'ആ ഫൈനലിനുശേഷം ഒരു വർഷം മെസ്സി ഉറങ്ങിയില്ല'
text_fieldsവിശ്വകിരീടത്തിന് കൈയെത്തുംദൂരെ കലാശക്കളിയിൽ വീണുപോയതിന്റെ നോവ് ലയണൽ മെസ്സിയെ വിടാതെ പിടികൂടിയത് ഒരു വർഷത്തോളം. 2014ൽ മാറക്കാനയുടെ മണ്ണിൽ അധികസമയത്തേക്കു നീണ്ട ഫൈനലിൽ ഏകഗോളിനാണ് ജർമനിക്കു മുന്നിൽ അർജന്റീന ഇടറിവീണത്.
കപ്പിനും ചുണ്ടിനുമരികെ കിരീടം നഷ്ടമായതിന്റെ ദുഃഖം കാരണം ഒരു വർഷത്തോളം തനിക്ക് ഉറക്കംപോലും നഷ്ടമായതായി മെസ്സി വെളിപ്പെടുത്തിയത് തന്റെ മുൻ ഏജന്റായ ഫാബിയൻ സോൾഡിനിയോടാണ്. 'ഫാബീ, ഫൈനലിലെ ആ തോൽവിയെക്കുറിച്ചോർത്ത് ഒരു വർഷക്കാലം ഞാൻ മര്യാദക്ക് ഉറങ്ങിയില്ല.
എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. രാത്രികളിൽ അതാലോചിച്ച് ഉറക്കംകിട്ടാതെ ഏറെ സമയം ഇരിക്കുമായിരുന്നു' -മെസ്സി പറഞ്ഞതായി തെക്കനമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോൾഡിനി വിശദീകരിച്ചു.
ഫാബിയൻ കുട്ടിക്കാലം മുതൽ ലയണൽ മെസ്സിക്ക് പിതൃതുല്യനാണ്. അദ്ദേഹം 2005 വരെ താരത്തിനൊപ്പമുണ്ടായിരുന്നു. കരിയറുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളെ തുടർന്ന് വെവ്വേറെ വഴികളിലേക്കു മാറി സഞ്ചരിച്ചപ്പോഴും വ്യക്തിപരമായ അടുപ്പത്തെ അതൊട്ടും ബാധിച്ചില്ല.
ദേശീയ ടീമിനുവേണ്ടി മെസ്സി അത്രമേൽ ആത്മാർഥത ഉള്ളയാളാണെന്ന് ഫാബിയൻ സാക്ഷ്യപ്പെടുത്തുന്നു. 'ദേശീയ ടീമിനുവേണ്ടി മരിക്കാൻ വരെ ഒരുക്കമാണവൻ. അവന് ഏറ്റവും സ്നേഹം അർജന്റീനാ ജഴ്സിയെയാണ്. ബാഴ്സലോണയോ നെവൽസോ ഒന്നുമല്ല.
ദേശീയ ടീം എന്നാൽ മെസ്സിക്ക് മഹത്തായ വികാരമാണ്.' 2015ൽ കാറ്റലോണിയയിലെ തന്റെ വീട്ടിലേക്ക് സോൾഡിനിയെ ലിയോ ക്ഷണിക്കുകയായിരുന്നു. അന്നാണ് ഫൈനലിലെ തോൽവി തന്നെ ഉലച്ചുകളഞ്ഞതിനെക്കുറിച്ച് മെസ്സി മനസ്സുതുറന്നത്.
2015ലെ കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിനു പിന്നാലെയായിരുന്നു സമാഗമം. ആ വർഷം സ്പാനിഷ് ലീഗ്, കോപ ഡെൽ റേ, യൂറോപ്യൻ സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് എന്നിവയൊക്കെ ബാഴ്സലോണക്കൊപ്പം ജയിച്ചിട്ടും അവന്റെയുള്ളിൽ ആ ലോകകപ്പ് തോൽവി നിറഞ്ഞുനിന്നു.
'അവൻ അനുഭവിക്കുന്ന ആത്മസംഘർഷം എനിക്കറിയാം. അതുകൊണ്ടാണ് ഈ വിജയം അത്രയധികം ആഹ്ലാദം പകരുന്നത്. ഇപ്പോൾ ഏറെ പക്വതയാർന്ന താരമാണ് മെസ്സി. വളരെ ശാന്തനും. ഏറെ കെട്ടുറപ്പുള്ള ടീമാണ് അർജന്റീനയുടേത്. കിരീടം നേടുമെന്നാണ് പ്രത്യാശ' -ഫാബിയൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.