സമുറായീസിന്റെ 'മായാ' കരുത്ത്
text_fieldsദോഹ: കിരീടപ്രതീക്ഷകളുമായെത്തിയ മുൻചാമ്പ്യന്മാരായ ജർമനി, സ്പെയിൻ എന്നിവരെ മലർത്തിയടിച്ച്് അവസാന 16ലേക്ക് ബ്ലൂ സാമുറായീസ് ടിക്കറ്റുറപ്പിക്കുമ്പോൾ അവരെ മുന്നിൽ നിന്നും പിന്നിൽ നിന്നും നയിച്ച ഒരു പ്രതിരോധഭടനുണ്ട്. പേര് മായ യോഷിദ. ജപ്പാൻ പ്രതിരോധനിരയിലെ ഏറ്റവും ശക്തനും പരിചയസമ്പന്നനു മായ യോഷിദയുടെ അന്താരാഷട്ര കരിയറിലെ ഒരുപക്ഷേ അവസാന ടൂർണമെൻറ് കൂടിയായിരിക്കും ഖത്തർ ലോകകപ്പ് ഫുട്ബോൾ.
മായ യോഷിദ എന്ന പേരിന് പിന്നിൽ താരത്തിെൻറ അമ്മയുടെ നിശ്ചയദാർഢ്യത്തിെൻറ അമ്പരപ്പിക്കുന്ന ഒരു കഥയുണ്ട്. ജപ്പാനിൽ സാധാരണയായി പെൺകുട്ടികളെ വിളിക്കുന്ന പേരാണ് മായ. മകളാണ് ജനിക്കുകയെന്നും മൂന്നാമത്തെ കുഞ്ഞിന് മായ എന്ന് പേരിടണമെന്നും അമ്മ നിശ്ചയിച്ചു. എന്നാൽ വീണ്ടും ആൺകുഞ്ഞിനെയായിരിക്കും പ്രസവിക്കുകയെന്നറിഞ്ഞിട്ടും ആ അമ്മ മായ എന്ന പേര് ഉപേക്ഷിച്ചില്ല എന്ന് മാത്രമല്ല, മകൻ ജനിച്ചപ്പോൾ മായ എന്ന് ചേർത്ത് വിളിക്കുകയും ചെയ്തു. അവനാണ് ഇന്ന് ജപ്പാൻ ടീമിെൻറ പ്രതിരോധനിരയിലെ വിശ്വസ്തനായ മായ യോഷിദ.
സാമുറായീസ് പ്രതിരോധത്തിലെ അനിഷേധ്യനായ ആണിക്കല്ലായി ഒരു പതിറ്റാണ്ടിലേറെ കളിക്കുന്ന ഈ 34കാരൻ 120ലധികം മത്സരങ്ങളിൽ ജപ്പാന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണ് വേണ്ടി എട്ട് വർഷത്തോളം ബൂട്ട് കെട്ടിയ യോഷിദ സ്ഥിരം യു.കെ റെസിഡൻസി കരസ്ഥമാക്കിയിട്ടുണ്ട്. താനിപ്പോൾ 25 ശതമാനം ഇംഗ്ലീഷുകാരനാണെന്ന് യോഷിദ പലപ്പോഴും തമാശരൂപേണ പറയാറുണ്ട്. നിലവിൽ 2022 മുതൽ ജർമൻ ബുണ്ടസ്ലിഗയിൽ ഷാൽക്കെ 04 ആണ് യോഷിദയുടെ തട്ടകം.
ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയയിൽ നിന്നും ഷാൽക്കേയിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ച് ഇറ്റാലിയൻ റിപ്പോർട്ടറും ട്രാൻസ്ഫർ മാർക്കറ്റ് സംബന്ധിച്ച് അഗ്രഗണ്യനുമായ ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റിനെതിരെ യോഷിദയുടെ പ്രതികരണം രസകരമായിരുന്നു. 'ഇയാൾ ഒരു സംഭവം തന്നെയാണ്. എെൻറ ട്രാൻസ്ഫറിനെക്കുറിച്ച് എെൻറ ഭാര്യക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് ഷാൽക്കെയിലേക്കുള്ള കൂടുമാറ്റത്തിൽ പത്രക്കാരോടുള്ള യോഷിദയുടെ പ്രതികരണം.
ജപ്പാൻ ദേശീയ ടീമിലെ ഏറ്റവും മികച്ച പ്രതിരോധ താരമാരെന്ന ചോദ്യത്തിന് സംശയത്തിനിടം നൽകാതെ തന്നെ പറായൻ കഴിയുന്ന പേരാണ് മായ യോഷിദ. യോഷിദയുടെ സൗഹൃദം പേര് കേട്ടതാണ്. സതാംപ്ടൺ പോഡ്കാസ്റ്റിെൻറ അവതാരകനായ ജോൺ ബെയ്ലി ഒരിക്കൽ പറഞ്ഞത്, ഏത് താരത്തിനൊപ്പമിരുന്ന് മദ്യപിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് േശ്രാതാക്കളോട് ചോദിച്ചപ്പോൾ അതിൽ മുന്നിലെത്തിയത് യോഷിദയായിരുന്നു.
ജന്മനാട്ടിൽ ഏറെ ആദരവ് ലഭിക്കുന്ന താരമായ യോഷിദ, 2018ലാണ് ജപ്പാെൻറ കപ്പിത്താൻ പട്ടം അണിഞ്ഞ് തുടങ്ങിയത്. 2018 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായതിന് ശേഷം മുൻതാരം മകാതോ ഹസെബെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചപ്പോൾ നേതൃത്വമേറ്റെടുക്കേണ്ടി വന്നവൻ. യോഷിദയുടെ ക്യാപ്റ്റൻസിയിൽ വലിയ പരാജയങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ ജൂണിൽ കിരിൻ കപ്പിൽ തുനീഷ്യയോടേറ്റ 3-0 തോൽവി അദ്ദേഹത്തിെൻറ മോശം സമയങ്ങളിലൊന്നായി കണക്കാക്കുന്നുണ്ട്.
1998ൽ ലോകകപ്പിൽ അരങ്ങേറ്റം നടത്തിയ ജപ്പാൻ, 2002, 2010, 2018 വർഷങ്ങളിലായി മൂന്ന് തവണയും അവസാന 16ൽ കാലിടറിയപ്പോൾ ഖത്തറിൽ ആ പതിവ് തിരുത്താനാകുമെന്ന പ്രതീക്ഷയിലാണദ്ദേഹം. റഷ്യയിൽ പ്രീ ക്വാർട്ടറിൽ അന്നത്തെ സെമി ഫൈനലിസ്റ്റുകളായ ബെൽജിയത്തിനെതിരെ ആദ്യപകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ജപ്പാൻ കീഴടങ്ങിയത്.
എനിക്ക് അവസാന 16 കടമ്പ കടക്കാനും ജപ്പാൻ കായിക ചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നതായി നേരത്തെ ക്യോഡോ വാർത്താ ഏജൻസിയോട് യോഷിദ പറഞ്ഞിരുന്നു. ഡിസംബർ അഞ്ചിന് വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ച് നിലവിലെ ഫൈനലിസ്റ്റുകളായ െക്രായേഷ്യയെയാണ് ജപ്പാൻ പ്രീ ക്വാർട്ടറിൽ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.