മെസ്സി ബിഷ്തുണ്ടോ..?; ആരാധകർ സൂഖിലേക്ക്
text_fieldsദോഹ: അറബ് ലോകത്തെത്തിയ ആദ്യലോകകപ്പിലെ ഓരോ പുതുമയുള്ള കാഴ്ചകളെയും തങ്ങളുടേതുകൂടിയാക്കി മാറ്റിയാണ് ഓരോ വിദേശകാണികളും ദോഹ വിടുന്നത്. തെക്കൻ അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നെത്തിയ കാണികൾ അറബികളുടെ പരമ്പരാഗത വസ്ത്രരീതിയായ കന്തൂറയും തലപ്പാവുമണിഞ്ഞായിരുന്നു ലോകകപ്പിന്റെ ആദ്യദിനങ്ങളിൽ ശ്രദ്ധേയരായതെങ്കിൽ ഫൈനലിനുപിന്നാലെ ട്രെൻഡ് മാറിയെന്ന് വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കലാശപ്പോരാട്ടത്തിനു പിന്നാലെ ചാമ്പ്യൻ ടീമായ അർജൻറീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അണിയിച്ച മേൽവസ്ത്രമായ ‘ബിഷ്ത്’ ആണ് ഇപ്പോൾ ട്രെൻഡ്. സൂഖ് വാഖിഫിലും മറ്റും കടകളിലെത്തിയ ബിഷ്ത് അന്വേഷിക്കുകയും വാങ്ങിക്കൂട്ടുകയും ചെയ്യുന്ന അർജൻറീനൻ കാണികളായിരുന്നു ലോകകപ്പ് ഫൈനലിനു പിന്നാലെ തിങ്കളാഴ്ച മുതലുള്ള കാഴ്ചകൾ. അറബ് ആദരവിന്റെ പ്രതീകമായ ബിഷത് അണിഞ്ഞ് സൂഖിൽ നിൽക്കുന്ന അർജന്റീന ആരാധകരുടെ ദൃശ്യങ്ങളും സമൂഹികമാധ്യമങ്ങളിൽ സജീവമായി.
ഫൈനലിനു പിന്നാലെ ലോകമെങ്ങമുള്ള ഫുട്ബാൾ ആരാധകരിലും മറ്റും ചർച്ചയായ ബിഷ്തിന് വൻ ഡിമാൻഡാണുള്ളതെന്ന് സൂഖ് വാഖിഫിലെ ബിഷ്ത് ഡിസൈനർ കൂടിയായ മുഹമ്മദ് മുസമ്മിൽ പറയുന്നു. അർജൻറീന ക്യാപ്റ്റനെ ഖത്തർ അമീർ ബിഷ്ത് അണിയിച്ച് മണിക്കൂറുകൾക്കകം തന്നെ കൂടുതൽ വിദേശികൾ അന്വേഷിച്ച് എത്തിയതായി അദ്ദേഹം പറഞ്ഞു.
‘ഞായറാഴ്ചയിലെ ഫൈനൽ കഴിഞ്ഞ് തിങ്കളാഴ്ച കടയിലെത്തിയപ്പോൾ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ചും അർജൻറീന ആരാധകർ. മെസ്സി അണിഞ്ഞ ബിഷ്തിന്റെ ഡിസൈനായിരുന്നു പലരുടെയും ആവശ്യം. അന്വേഷിച്ചെത്തിയവർ, തങ്ങൾക്ക് പാകമായ വസ്ത്രം ലഭിക്കുന്നത് വരെ കാത്തിരിക്കാനും തയാറായിരുന്നു’ -അദ്ദേഹം പറഞ്ഞു.
‘മെസ്സി ബിഷ്ത്’ ലഭ്യമാകുമോ എന്ന് ചോദിച്ചായിരുന്നു പലരുമെത്തിയത്. കാശൊന്നുമായിരുന്നില്ല അവരുടെ പ്രശ്നം. ലോകകപ്പ് കിരീടമണിയുന്ന വേളയിൽ തങ്ങളുടെ നായകനെ അണിയിച്ച മേൽകുപ്പായം എങ്ങനെയും സ്വന്തമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സമീപകാലത്തൊന്നുമില്ലാത്ത വിധം ആവശ്യക്കാരുണ്ടായതായും അദ്ദേഹം പറയുന്നു.
4500റിയാൽ വരെ വിലയുള്ള ‘മെസ്സി ബിഷ്ത്’ നിർമിക്കാൻ 10 ദിവസം വരെ എടുക്കുമെന്ന് മുഹമ്മദ് മുസമ്മിൽ പറയുന്നു. 200 റിയാൽ മുതലാണ് ബിഷ്തിെന്റ വില. 10,000 റിയാലിനും ലഭിക്കുന്ന ബിഷ്തുകളുണ്ട്. പൂർണമായും കൈകൊണ്ടാണ് നിർമാണം. സ്വർണം, വെള്ളി, ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ അനുസരിച്ച് വിലയിലും മാറ്റമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.