ്പിച്ചു. ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്ന ഖത്തറിന് ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യക്കാരുടെ സ്നേഹ സമ്മാനമായാണ് ബൂട്ട് തയാറാക്കി സ്ഥാപിച്ചത്. കതാറ പബ്ലിക് ഡിേപ്ലാമസിയുമായി സഹകരിച്ച് പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷനൽ ഖത്തർ ആണ് കൂറ്റൻ ബൂട്ട് ദോഹയിലെത്തിച്ചത്.
ഗിന്നസ് വേൾഡ് റെക്കോഡ് ഉടമയും ക്യുറേറ്ററുമായ ആർട്ടിസ്റ്റ് എം. ദിലീഫാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്. ലെതർ, ഫൈബർ, റെക്സിൻ, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവയാൽ നിർമിച്ച ബിഗ് ബൂട്ടിനു 17 അടി നീളവും ഏഴ് അടി ഉയരവുമുണ്ട്. ബൂട്ട് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതോടെ കതാറയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രവുമായി മാറി.
ഇന്ത്യയിൽ നിർമിച്ച ബൂട്ടിന്റെ ഡിസൈൻ ജോലികൾ ഖത്തറിലാണ് പൂർത്തീകരിച്ചത്. ജൂണിൽ തുടങ്ങിയ നിർമാണം നാലു മാസംകൊണ്ടാണ് പൂർത്തിയായത്. തുടർന്ന്, റോഡുമാർഗം മുംബൈയിലെത്തിച്ചശേഷം, കപ്പലിൽ കയറ്റി ലോകകപ്പിന്റെ മണ്ണിലെത്തിച്ചു.
പിന്നെ, പ്രവാസി മലയാളികളും ഖത്തരികളും ഏറ്റെടുത്ത ബൂട്ട് പ്രകാശന ചടങ്ങുകൾ ലോകകപ്പിനുള്ള ഇന്ത്യക്കാരുടെ ഐക്യദാർഢ്യമായി മാറി. ഇന്ത്യൻ എംബസി, അപെക്സ് സംഘടനകൾ, വിവിധ കമ്യൂണിറ്റി കൂട്ടായ്മകൾ എന്നിവരും സഹകരിച്ച ചടങ്ങിനെ ഖത്തർ സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തു.
കതാറ പബ്ലിക് ഡിപ്ലോമസി സി.ഇ.ഒ ദാർവിഷ് അഹ്‌മദ് അൽ ഷെബാനി, ഇന്ത്യൻ കൾചറൽ സെൻറർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ക്യുറേറ്റർ എം. ദിലീഫ്, ഫോക്കസ് ഇൻറർനാഷനൽ സി.ഇ.ഒ ഷമീർ വലിയവീട്ടിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. ചടങ്ങിനു മുന്നോടിയായി ഇന്ത്യൻ കൾചറൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുത്ത വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.