ഖത്തറിൽ അർജന്റീനക്ക് കിരീടം മുടക്കുക ഈ മൂന്നു ടീമുകളെന്ന് മെസ്സി
text_fieldsദോഹ: മൂന്നര പതിറ്റാണ്ടുനീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ഖത്തറിൽ കിരീടം ചൂടാൻ ഒരുങ്ങുന്ന സ്കലോണി സംഘത്തിന് വഴിമുടക്കി മൂന്നു ടീമുകളുണ്ടെന്ന മുന്നറിയിപ്പുമായി സൂപർ താരം ലയണൽ മെസ്സി. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും പ്രതീക്ഷ നൽകിയ ശേഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ലാറ്റിൻ അമേരിക്കൻ മണ്ണിലെത്തിക്കാൻ ഇവയുടെ കുതിപ്പ് തടഞ്ഞേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. 1986ൽ ഡീഗോ മറഡോണയുടെ സുവർണ കാലുകൾ ബ്യൂണസ് ഐറിസിലെത്തിച്ച ശേഷം ലോകകിരീടം അർജന്റീനക്കൊപ്പം നിന്നിട്ടില്ല.
മറ്റു 31 ടീമുകളിൽ ഏറ്റവും പേടിക്കേണ്ട മൂന്നു പേർ മെസ്സിക്ക് ബ്രസീലും ഫ്രാൻസും ഇംഗ്ലണ്ടുമാണ്. എന്നാൽ, ലോകകപ്പായതിനാൽ അതിസങ്കീർണമാണ് കാര്യങ്ങളെന്നും എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2014ലാണ് അർജന്റീന അവസാനമായി കിരീടത്തിന് ഏറ്റവും അടുത്തെത്തിയത്. അന്നുപക്ഷേ, അധിക സമയത്തേക്കു നീണ്ട കലാശപ്പോരിൽ ഗോളടിച്ച് ജർമനി ചാമ്പ്യന്മാരാകുകയായിരുന്നു.
അതേ സമയം, സ്കലോണിക്കു കീഴിൽ മികച്ച പ്രകടനം തുടരുന്ന അർജന്റീന മൂന്നു വർഷമായി തോൽവിയറിയാതെ കുതിക്കുകയാണ്. 35 കളികളിൽ ടീം തോറ്റിട്ടില്ല. കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ വീഴ്ത്തി ചാമ്പ്യന്മാരാകുകയും ചെയ്തു. ഇതേ കുതിപ്പ് ഖത്തറിൽ നിലനിർത്തി ഫിഫ ലോകകിരീടവുമായി മടങ്ങാനാണ് മെസ്സിക്കൂട്ടം ലക്ഷ്യമിടുന്നത്.
സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകൾ ഉൾക്കൊള്ളുന്ന ഗ്രൂപ് സിയിലാണ് അർജന്റീന. സൗദി അറേബ്യക്കെതിരെയാണ് ആദ്യ മത്സരം.
ലെവൻഡോവ്സ്കിയുടെ പോളണ്ടും അമേരിക്കൻ ടീമായ മെക്സിക്കോയും ടീമിന് ആദ്യ ഘട്ടത്തിൽ വെല്ലുവിളിയുയർത്തും. എന്നാൽ, ഇവ അനായാസം കടക്കാനാകുമെന്നാണ് ടീം അർജന്റീന കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.