''ഈ കപ്പ് എനിക്കുള്ളതാണെന്ന് അറിയാമായിരുന്നു; ഉടൻ വിരമിക്കുന്നില്ല''- മെസ്സി
text_fieldsഖത്തർ ലോകകപ്പിൽ അവസാന മുത്തം തനിക്കും ടീമിനും അവകാശപ്പെട്ടതാകുമെന്നും ചാമ്പ്യൻപട്ടം അർജന്റീനക്കുതന്നെ ദൈവം നൽകുമെന്ന് അറിയാമായിരുന്നെന്നും നായകൻ ലയണൽ മെസ്സി. ''ഒരു ഘട്ടമെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, അത് ദൈവം എനിക്ക് നൽകാൻ പോകുന്നുവെന്ന്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നാൽ, അത് അങ്ങനെത്തന്നെയെന്ന് എനിക്ക് അനുഭവപ്പെട്ടു. ഒരിക്കലൂടെ ദൈവം എന്നിൽ സന്തോഷം നിറച്ചു''- കിരീട നേട്ടത്തിനു ശേഷം മെസ്സിയുടെ വാക്കുകൾ.
ഫ്രാൻസിനെതിരായ കലാശപ്പോര് ശരിക്കും വിചിത്രമായിപ്പോയെന്നും താരം പറഞ്ഞു. കളി അവസാനിക്കാനിരിക്കെ രണ്ടുവട്ടം തിരിച്ചടിച്ചാണ് ഫ്രാൻസ് കളിയിൽ തിരിച്ചെത്തിയിരുന്നത്. അധിക സമയത്തും അർജന്റീന മെസ്സിയിലൂടെ മുന്നിലെത്തിയെങ്കിലും അവർ തിരിച്ചടിച്ചു. എല്ലാ തവണയും എംബാപ്പെയെന്ന ഒറ്റയാനായിരുന്നു വില്ലൻ. ഹാട്രിക് തികച്ച താരം ഏറ്റവും കൂടുതൽ ഗോളുകളുമായി ഗോൾഡൻ ബൂട്ട് തന്റെ പേരിലാക്കുകയും ചെയ്തു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കളി വിധി നിർണയിച്ചത്.
''ഞങ്ങൾക്കത് വേണമായിരുന്നു. അവസാനം അത് അങ്ങനെത്തന്നെയാകുകയും ചെയ്തു''- വാനിലേക്ക് കപ്പുയർത്തിപ്പിടിച്ച് മെസ്സി പറഞ്ഞു. ''ഞങ്ങൾ ഒരുപാട് അനുഭവിച്ചു. എന്നിട്ടും ഞങ്ങളത് ചെയ്തു''- ആവേശം പെയ്തൊഴിയാത്ത വാക്കുകൾ.
കരിയറിൽ ഉയരങ്ങളേറെ എത്തിപ്പിടിച്ചിട്ടും ദേശീയ ടീമിനൊപ്പം ലോകകിരീടം നേടാൻ മെസ്സിക്കായിരുന്നില്ല. കരിയറിൽ അവസാന ലോകകപ്പാണിതെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനൊടുവിലാണ് ലോകം കാത്തിരുന്ന കിരീട നേട്ടം.
'ഇതിനു ശേഷം ഏറെയൊന്നുമില്ല. കരിയർ അവസാനിക്കാനിരിക്കെ കോപ അമേരിക്കയും പിന്നെ ലോകകപ്പും കൈയിലെത്തുന്നതിനോളം മറ്റെന്തുണ്ട്''- മെസ്സി പറഞ്ഞു.
എന്നാൽ, താൻ അർജന്റീന ടീമിൽ തുടരുമെന്നും ഉടൻ വിരമിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന സൂചനകൾ തള്ളിയാണ് മെസ്സിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.