എന്തൊരു ഗോളായിരുന്നു... അർജന്റീനയുടെ രണ്ടാം ഹീറോയായി അൽവാരസ് എന്ന മാന്ത്രികൻ
text_fieldsഅർജന്റീന കളിക്കൂട്ടത്തിനൊപ്പം 22കാരനായ ജൂലിയൻ അൽവാരസ് ഖത്തർ കളിമുറ്റത്തെത്തുന്നത് ലോട്ടറോ മാർടിനെസ് എന്ന പരിചയ സമ്പന്നനായ സ്ട്രൈക്കർക്ക് അവശ്യഘട്ടത്തിൽ പകരക്കാരൻ മാത്രമായിട്ടായിരുന്നു. എന്നാൽ, മെസ്സിക്കൊപ്പം ഇയാൾ കളി തുടങ്ങിയതിൽ പിന്നെ കളിയാകെ മാറിയ മട്ടാണ്. ഏറ്റവുമൊടുവിൽ ക്രൊയേഷ്യക്കെതിരെ കുറിച്ച സോളോ ഗോൾ ഇയാളെ ആരാധകരുടെ രാജകുമാരനാക്കി മാറ്റിയിരിക്കുന്നു.
ഖത്തറിൽ ഏറെ വൈകി ബൂട്ടുകെട്ടിത്തുടങ്ങിയ അൽവാരസ് നാലു ഗോളുകൾ തന്റെ പേരിലേക്കു ചേർത്തുകഴിഞ്ഞു. അവയിലോരോന്നും സുവർണസ്പർശമുള്ളവ. അവസാന പോരാട്ടത്തിൽ അർജൻറീന കുറിച്ച മൂന്നു ഗോളിലും ഈ യുവതാരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പെനാൽറ്റി ബോക്സിൽ ഒറ്റക്കു പന്തുമായി എത്തിയ അൽവാരസ് സ്കോർ ചെയ്തെന്നായപ്പോൾ മറുവഴിയില്ലാതെ ക്രൊയേഷ്യൻ ഗോളി കാൽവെച്ചതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി മനോഹര ഷോട്ടുമായി വല തുളക്കുന്നത്. ഗോളിയുടെ ഫൗൾ ഇല്ലായിരുന്നെങ്കിൽ താരം അനായാസം പന്ത് വലക്കണ്ണികളിലെത്തിക്കുമെന്നുറപ്പ്.
തൊട്ടുപിറകെ മിനിറ്റുകൾക്കകം നേടിയ സോളോ ഗോളാണ് അതിലേറെ മനോഹരമായത്. അർജന്റീന പെനാൽറ്റി ഏരിയയിൽനിന്ന് ക്ലിയർ ചെയ്തു കിട്ടിയ പന്ത് കാലിലെടുത്ത് ഒറ്റയാനായി അതിവേഗം കുതിച്ച താരത്തിന് തടയിട്ട് ക്രൊയേഷ്യൻ പ്രതിരോധമുണ്ടായിരുന്നു. വേഗം കൊണ്ടും പന്തടക്കം കൊണ്ടും മുന്നിൽനിന്ന യുവതാരത്തെ പൂട്ടാൻ അവർക്കായില്ല. ഇടതും വലതും കൂട്ടുനൽകി അർജന്റീന താരങ്ങൾ ഓടിയെത്തിയെങ്കിലും ഓഫ്സൈഡ് കെണിയുള്ളതിനാൽ പന്ത് കൈമാറുന്നതിന് പകരം മുന്നിലെ തടസ്സങ്ങളെ മായികസ്പർശങ്ങളിൽ കടന്ന് അൽവാരസ് ഒറ്റക്ക് വല ചലിപ്പിച്ചു. ക്രൊയേഷ്യൻ പ്രതിരോധവും പ്രത്യാക്രമണവും തച്ചുടക്കാൻ പോന്നതായിരുന്നു ഈ ഒറ്റയാൻ ഗോൾ. പിന്നീടെല്ലാം വഴിപാടു പോലെയായി മെസ്സിക്കൂട്ടത്തിന്. ദിവസങ്ങൾക്ക് മുമ്പ് അവസാന മിനിറ്റുകളിൽ ബ്രസീലിനെതിരെ പുറത്തെടുത്ത കളിമികവിലേക്കു തിരികെയെത്താനുള്ള മുനയൊടിഞ്ഞ മോഹങ്ങൾ എവിടെയുമെത്താതെ ഒടുങ്ങി.
അതിനിടെയായിരുന്നു, മെസ്സിക്ക് കാൽപന്തിലെ രാജപദവി ഒരിക്കലൂടെ ഉറപ്പിച്ച മൂന്നാം ഗോൾ എത്തുന്നത്. താരത്തെ വളഞ്ഞുനിന്ന ക്രൊയേഷ്യ പ്രതിരോധത്തിനു നടുവിൽനിന്ന് പന്ത് കാലിലെടുത്ത താരം വലതുവിങ്ങിലൂടെ അതിവേഗം കുതിക്കുമ്പോൾ കൂടെയോടി ജോസ്കോ ഗ്വാർഡിയോളുമുണ്ടായിരുന്നു. എന്നാൽ, തനിക്കു മാത്രം സാധ്യമായ ടച്ചുകളിലും ശാരീരിക ചലനങ്ങളിലും പലവട്ടം ഗ്വാർഡിയോളിനെ കീഴ്പെടുത്തി ചടുലത വിടാതെ ക്രൊയേഷ്യൻ ബോക്സിൽനിന്ന് പതിയെ തള്ളിനൽകിയത് അൽവാരസിന്റെ കാലുകളിലേക്ക്. മറ്റൊന്നും ചെയ്യാനില്ലാതെ അൽവാരസ് പന്ത് ഗോളിക്കപ്പുറത്തൂടെ വലയിലെത്തിച്ചു.
അതോടെ, അസിസ്റ്റിൽ മെസ്സി സാക്ഷാൽ ഡീഗോ മറഡോണക്കൊപ്പമെത്തിയപ്പോൾ അൽവാരസ് ഗോൾവേട്ടയിൽ മൂന്നാമതുമെത്തി. കളി കഴിഞ്ഞതോടെ അർജന്റീനക്ക് ഖത്തറിൽ കനകകിരീടം നൽകാൻ ഇനി ഒരാളല്ല, രണ്ടാളുണ്ടെന്നായിരിക്കുന്നു വിശേഷങ്ങൾ. മെസ്സിയുടെ തലയിലെ ഭാരം ഇനി താൻകൂടി ചുമലിലേറ്റാനുണ്ടെന്ന് അൽവാരസ് വിളംബരം നടത്തിയപോലെ. സമൂഹ മാധ്യമങ്ങളിൽ 22കാരനെ ആഘോഷിച്ചുതീർന്നിട്ടില്ല പലർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.