അർജന്റീനയിലെത്തി മെസ്സിപ്പട; നീലക്കടലായി തലസ്ഥാന നഗരം
text_fieldsസോക്കർ ലോകം ജയിച്ച് നാട്ടിൽ തിരിച്ചെത്തിയ മെസ്സിപ്പടക്ക് രാജകീയ വരവേൽപ്. പ്രാദേശിക സമയം പുലർച്ചെ 2.40 ഓടെയാണ് കോച്ച് സ്കലോണിയും 26 അംഗ സംഘവും ബ്വേനസ് ഐറിസിലെ ഇസീസ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിശ്വകിരീടം കൈയിലേന്തി വിമാനത്തിൽനിന്ന് ആദ്യം പുറത്തെത്തിയ മെസ്സിക്കും സ്കലോണിക്കും പിറകെ സഹതാരങ്ങളും ഇറങ്ങിയതോടെ വിമാനത്താവള പരിസരം ആവേശക്കടലിലായി.
കപ്പുമായി തലസ്ഥാന നഗരത്തിലൂടെ യാത്രയാരംഭിച്ച സംഘത്തിന് അഭിവാദ്യം നേർന്ന് റോഡിനിരുവശവും ആയിരങ്ങൾ അണിനിരന്നു. രാജ്യം കപ്പുയർത്തിയ ഞായറാഴ്ചയും ദശലക്ഷങ്ങൾ ബ്വേനസ് ഐറിസ് നഗരത്തിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്നറിഞ്ഞ് എയർപോർട്ടിനു പുറത്തും നഗരവീഥികളിലും കാത്തിരുന്നവർക്കു മുന്നിലേക്കായിരുന്നു ആഘോഷം ഇരട്ടിയാക്കി ആദ്യം മെസ്സിയും പിന്നാലെ കോച്ചും മറ്റു താരങ്ങളും വിമാനമിറങ്ങിയത്.
ചൊവ്വാഴ്ച തലസ്ഥാന നഗരത്തിൽ ദശലക്ഷങ്ങൾ അണിനിരക്കുന്ന വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നഗരമധ്യത്തിലെ ഒബെലിസ്ക് മൈതാനത്താണ് ഔദ്യോഗിക വരവേൽപ്. ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു അർജന്റീനയുടെ ചരിത്രനേട്ടം. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച മെസ്സി തന്നെയായിരുന്നു ഫൈനലിലും ടീമിന്റെ വിജയനായകൻ. ടീമിനായി ആദ്യം ഗോളടിച്ചുതുടങ്ങുകയും അധിക സമയത്തേക്ക് നീണ്ടപ്പോൾ പിന്നെയും ലീഡ് നൽകുകയും ചെയ്തായിരുന്നു താരം സാന്നിധ്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.