മനം കവർന്ന് മൊറോക്കൻ മടക്കം
text_fieldsഏഷ്യയിൽനിന്ന് ദക്ഷിണ കൊറിയയും ജപ്പാനും സൗദിയും മുതൽ ഇറാൻ വരെ നോക്കൗട്ട് സാധ്യത പട്ടികയിൽ വന്നപ്പോൾ ആഫ്രിക്കയെ കുറിച്ച കണക്കെടുപ്പുകളിൽ എല്ലാം സെനഗാൾ മാത്രമായിരുന്നു. സാദിയോ മാനെയെന്ന മാന്ത്രികൻ പരിക്കേറ്റ് പുറത്തായിട്ടും സെനഗാൾ ക്വാർട്ടർ വരെ എത്താമെന്ന് ചിലർ ഉറപ്പുപറഞ്ഞു. അവസാന കളിയിൽ ഫ്രാൻസിനെ വീഴ്ത്തി വീരന്മാരായി മടങ്ങിയ ടുണീഷ്യയെ മുന്നിൽ നിർത്താൻ ചിലർ ആവേശം കാട്ടിയപ്പോഴും മൊറോക്കോയെ അവർ കണ്ടില്ല. എന്നാൽ, നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള, കറുത്ത വൻകരയുടെ എല്ലാ അരിഷ്ടതകളും ഏറിയും കുറഞ്ഞും സ്വന്തം അനുഭവമാക്കിയ കൊച്ചുരാജ്യം അദ്ഭുതങ്ങളുടെ സുൽത്താന്മാരായി മടങ്ങുകയാണ്. ഖത്തർ മണ്ണിൽ തോൽവി പരിചയമില്ലാത്തവരായി ക്വാർട്ടർ വരെ എത്തി പിന്നീട് രണ്ടുകളികളിലും വീണുപോയവർ ചരിത്രം പലതു സ്വന്തം തലയിൽ ചേർത്തുവെച്ചാണ് തിരികെ വിമാനം കയറുന്നത്. ആഫ്രിക്കക്ക് ഇനിയേറെ ഉയരങ്ങൾ കീഴടക്കാനുണ്ടെന്നും ഒന്നും വിദൂരത്തല്ലെന്നും അവർ ലോകത്തെ പഠിപ്പിച്ചിരിക്കുന്നു. വലിയ വിലാസങ്ങളുമായി എത്തിയവരെ മുട്ടുകുത്തിച്ച് അവർക്കുമേൽ സ്വന്തം മുദ്ര പതിക്കുന്ന കളിക്കൂട്ടങ്ങളിലേക്കാണ് ഇനി ലോകം കൺപാർക്കുകയെന്നും അവർ വിളംബരം നടത്തുന്നു.
26 അംഗ സംഘത്തിൽ 14 പേരും രാജ്യത്തിനു പുറത്ത് പിറന്നവരായിരുന്നു മൊറോക്കോ ടീമിൽ. രണ്ടു പേർ സ്പെയിനിൽ, നാലു പേർ നെതർലൻഡ്സിലും ബെൽജിയത്തിലും. രണ്ടു പേർ ഫ്രാൻസിൽ, ഒരാൾ കാനഡയിൽ, ജർമനിയിൽ. അങ്ങനെ പല രാജ്യങ്ങളിൽ. ഓരോ രാജ്യവും ഇത്തവണ ലോകകപ്പ് കളിക്കാനെത്തിയവർ. താരങ്ങൾക്കാകട്ടെ, ചിലർക്കെങ്കിലും പിറന്ന നാടിനു വേണ്ടി കളിക്കാൻ അവസരം ലഭിക്കുമായിരുന്നവർ. എന്നിട്ടും അവർ മാതാപിതാക്കളുടെ നാടിനെ തെരഞ്ഞെടുത്തു. പട്ടിണിയുടെ പേരിൽ നാടുവിട്ടുപോന്ന അച്ഛനമ്മമാർക്കുവേണ്ടി അവരുടെ നാടിന്റെ ലേബൽ പേറാൻ തീരുമാനമെടുത്തു.
ആ തീരുമാനം മാത്രമായിരുന്നില്ല, ഉയിരു നൽകിയവരെ ഏറ്റവും മനോഹരമായി ആദരിക്കാൻ ലോകകപ്പിൽ ഏറെ മുന്നേറണമെന്നും അവർ ഉറപ്പിച്ചു. അതായിരുന്നു മൈതാനത്ത് പുലർന്നത്. തങ്ങളെ ഇത്തിരിക്കുഞ്ഞന്മാരായി കരുതി ഏറ്റുമുട്ടാനെത്തിയവരെ തുടക്കം മുതൽ പാഠം പഠിപ്പിച്ചു. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയമായിരുന്നു ആദ്യ 'ഇര'. പി.എസ്.ജിയുടെ പിൻനിരയിലെ ഏറ്റവും കരുത്തനായ അശ്റഫ് ഹകീമിയെന്ന ഇളമുറക്കാരൻ പനെങ്ക ഷോട്ടിൽ സ്പെയിനിനെ പ്രീക്വാർട്ടറിൽ കടക്കുമ്പോഴും ഇതുതന്നെ കണ്ടു.
സെമിയിൽ പക്ഷേ, ഫ്രാൻസ് കുറെക്കൂടി കടുപ്പമായിരുന്നു. ഒരിക്കലും കരുതാത്ത ആംഗിളിൽ കളി പിടിക്കാൻ അറിയുന്നവർ. അഞ്ചാം മിനിറ്റിൽ ഗോൾവാങ്ങിയതോടെ കളി തീരുമാനമായതാണ്. ലൂസേഴ്സ് ഫൈനലിലും സമാനമായിരുന്നു കളി. ടീം ഗെയിമിലും പൊസഷനിലും ബഹുദൂരം മുന്നിൽനിന്ന ക്രൊയേഷ്യ തന്നെ ജയിച്ചു. അതോടെ, ലോകകപ്പിൽ കലാശപ്പോരിനു തൊട്ടുമുമ്പുവരെ മൈതാനത്തുനിന്ന് രാജകീയ മടക്കം.
ഫ്രാൻസിൽ ജനിച്ച് മൊറോക്കോ ദേശീയ ടീമിൽ കളിച്ച ദേശീയ ടീമിന്റെ പരിശീലകൻ വലീദ് റഗ്റാഗിയോടു കൂടി കടപ്പെട്ടിരിക്കുന്നു ഈ ടീം. ഈ ലോകകപ്പിൽ ആഫ്രിക്കയുടെയും അറബ് ലോകത്തിന്റെയും മുഴു പ്രതീക്ഷകളും ചുമലിലേറ്റാൻ കരളുറപ്പുള്ളവർ മാത്രം മതിയെന്ന അദ്ദേഹത്തിന്റെ തിട്ടൂരം ഹൃദയത്തിലേറ്റുവാങ്ങിയവർ കാലുകളും മനസ്സും അതിനായി പകർന്നുനൽകി.
ശരിക്കും തലച്ചോറിൽ നെയ്തെടുത്ത് കാലുകളിൽ നടപ്പാക്കുന്ന ഒരു സൂപർ ഗെയിമായിരുന്നു ഖത്തർ മൈതാനങ്ങളിൽ ഫുട്ബാൾ അവർക്ക്. ഓരോ ടീമിനെതിരെയും പുറത്തെടുത്തത് സമാനതകളില്ലാത്ത കളിയഴക്. ആദ്യം ക്രൊയേഷ്യയെ ഒപ്പം പിടിച്ചുതുടങ്ങിയ ടീം ഗ്രൂപിൽ ബെൽജിയം, കാനഡ എന്നിവരെ മുട്ടുകുത്തിച്ച് ഒന്നാമന്മാരായാണ് നോക്കൗട്ടിനെത്തുന്നത്. അവിടെ ആദ്യം എതിരാളികളായി ലഭിച്ചത് സ്പെയിൻ. അതുവരെയും വലിയ മാർജിനിൽ ജയം കണ്ടു പരിചയിച്ച് അർമഡക്കു പക്ഷേ, ഒരു ഗോൾ പോലും മൊറോക്കോ വലയിലെത്തിക്കാനായില്ല. അവിടെ കൈകൾ നീട്ടിപ്പിടിച്ച്, ഏതു സമയവും പുഞ്ചിരിച്ച് നിൽപുണ്ടായിരുന്ന യാസീൻ ബോനോയെന്ന മാന്ത്രികൻ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചപ്പോൾ മൊറോക്കോക്കു മുന്നിൽ മൂക്കുകുത്തിവീഴുന്ന രണ്ടാം കൊമ്പനായി സ്പെയിൻ. ഇതുവരെയുള്ള നേട്ടങ്ങളുടെ കഥയിൽ ആഫ്രിക്കൻ വൻകരയിലെ മറ്റു രാജ്യവും മുമ്പ് പങ്കാളിയായിരുന്നു. അവിടന്നങ്ങോട്ട് പക്ഷേ, മൊറേോക്കോക്കു മാത്രം അവകാശപ്പെട്ടത്. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലും ആദ്യ ഇലവനിൽ ആവശ്യമില്ലാത്ത പോർച്ചുഗലിനെ തീർക്കാൻ ആദ്യ 90 മിനിറ്റ് തന്നെ ഏറെയായിരുന്നു.
ഹകീം സിയെഷ്, നുസൈർ മസ്റൂഇ, സുഫിയാൻ ബൂഫൽ, റുമൈൻ സായിസ്, സകരിയ അബൂഖ്ലാൽ, നായിഫ് അഗ്യൂർഡ്, ജവാദ് അൽയാമിഖ്, അബ്ദുൽ ഹാമിദ് സാബിരി, യൂസുഫ് അന്നസീരി തുടങ്ങി അതിമിടുക്കരായ താരനിരയെ ലോകം എങ്ങനെ മറക്കും. വീണ്ടും സജീവമാകുന്ന യൂറോപിലെ ട്രാൻസ്ഫർ വിപണിയിൽ ഈ താരങ്ങളുടെയെല്ലാം മൂല്യം അതിവേഗം ഉയരുമെന്നുറപ്പ്. കോച്ച് റഗ്റാഗിയെയും ചാക്കിട്ടുപിടിക്കാൻ ഒരുപാടു പേരുണ്ടാകും. അറബ് ലോകത്തിന് കൂടി വൻ പ്രതീക്ഷ നൽകുന്നതായിരുന്നു മൊറോക്കോ നേടിയ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.