''മികച്ച നാലിലൊരു ടീമാണ്. എന്തുകൊണ്ട് ഫൈനൽ കളിച്ചുകൂടാ?''- നയം വ്യക്തമാക്കി മൊറോക്കോ കോച്ച് വലീദ്
text_fieldsനിലവിൽ ലോകത്തെ ഏറ്റവും മികച്ച നാലു ടീമുകളിലൊന്നായ ഞങ്ങൾക്ക് എന്തുകൊണ്ട് ലോകപോരാട്ടത്തിന്റെ ഫൈനൽ കളിച്ചുകൂടായെന്ന മില്യൺ ഡോളർ ചോദ്യവുമായി മൊറോക്കോ കോച്ച് വലീദ് റഗ്റാഗൂയി. ലോകകപ്പ് സെമിയിൽ പന്തുതട്ടുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ചരിത്രം കുറിച്ച് ബുധനാഴ്ച രാത്രി ഇറങ്ങാനിരിക്കെയാണ് ടീമിന്റെ കോച്ചിന്റെ നയം വ്യക്തമാക്കൽ. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് മൊറോക്കോക്ക് എതിരാളികൾ. ''ഇഛയോടെ ഞങ്ങൾ പൊരുതും. പരാജയം ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. വൻകരയിലെ ആളുകളുടെ മനോഭാവം മാറ്റിയെടുക്കാനാണ് ഇത്തവണ ഞങ്ങൾ ലോകകപ്പിനെത്തിയത്''- അദ്ദേഹം പറയുന്നു.
ഏറ്റവും മികച്ച നിരകളുമായി എത്തിയ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ ടീമുകളെ വീഴ്ത്തിയാണ് മൊറോക്കോ കിരീടത്തിലേക്ക് രണ്ടു ചുവട് അകലെയെത്തിയത്. ഇത്തവണ ഫ്രാൻസിനെ കൂടി വീഴ്ത്താനായാൽ സമാനതകളില്ലാത്ത ആഫ്രിക്കൻ ആഘോഷത്തിനാകും ഖത്തർ വേദി സാക്ഷിയാകുക.
''ഓരോ കളിക്കു മുമ്പും ഞങ്ങൾ പുറത്താകുമെന്നാണ് ജനം ചിന്തിച്ചുകൊണ്ടിരുന്നത്. എന്നിട്ടും ബാക്കിയായി. ആ മധുര സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകാൻ വളരെ അടുത്തെത്തിക്കഴിഞ്ഞു. ഇനി അത് സ്വന്തമാക്കാനുള്ള പോരാട്ടമാകും ഞങ്ങളുടെത്. സെമി ഫൈനൽ കളിച്ചാൽ മതിയെന്നാണ് ഭാവമെങ്കിൽ അംഗീകരിക്കാനാകില്ല. സെമികൊണ്ട് ഞങ്ങൾ തൃപ്തരാകില്ല. സെമി കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായതുകൊണ്ടും മതിയാകില്ല. അതിനപ്പുറത്തേക്ക് സഞ്ചരിക്കണം. ഭ്രാന്തമായ സ്വപ്നമെന്നാകും. എന്നാൽ, ഇത്തിരി ഭ്രാന്ത് ആവശ്യമായ ഘട്ടമാണിത്''- റഗ്റഗൂയി തുടർന്നു.
1986ലാണ് മൊറോക്കോ ഇതിനു മുമ്പ് ലോകകപ്പിൽ വലിയ പ്രകടനം പുറത്തെടുത്തത്. അന്ന് പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായി. നിലവിൽ ലോക റാങ്കിങ്ങിൽ 22ാമതാണ് ടീം. ആദ്യ 10ലെ മൂന്ന് വമ്പന്മാരെ ഇതിനകം അട്ടിമറിച്ച മൊറോക്കോ റെക്കോഡുകൾ പുതിയത് കുറിച്ചുകൊണ്ടിരിക്കുകയാണ്.
ഖത്തറിൽ ലോക റാങ്കിങ്ങിൽ രണ്ടാമന്മാരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് വീഴ്ത്തിയിരുന്നത്. സ്പെയിനിനെ പെനാൽറ്റിയിൽ കടന്ന ടീം പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. പ്രതിരോധം കരുത്തുകാട്ടുന്ന ടീമിന്റെ മിന്നൽ റെയ്ഡുകളാണ് പലപ്പോഴും എതിർനിരയെ കുഴക്കുന്നത്. സ്വന്തം പകുതിയിൽ പരമാവധി നേരം പന്തുതട്ടാൻ അനുവദിച്ച് കിട്ടുന്ന അവസരം എതിർവല ലക്ഷ്യമാക്കി അതിവേഗം കുതിക്കുകയും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്നതാണ് രീതി.
അതേ സമയം, നാളെ ഇറങ്ങുമ്പോൾ പിൻനിര പരിക്കിന്റെ പിടിയിലാണെന്നത് ടീമിന് വെല്ലുവിളിയാകും. സെന്റർ ബാക്ക് നായിഫ് അഗ്യൂർഡ്, പ്രതിരോധത്തിലെ റുമൈൻ സായ്സ് തുടങ്ങിയർ ബുധനാഴ്ച ഇറങ്ങുമോയെന്ന് സംശയമാണ്. ഇഷ്ട ടീമിന്റെ കളി കാണാൻ 20,000 ഓളം മൊറോക്കോക്കാൻ ഖത്തർ അൽബൈത് സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.