മെസ്സിയോ വാൻഡൈകോ? ഡേവിഡിന് ഉറപ്പുപറയാൻ വയ്യ...
text_fieldsബീച്ചിനരികെ പച്ചപുതച്ച് കണ്ടൽക്കാടുകൾ. അതിനിടയിൽ മണൽപ്പരപ്പിലൂടെ തീരം തേടിയെത്തുന്ന വാഹനങ്ങൾ. തലേന്നു രാത്രി പെയ്ത മഴയിൽ റോഡിൽനിന്ന് ബീച്ചിലേക്കുള്ള വഴിയിലെ മണൽപ്പരപ്പിൽ പലയിടത്തും വെള്ളം കെട്ടിക്കിടപ്പുണ്ട്. തീരത്തെത്തുന്ന വാഹനങ്ങളിൽനിന്നിറങ്ങി കണ്ടൽമരങ്ങളുടെ തണലും തണുപ്പും തേടുകയാണ് ആളുകൾ. അൽഖോറിലെ തഖീറ ബീച്ച് പച്ചപ്പുനിറഞ്ഞ ഈ തീരങ്ങളാൽ ഏറെ പ്രശസ്തമാണ്.
നെതർലൻഡ്സുകാരനാണ് ഡേവിഡ് വാൻഹേഴ്സ്റ്റ്. ഏഴു വർഷമായി ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നു. രണ്ടു ദക്ഷിണ കൊറിയൻ സുഹൃത്തുക്കൾക്കും അവരുടെ കുടുംബത്തിനുമൊപ്പം ഡേവിഡ് ബീച്ചിലെത്തിയത് വ്യാഴാഴ്ച രാത്രി അവിടെ ടെന്റ് കെട്ടി ചെലവഴിക്കാനാണ്. കണ്ടൽക്കാടുകൾക്കിടയിലൂടെ കൊച്ചരുവിപോലെ തെളിഞ്ഞ വെള്ളം ഒഴുകിയെത്തി കടലിനോട് ചേരുന്ന ഭാഗത്തെ മരങ്ങൾക്കു കീഴെ ഡേവിഡും കൂട്ടുകാരും മേശയും കസേരയുമൊക്കെ എടുത്തിട്ട് ഒഴിവുദിനം ചെലവഴിക്കാനുള്ള ഒരുക്കം തുടങ്ങി.
നെതർലൻഡ്സ്-അർജന്റീന ക്വാർട്ടർ ഫൈനൽ മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡേവിഡ് വാചാലനായി. 'കടുത്ത മത്സരമായിരിക്കും. മെസ്സി കഴിഞ്ഞ കളിയിൽ അദ്ദേഹത്തിന്റെ കഴിവിന്റെ 80 ശതമാനം മാത്രമേ പുറത്തെടുത്തിട്ടുള്ളൂ. നാളെ നെതർലൻഡ്സിനെതിരെ എന്താണ് അദ്ദേഹം പുറത്തെടുക്കുന്നതെന്ന് നോക്കാം. നെതർലൻഡ്സ് ഇക്കുറി നല്ല ടീമാണ്. വിർജിൽ വാൻ ഡൈകിനെയും ഫ്രാങ്ക് ഡി യോങ്ങിനെയും പോലെയുള്ള മികച്ച താരങ്ങളുണ്ട്. ലൂയി ഫാൻ ഗാലെന്ന മികച്ച കോച്ചുമുണ്ട്. എന്താണ് സംഭവിക്കുകയെന്ന് നമുക്കു കാണാം'.
വെള്ളിയാഴ്ച രാത്രി നടക്കുന്ന അർജന്റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ കാണാനുള്ള ടിക്കറ്റ് നേരത്തേ ഡേവിഡ് എടുത്തുവെച്ചിട്ടുണ്ട്. തഖീറയിൽനിന്ന് വെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം മടങ്ങും. പ്രമുഖ ടൂർണമെന്റുകളിലേക്ക് പ്രതീക്ഷകളോടെയെത്തിയിട്ടും കപ്പു നേടാനാവാതെ പോകുന്നവരാണ് ഡച്ചുകാർ. ഇത്തവണയും പതിവുപോലെ തങ്ങൾ കിരീടപ്രതീക്ഷ പുലർത്തുകയാണെന്നും ഡേവിഡ് പറയുന്നു.
ഖത്തറിലെ ലോകകപ്പ് സംഘാടനത്തെയും ഡേവിഡ് പ്രകീർത്തിക്കുന്നു. 'ഖത്തർ ഒന്നാന്തരമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഒരുപാടാളുകൾ ഇവിടേക്ക് വരുകയും പോവുകയും ചെയ്യുന്നു. ആയിരക്കണക്കിനാളുകൾ കളി കാണാൻ വിവിധ സ്റ്റേഡിയങ്ങളിലെത്തുന്നു. എന്നിട്ടും ഒരു തിരക്കുമില്ലാതെ എല്ലാം സുന്ദരമായി മുന്നോട്ടുപോകുന്നു'. ഡേവിഡിനെ പോലെ ഒരുപാടുപേർ കുടുംബങ്ങളുമായും അല്ലാതെയുമൊക്കെ തഖീറ ബീച്ചിലെത്തിയിട്ടുണ്ട്. ടൂറിസ്റ്റുകളും സ്വദേശികളുമൊക്കെയുണ്ട് അക്കൂട്ടത്തിൽ.
മീൻ പിടിക്കാനുള്ള സജ്ജീകരണങ്ങളുമൊക്കെയായാണ് ചിലരുടെ വരവ്. ബാർബിക്യൂവിനുള്ള ഒരുക്കങ്ങളുമായെത്തുന്നവരാണ് കൂടുതൽ. ഖത്തരി കുടുംബങ്ങളുടേതെന്ന് തോന്നിക്കുന്ന നാല് കാരവനുകൾ തീരത്ത് നിർത്തിയിട്ടിരിക്കുന്നു. സമീപകാലത്തായി തഖീറയിൽ തമ്പടിക്കാനെത്തുന്ന സന്ദർശകരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇവിടെ ഇടക്കിടെയെത്തുന്ന മലയാളികളായ നിസാമും ഫിറോസും പറഞ്ഞു. ചൂടുകാലത്ത് സന്ദർശകർ ഉണ്ടാകാറില്ല. ചൂടുമാറി തണുപ്പു തുടങ്ങുന്ന നവംബർ-ഡിസംബർ മാസങ്ങളിലാണ് തഖീറ സന്ദർശകരാൽ നിറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.