മൊറോക്കോ ഈ ലോകകപ്പിന്റെ വിസ്മയം, സെമി എളുപ്പമാകില്ല -ദെഷാംപ്സ്
text_fieldsദോഹ: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറിയതിൽ സന്തോഷം പ്രകടിപ്പിച്ചും ടീമംഗങ്ങളെ അഭിനന്ദിച്ചും ഫ്രഞ്ച് പരീശീലകൻ ദിദിയർ ദെഷാംപ്സ്.
മൊറോക്കോക്കെതിരായ സെമി ഫൈനൽ മത്സരത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും ടീമിന്റെ പ്രകടനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിന് പരിശ്രമിക്കുമെന്നും ദെഷാംപ്സ് പറഞ്ഞു.
'അറ്റ്ലസ് ലയൺസ്' എന്ന് വിളിപ്പേരുള്ള മൊറോക്കോ ഖത്തർ ലോകകപ്പിന്റെ വിസ്മയമാണ്. മൊറോക്കൻ ടീമിനെ മറികടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
അവർക്കെതിരെ കളിക്കുകയെന്നത് ഒട്ടും എളുപ്പമാകില്ലെന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ഫ്രഞ്ച് കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മികച്ച ടീമായിരുന്നു ഇംഗ്ലണ്ടിന്റേത്. അവർക്കെതിരെജയം നേടാൻ കഴിഞ്ഞെങ്കിലും സാങ്കേതികത്തികവിൽ അവർ ഞങ്ങളേക്കാൾ മുന്നിലായിരുന്നു.
പരിചയ സമ്പത്തിന്റെ മുൻതൂക്കം ഞങ്ങൾക്കുണ്ടായിരുന്നു. താരങ്ങളെല്ലാം നല്ല മാനസിക നിലയിലുമാണ്. ഇംഗ്ലണ്ടിനും മികച്ച താരങ്ങളാണുള്ളത്. അവരൊക്കെ യൂറോപ്പിലെ മുൻനിര ക്ലബുകൾക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്.
ടൂർണമെൻറിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് മികച്ച ടീമായിരുന്നുവെന്ന് നമ്മൾ കണ്ടു. ഭാഗ്യവശാൽ ജയം ഞങ്ങളുടെ വഴിയിലായിരുന്നു. ജയത്തിന് ചിലപ്പോൾ ഭാഗ്യവും ആവശ്യമാണ് -ദെഷാംപ്സ് പറഞ്ഞു.
ടൂർണമെൻറ് അവസാനത്തോടെ ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷനുമായുള്ള ദെഷാംപ്സിന്റെ കരാർ അവസാനിക്കും. അതേസമയം, ടൂർണമെൻറിന് ശേഷവും ദെഷാംപ്സ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ പ്രസിഡൻറ് നോയൽ ലെഗ്രെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.