പ്രതിരോധം ആയുധമാക്കി മൊറോക്കോ കുതിപ്പ്
text_fieldsഖത്തര്‍ ലോകകപ്പിന്റെ ചെപ്പുകളിലൊളിപ്പിച്ച അത്ഭുതങ്ങളോരോന്നായി കൂടുവിട്ടിറങ്ങി വരുന്നു. ചരിത്രം മാറ്റിയെഴുതി മൊറോക്കോ ഫിഫ വേള്‍ഡ് കപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമായും, ആഫ്രിക്കന്‍ രാജ്യമായും മാറി. കളിയുടെ 41ാം മിനുറ്റില്‍ എല്‍ നസീരിയുടെ അതിമനോഹരമായ ഹെഡ്ഡര്‍ ഗോളിലൂടെയാണ് അവര്‍ ചരിത്രം തിരുത്തിയെഴുതിയത്.
ഇരുടീമുകളും പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചിലിരുന്ന കളിയില്‍ തീര്‍ത്തും ആക്രമണാത്മകമായ ഫുട്ബോള്‍ തന്നെയാണ് തുടങ്ങിയത്. വീണ്ടും വീണ്ടും രാകി മിനുക്കി വിജയം കണ്ട പ്രത്യാക്രമണഫുട്ബോളില് മൊറോക്കോ ഉറച്ച് നില്‍ക്കുകയും ചെയ്തു.
ജോവോ ഫെലിക്സും, ബ്രൂണോ ഫെര്‍ണാണ്ടസും, റാമോസും കേമമായി സ്ഥാനവ്യതിയാനങ്ങള്‍ നടത്തി മൊറോക്കോ പ്രതിരോധത്തെ പരീക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെ അനതിസാധാരണമായ ഏകാഗ്രതയോടും അച്ചടക്കത്തോടെയും അവര്‍ അസാധുവാക്കിക്കൊണ്ടേയിരുന്നു. പ്രത്യാക്രമണസാധ്യതകളെ തേടി മൊറോക്കൊ നടത്തിയ നീക്കങ്ങള്‍ പലപ്പോഴും പാര്‍ശ്വങ്ങളില്‍ തന്നെ തല്ലിക്കൊഴിക്കപ്പെട്ടു.
കളിഗതിക്ക് വിപരീതമായി വന്ന ഒരു ഹൈ-ലോഫ്റ്റഡ് ക്രോസ് ബോളിനെ അതിമനോഹരമായി ജഡ്ജ് ചെയ്ത് കയറിവന്ന ഗോള്കീപ്പറേക്കാളും ഉയരത്തില്‍ ചാടി ഉയര്‍ന്ന് സ്ട്രൈക്കര്‍ എല്‍ നസീരി തലകൊണ്ട് ഗോളിലേക്ക് വഴി തിരിച്ച് വിട്ട് മൊറോക്കൊ ചരിത്രത്തിലേക്ക് നടന്ന് കയറി.
രണ്ടാം പകുതിയില്‍ ആക്രമണാത്മകമാറ്റങ്ങളുമായി പോര്‍ച്ചുഗലും, കുറേക്കൂടി പ്രതിരോധബലമേകാനാവുന്ന മാറ്റങ്ങളുമായി മൊറോക്കോയും കളത്തിലിറങ്ങി. മൊറോക്കോ 5-4-1 എന്ന രൂപഘടനയില്‍ വിടവുകളില്ലാത്ത വിധം പ്രതിരോധത്തെ പുനഃപ്രതിഷ്ഠിച്ചു. പോര്‍ചുഗല്‍ വിറ്റിഞ്ഞയുടെയും, ലിയാവോയുടെയും വരവോടെ പാര്‍ശ്വങ്ങളിലേക്ക് ആക്രമണവഴികള്‍ മാറ്റുകയും, ക്രോസ്ബോള്‍ ഡെലിവറികളിലൂടെ ഗോളിലേക്കെത്താന്‍ ശ്രമിക്കുകയും ചെയ്തു.
പക്ഷെ , തീര്‍ത്തും അലക്ഷ്യമായതും, പലപ്പോഴും അവയെല്ലാം മൊറോക്കോ പ്രതിരോധത്തിന് അത്രമേല്‍ ഭീഷണിയാവാത്തതോ ആയ നീക്കങ്ങളായി മാറി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വ്യക്തിഗതമികവ് എടുത്ത് കാണിച്ച ബാറിലിടിച്ച ഷോട്ടും, പ്രതിരോധത്തെ സ്ട്രെച് ചെയ്യുന്ന ഓട്ടങ്ങളുമൊന്നും പക്ഷെ പോര്‍ചുഗലിന്റെ ആസന്നമായ പതനത്തെ തടഞ്ഞ് നിര്‍ത്താനായില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും അതൊന്നും അവരെ തുണച്ചില്ല.
മൊറോക്കോ പൂർണമായും അവരുടെ ശക്തിദൗര്ബല്യങ്ങള്ക്കനുസൃതമായാണ് ആദ്യന്തം പന്ത് തട്ടിയത്. ആദ്യപകുതിയില്‍ അവരുടെ ഡിഫന്‍സീവ് ഡിസിപ്ലിനും, ഏകാഗ്രതയുമൊന്നും അത്ര പരീക്ഷിക്കപ്പെട്ടില്ലെങ്കിലും രണ്ടാം പകുതിയില്‍ അവരുടെ കീപ്ലെയേഴ്സിനെ സബ്സ്റ്റിറ്റ്യൂട് ചെയ്യേണ്ടി വന്നതില്‍ പിന്നെ പല പഴുതുകള്‍ പതിയെ കണ്ടുതുടങ്ങിയിരുന്നു. നിരന്തരമായ ആക്രമണങ്ങളോട് പൊരുതിനിലയുറപ്പിച്ചതിന്റെ ക്ഷീണം കളിക്കാരെ ബാധിച്ച പോലെ കാണപ്പെട്ടു.
പ്രത്യാക്രമണങ്ങള്‍ ക്രിയാത്മകമായി ഓപറേറ്റ് ചെയ്യാന്‍ പോലും പോര്‍ചുഗീസ് ഹാഫില്‍ മൊറോക്കന്‍ താരങ്ങളുടെ അഭാവം പ്രകടമായ സമയങ്ങളായിരുന്നു അത്. തുടരെത്തുടരെ മാറ്റങ്ങള്‍ വരുത്തി എന്ത് വിലകൊടുത്തും ലീഡ് നിലനിര്‍ത്തുക എന്ന ആത്യന്തികലക്ഷ്യം മൊറോക്കോ സാക്ഷാത്കരിച്ചു. മിനിമം ഡിമാന്റിലേക്ക് കാര്യങ്ങളെ ചുരുക്കി കളിക്കാരെ കൊണ്ട് അത് നിര്വഹിച്ചെടുത്ത മൊറോക്കന്‍ കോച്ച് റെഗ്രാഗ്രി ഒരിക്കല്‍ കൂടി കയ്യടികള്‍ അര്‍ഹിച്ച മത്സരമായിരുന്നു ഇതെന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.