അടുത്ത ലോകകപ്പിലും 10ാം നമ്പർ ജഴ്സി മെസ്സിക്കായി കാത്തുവെക്കുമെന്ന് സ്കലോണി
text_fieldsമൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് മധുര സാക്ഷാത്കാരം നൽകി ലുസൈൽ മൈതാനത്ത് കപ്പുയർത്തിയ ഇതിഹാസ താരം ലയണൽ മെസ്സിക്കായി അടുത്ത ലോകകപ്പിലും 10ാം നമ്പർ ജഴ്സി മറ്റാർക്കും നൽകാതെ ബാക്കിവെക്കുമെന്ന് കോച്ച് ലയണൽ സ്കലോണി.
ഈ ലോകകപ്പ് ദേശീയ ജഴ്സിയിൽ അവസാന മത്സരമാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും താൻ വിരമിക്കുന്നില്ലെന്ന് മെസ്സി കളിക്കുശേഷം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത സ്കലോണി ടീം താരത്തിനായി കാത്തുനിൽക്കുകയാണെന്നും പറഞ്ഞു. ഫ്രാൻസിനെതിരെ ക്ലാസിക് പോരാട്ടത്തിൽ രണ്ടു ഗോളടിച്ച് ടീമിന്റെ പടയോട്ടത്തിന് ചുക്കാൻ പിടിച്ച താരം പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കും ഗോളിലെത്തിച്ചു.
''കളിക്കാൻ മെസ്സി ഒരുക്കമെങ്കിൽ അടുത്ത ലോകകപ്പിലും 10ാം നമ്പർ ജഴ്സി മാറ്റിവെക്കണമെന്നാണ് ഞാൻ ആലോചിക്കുന്നത്. കരിയറിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം മെസ്സി നേടിയെടുത്തുകഴിഞ്ഞിട്ടുണ്ട്. ടീമിന് അയാൾ നൽകുന്ന ഊർജം വാക്കുകളിലൊതുക്കാനാവാത്തതാണ്. ഡ്രസ്സിങ് റൂമിൽ ഇതുപോലെ സ്വാധീനം ചെലുത്താനാകുന്ന താരത്തെ ഞാനിതുവരെ കണ്ടിട്ടില്ല''- സ്കലോണി പറഞ്ഞു.
കഴിഞ്ഞ വർഷം കോപ അമേരിക്ക കപ്പുയർത്തിയതോടെ തങ്ങൾ അജയ്യരാണെന്ന മനസ്സ് അർജന്റീനക്ക് വന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
''അന്ന് ബ്രസീലിനെ തോൽപിച്ച ശേഷം മെസ്സിയുമായി സംസാരിച്ചിരുന്നു. മുന്നിൽ വലിയ ഉത്തരവാദിത്വമാണെന്ന് ഞാൻ ഓർമിപ്പിച്ചു. രാജ്യത്തെ ജനങ്ങൾ ലോകകപ്പ് കിരീടം സ്വപ്നം കാണുന്നതായും സൂചിപ്പിച്ചു. സമ്മർദം വർധിച്ചുവരികയായിരുന്നു. എന്നാൽ, കൂടുതൽ ഉയരങ്ങൾ പിടിക്കണമെന്നും മറ്റൊന്നും വിഷയമല്ലെന്നുമായിരുന്നു മെസ്സിയുടെ മറുപടി. താരം നൽകിയ മാനസിക ധൈര്യം മഹത്തായതായിരുന്നു. ഞങ്ങൾ ചരിത്രം കുറിക്കാൻ പോകുകയാണെന്ന് അതോടെ തോന്നിത്തുടങ്ങി''- സ്കലോണി പറഞ്ഞു.
ഡീഗോ മറഡോണ വിടവാങ്ങി രണ്ടു വർഷത്തിനു ശേഷമാണ് അർജന്റീന ഖത്തറിൽ കപ്പുയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.