ആദ്യ പകുതിയിൽ മൊറോക്കോ ഗർജനം; കാനഡക്കെതിരെ ഒരു ഗോൾ ലീഡ്
text_fieldsദോഹ: അൽ തുമാമ സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടർ സ്വപ്നവുമായി കാനഡയെ നേരിടുന്ന മൊറോക്കോ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിനു മുന്നിൽ. 2-1നാണ് ആദ്യ പകുതി അവസാനിച്ചത്. ആദ്യ മിനിറ്റുകളിൽതന്നെ കനേഡിയൻ വല കുലുക്കി കാനഡയെ വിറപ്പിച്ച അറ്റ്ലസ് ലയൺ, 23ാം മിനിറ്റിൽ ലീഡ് രണ്ടാക്കി.
ഹാകിം സിയെച്ച് (നാല്), യൂസഫ് എൻ നെസിറി (23) എന്നിവരാണ് മൊറോക്കോക്കായി വല കുലുക്കിയത്. മൊറോക്കോ താരം നായിഫ് അഗ്വേഡിന്‍റെ സെൽഫ് ഗോളിലൂടെയാണ് കാനഡ ലീഡ് കുറച്ചത്. പന്തടക്കത്തിൽ കാനഡ മുന്നിട്ടുനിന്നെങ്കിലും മുന്നേറ്റത്തിൽ മൊറോക്കോക്കായിരുന്നു മുൻതൂക്കം. കാനഡയുടെ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് രണ്ടു തവണയാണ് മൊറോക്കോ ഷോട്ട് തൊടുത്തത്.
കാനഡയുടെ അക്കൗണ്ടിൽ ഒരു ഷോട്ട് പോലുമില്ല. ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. അധികം വൈകാതെ അതിനുള്ള ഫലവും ലഭിച്ചു. നാലാം മിനിറ്റിൽ ഹകീം സിയെച്ചിന്‍റെ ഗോളിലൂടെ മൊറോക്കോ മുന്നിലെത്തി. പ്രതിരോധ നിരയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴച്ചു.
പന്ത് പിടിച്ചെടുക്കാന്‍ മൊറോക്കോ താരം എത്തിയതോടെ ഓടിയെത്തിയ ബോര്‍ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്ത് നിന്ന് പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തിച്ചു. 14ാം മിനിറ്റിൽ കാനഡക്ക് ലഭിച്ച സുവർണാവസരം മുതലെടുക്കാനായില്ല.
ലാരിൻ വലതുവിങ്ങിൽനിന്ന് ബോക്സിലേക്ക് നൽകിയ പാസ് ടാജോൺ ബുച്ചാനന് കൃത്യമായി കണക്ട് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിന് പുറത്തേക്ക്. 23ാം മിനിറ്റിൽ ത്രോ ബോളാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് കിട്ടിയ യൂസഫ് എൻ നെസിരിയുടെ ഒരു കിടിലൻ ഷോട്ട് ഗോളിയെയും മറികടന്ന് കാനഡയുടെ ബോക്സിലേക്ക്.
നെസിരിയുടെ ഖത്തർ ലോകകപ്പിലെ രണ്ടാം ഗോളാണിത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നെസിരി വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. ഗ്രൂപ് എഫിലെ നിർണായക മത്സരത്തിൽ കാനഡക്കെതിരെ സമനില മതിയാവും മൊറോക്കോക്ക് മൂന്നര പതിറ്റാണ്ടിനുശേഷം പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാൻ. രണ്ടു മത്സരങ്ങൾ തോറ്റ കാനഡ പ്രീ ക്വാർട്ടർ കാണാതെ പുറത്തായിട്ടുണ്ട്. മൊറോക്കോ 4-3-3 ശൈലിയിലും കാനഡ 3-4-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.
മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപിലെ സമവാക്യങ്ങൾ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ, ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. മൊറോക്കോ മത്സരം ജയിച്ചാൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയോ, ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയമോ പ്രീ ക്വാർട്ടറിലുണ്ടാകില്ല.
മൊറോക്കോ ടീം: യാസീൻ ബൗനോ, അഷ്‌റഫ് ഹകീമി, നൗസൈർ മസ്‌റൂഇ, സുഫ്‌യാൻ അമ്രബാത്, സാബിരി, നായിഫ് അഗ്വേഡ്, റൊമൈൻ സായ്‌സ്, ഹകീം സിയെച്ച്, അസ്സെദ്ദീൻ ഒനാഹി, സൗഫിയാൻ ബൗഫൽ, യൂസഫ് എൻ നെസിരി.
കാനഡ ടീം: മിലൻ ബോർഹൻ, ജോൺസ്റ്റൺ,വിറ്റോറിയ, മില്ലർ, അഡകുഗ്‌ബെ, ഒസോരിയോ, കായെ, ഡേവിഡ്, ബുച്ചാനൻ, ലാരിൻ, ഹോയ്‌ലെറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.