ബെൽജിയത്തെ അട്ടിമറിച്ച് ഒരു മൊറോക്കൻ വീരഗാഥ
text_fieldsദോഹ: ഏഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും തിബോ കുർട്ടോയുമെല്ലാം അടങ്ങിയ ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ബെൽജിയത്തെ അട്ടിമറിച്ച് മൊറോക്കൻ വീരഗാഥ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആഫ്രിക്കക്കാരുടെ വിജയഭേരി. 73ാം മിനിറ്റിൽ അബ്ദുൽ ഹമീദ് സബിരിയും 92ാം മിനിറ്റിൽ സകരിയ അബൂഖ്‍ലാലുമാണ് കളിയുടെ ഗതി നിർണയിച്ച ഗോളുകൾ നേടിയത്. മൊറോക്കൊ ഗോൾകീപ്പർ എൽ കജൂഇയുടെ മികച്ച സേവുകളും അവർക്ക് തുണയായി.
കളിയുടെ 67 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന് മൊറോക്കൊയുടെ വല കുലുക്കാനാവാത്തതാണ് തിരിച്ചടിയായത്. 3-4-3 ശൈലിയിലാണ് ബെൽജിയം താരങ്ങളെ വിന്യസിച്ചതെങ്കിൽ മൊറോക്കൊ 4-3-3 ശൈലിയിലായിരുന്നു ഇറങ്ങിയത്.
ബെൽജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനിറ്റിൽ തന്നെ അവരുടെ ഗോൾശ്രമം മൊറോക്കൊ ഗോൾകീപ്പർ എൽ കജൂഇ തടഞ്ഞിട്ടു. ബെൽജിയൻ താരങ്ങളുടെ ആക്രമണം കോർണർ വഴങ്ങിയാണ് പല തവണ മൊറോക്കൊ ഡിഫൻഡർമാർ വഴിതിരിച്ചുവിട്ടത്. 17ാം മിനിറ്റിൽ ഒനാനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. രണ്ട് മിനിറ്റിന് ശേഷം മുനിയറുടെ ദുർബലമായ ഷോട്ട് മൊറോക്കൊ ഗോൾകീപ്പർ തടഞ്ഞിട്ടു. 21ാം മിനിറ്റിൽ മൊറോക്കൊയുടെ മികച്ച മുന്നേറ്റം കണ്ടെങ്കിലും ലോങ് റേഞ്ചർ ക്രോസ് ബാറിന് മുകളിലൂടെ പറഞ്ഞു. ബെൽജിയത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്ന കളിക്ക് വിപരീതമായി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് മൊറോക്കൊ താരം ഹക്കീം സിയെക് വലയിലെത്തിച്ചെങ്കിലും വാറിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തിയത് ബെൽജിയത്തിന് ആശ്വാസമായി. എന്നാൽ, ഈ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
73ാം മിനിറ്റിൽ ആദ്യ ഗോളെത്തി. മൊറോകൊക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് അബ്ദുൽ ഹമീദ് സാബിരി. കോർണർ ഫ്ലാഗിന് സമീപത്തുനിന്ന് ബെൽജിയം പോസ്റ്റിലേക്ക് അളന്നുമുറിച്ചു പായിച്ച ഷോട്ട് ഗോൾകീപ്പർ തിബോ കോർട്ടോക്ക് അവസരമൊന്നും നൽകാതെ വലയിലെത്തുകയായിരുന്നു. കളിയുടെ അധിക സമയത്തായിരുന്നു രണ്ടാം ഗോൾ. മനോഹരമായൊരു കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ വലങ്കാലൻ ഷോട്ട് വീണ്ടും ബെൽജിയത്തിന്റെ വല തുളക്കുകയായിരുന്നു. അതോടെ ലോകകപ്പിൽ തങ്ങളുടെ 50ാം മത്സരത്തിനിറങ്ങിയ ബെൽജിയത്തിന് ഇത് മറക്കാനാവാത്ത ദിനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.