എംബാപ്പെ Vs ഇംഗ്ലണ്ട്
text_fieldsദോഹ: ഒന്നുറപ്പു പറയാം. ഈ കളി ഒരിക്കലും ഏകപക്ഷീയമാവില്ല. അൽ ബെയ്ത്തിലെ കൂടാരക്കീഴിൽ ഖത്തറിലെ അവസാന ക്വാർട്ടർ ഫൈനൽ കളിച്ചുതീരുന്നത് ആവേശക്കാഴ്ചകളിലേക്കുതന്നെയാവും. ഈ ലോകകപ്പിൽ ആക്രമണ ഫുട്ബാളിന്റെ വശ്യമുഹൂർത്തങ്ങൾ കാഴ്ചവെക്കുന്ന ഫ്രാൻസും ഇംഗ്ലണ്ടുമാണ് ഇരുധ്രുവങ്ങളിൽ കുപ്പായമിട്ടിറങ്ങുന്നത്. കൊണ്ടും കൊടുത്തും കളി കുതിക്കുമ്പോൾ ആരു ജയിക്കുമെന്ന മുൻകൂർ പ്രവചനങ്ങൾക്ക് പ്രസക്തിയില്ലാതെ പോകും. ത്രസിപ്പിക്കുന്ന ഈ പോരാട്ടത്തിൽ ആരും ജയിക്കാം.
അറുപത് വർഷം നീണ്ട ഇടവേളക്കുശേഷം തുടരെ രണ്ടാം തവണ കിരീടം നേടുന്ന ആദ്യ ടീമാകാൻ കോപ്പുകൂട്ടുകയാണ് ഫ്രാൻസ്. 1962ൽ ബ്രസീൽ ആ നേട്ടം കൈവരിച്ചശേഷം പിന്നീടിങ്ങോട്ട് കിരീടം കാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഒരു മേജർ ടൂർണമെന്റിന്റെ പോർക്കളത്തിൽ ഇരുടീമും നേരങ്കം കുറിക്കുന്നതും ഇതാദ്യം.
'തടയാമെങ്കിൽ തടഞ്ഞോളൂ...'
ഫ്രാൻസിന്റെ നാലു മത്സരങ്ങളിൽ അഞ്ചു ഗോളുകളുമായി ഗോൾവേട്ടക്കാരിൽ മുമ്പനാണിപ്പോൾ കിലിയൻ എംബാപ്പെ. ഫ്രഞ്ച് ടീമംഗം യൂസുഫ് ഫൊഫാന ഇംഗ്ലണ്ട് ഡിഫൻഡർ കെയ്ൽ വാക്കറിന് എല്ലാ ഭാവുകവും നേരുന്നത് 'പിടിച്ചുകെട്ടാനാവുമെങ്കിൽ എംബാപ്പെയെ പിടിച്ചുകെട്ടിക്കോളൂ' എന്നാണ്. പി.എസ്.ജി താരത്തെ ഏതുവിധം തടഞ്ഞുനിർത്താൻ കഴിയുമെന്നത് ഫ്രഞ്ച് ലീഗ് വണ്ണിൽ ബാക്കി 19 ടീമുകളും ഉറ്റുനോക്കുകയാണെന്നും ഫൊഫാന പറയുന്നു. എംബാപ്പെക്ക് 'ചുവപ്പുപരവതാനി വിരിക്കാൻ' തനിക്ക് പദ്ധതികളില്ലെന്ന് വാക്കർ കഴിഞ്ഞ ദിവസം പറഞ്ഞതിനെ ട്രോളുകയായിരുന്നു ഫൊഫാന.
എന്നാൽ, അതിവേഗവും പന്തടക്കവും കൈമുതലാക്കി ഭൂമിയിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായി മാറിയ എംബാപ്പെക്ക് കൂച്ചുവിലങ്ങിടാൻ വാക്കറിന് എങ്ങനെ കഴിയും? എന്നാണ് ചോദ്യമെങ്കിൽ അത് വാക്കറിനെ അറിയാത്തതുകൊണ്ടാകും. മണിക്കൂറിൽ 38 കി.മീറ്റർ വേഗത്തിൽ ഓടാൻ കെൽപുള്ള ചീറ്റപ്പുലിയാണ് കളത്തിൽ എംബാപ്പെയെങ്കിൽ വാക്കറും ഒട്ടും മോശക്കാരനല്ല.
ഫുട്ബാളിന്റെ കളത്തിൽ മണിക്കൂറിൽ 37.8 കി.മീറ്റർ വേഗം രേഖപ്പെടുത്തിയ വാക്കർ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ ചരിത്രത്തിൽ ഏറ്റവും വേഗമുള്ള ഡിഫൻഡറാണ്. 9.58 സെക്കൻഡിൽ നൂറുമീറ്റർ ഓടി റെക്കോഡിട്ട മണിക്കൂറിൽ 44.7 കി.മീ ഓടുന്ന സ്ഥാനത്താണിത്.
പോളണ്ടുമായുള്ള മത്സരത്തിൽ കിലിയനെ ഒരു മണിക്കൂറിലേറെ മാറ്റ് കാഷും യാക്കൂബ് കമിൻസ്കിയും കെട്ടിപ്പൂട്ടി നിർത്തിയത് വാക്കറിന് പ്രചോദനം പകരും. കമിൻസ്കിയെ കോച്ച് പിൻവലിച്ച ശേഷമാണ് മാർക്ക് ചെയ്യുന്നതിലെ വീഴ്ച മുതലെടുത്ത് ഫ്രഞ്ച് സ്ട്രൈക്കർ ഇരുവട്ടം വല കുലുക്കിയത്. എംബാപ്പെയെ, പക്ഷേ 90 മിനിറ്റും സൂക്ഷ്മമായി മാർക്ക് ചെയ്യേണ്ടിവരും. വേഗവും കരുത്തും മാത്രമല്ല, അയാളുടെ കൈമുതൽ. അപാര ബുദ്ധിശാലിയുമെന്ന നിലക്ക് വാക്കറിന് 23കാരനായ ഫ്രഞ്ചുകാരൻ ഉയർത്തുന്ന തലവേദന ചില്ലറയായിരിക്കില്ല.
വാക്കറിന് പക്ഷേ, അതൊന്നും പ്രശ്നമല്ല. കാരണം, എംബാപ്പെയെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി മൂന്നുതവണ പിടിച്ചുകെട്ടിയതിന്റെ പകിട്ടുണ്ട് മേനി പറയാൻ. അന്ന് 90 മിനിറ്റിനിടെ ഒരു ഷോട്ടുപോലും പോസ്റ്റിലേക്ക് തികച്ചെടുക്കാൻ പറ്റിയിട്ടില്ല ഫ്രഞ്ചുകാരന്. 0.70 ഷോട്ടുകളായിരുന്നു ശരാശരി. ഈ ലോകകപ്പിൽ പക്ഷേ, 6.4 ഷോട്ടുകളാണ് എംബാപ്പെയുടെ ഒരു മത്സരത്തിലെ ശരാശരി.
ബെലിങ്ഹാം x ഗ്രീസ്മാൻ
19ാം വയസ്സിൽ ഇംഗ്ലണ്ടിന്റെ മധ്യനിര നിറഞ്ഞുകളിക്കുന്ന ജൂഡ് ബെലിങ്ഹാമും ഫ്രഞ്ച് പടയോട്ടങ്ങൾക്ക് തേരുതെളിക്കുന്ന 31കാരനായ അന്റോയിൻ ഗ്രീസ്മാനും തമ്മിലുള്ള പോരാട്ടം കളത്തിൽ ശ്രദ്ധേയമാകും. ബോക്സിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകിയ ഗ്രീസ്മാനും ഏറ്റവും കൂടുതൽ ഡ്യുവൽസും ടാക്ക്ൾസും ജയിച്ച ബെലിങ്ഹാമും ഇരുനിരയുടെയും തന്ത്രങ്ങളിൽ മുഖ്യമാവും. ഗ്രീസ്മാനെ സഹായിക്കാൻ ഔറേലിൻ ചുവാമെനിയും ബെലിങ്ഹാമിന് കൂട്ടായി ജോർഡൻ ഹെൻഡേഴ്സണുമുണ്ടാകും.
ഇടതു ആഭിമുഖ്യം
മുന്നേറ്റ നിരയുടെ മിടുക്കിൽ വിശ്വസിക്കുന്ന ഇരുടീമും ഏറക്കുറെ ഒരേ രീതിയിൽ ആക്രമിച്ചുകയറുന്നുവെന്നത് യാദൃച്ഛികമാകാം. അവസരങ്ങൾ ഇരുനിരയും തുറന്നെടുക്കുന്നതും സമാന സ്വഭാവത്തിലാണ്. ഇടതുവിങ്ങിലൂടെയുള്ള ആക്രമണങ്ങളിലാണ് ഇംഗ്ലണ്ടും ഫ്രാൻസും വിശ്വാസമർപ്പിക്കുന്നത്. ഇരുനിരയുടെയും 41 ശതമാനം മുന്നേറ്റങ്ങളും ഇതുവഴിയായിരുന്നു. ഇടതുവിങ് ബാക്കുകളായ തിയോ ഹെർണാണ്ടസും ലൂക്ക് ഷായും യഥാക്രമം ഫ്രാൻസിനു വേണ്ടി ഒമ്പതും ഇംഗ്ലണ്ടിനുവേണ്ടി ആറും അവസരങ്ങൾ തുറന്നെടുത്തു. ഇടതു വിങ്ങിൽ ഫ്രാൻസ് 26ഉം ഇംഗ്ലണ്ട് 11ഉം അവസരങ്ങളാണ് മെനഞ്ഞെടുത്തത്.
ഒരുക്കം, തകൃതി
ഇംഗ്ലണ്ടിന്റെ കരുത്ത് ഒട്ടും കുറച്ചുകാണാൻ കഴിയാത്തതിനാൽ മികച്ച തയാറെടുപ്പുകൾ നടത്തിയാണ് ഫ്രാൻസ് കളത്തിലെത്തുന്നത്. അൽ സദ്ദിലെ തങ്ങളുടെ തട്ടകത്തിൽ വ്യാഴാഴ്ച 'ഇംഗ്ലീഷ്' പ്രകടനങ്ങളുടെ വിഡിയോകൾ ഇഴകീറി പരിശോധിച്ചായിരുന്നു തയാറെടുപ്പുകൾ. ക്യാപ്റ്റൻ ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലീഷ് ആക്രമണത്തിൽ ഫിൽ ഫോഡൻ, ബുകായോ സാക, മാർകസ് റാഷ്ഫോർഡ് അടക്കമുള്ളവരുടെ അപകട നീക്കങ്ങളെ അനലൈസ് ചെയ്താണ് ഫ്രഞ്ചുകാർ തന്ത്രങ്ങൾ രൂപപ്പെടുത്തിയത്. മറുവശത്ത് എംബാപ്പെയെ പൂട്ടുന്നതിനൊപ്പം, വലതുവിങ്ങിൽ ഉസ്മാൻ ഡെംബലെക്കും സെൻട്രൽ അറ്റാക്കിങ്ങിൽ ഒലിവിയർ ജിറൂഡ്, അന്റോയിൻ ഗ്രീസ്മാൻ എന്നിവരെയും പത്മവ്യൂഹങ്ങളിൽ കുരുക്കാൻ പദ്ധതികളൊരുക്കിയാണ് ഇംഗ്ലണ്ടും കോപ്പുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.