ഹാകിമിക്ക് മാതാവിന്റെ സ്നേഹ ചുംബനം; പഴയ വീട്ടുവേലക്കാരിയെ ചേർത്തുപിടിച്ച് ഫുട്ബാൾ ലോകം
text_fieldsദോഹ: ഫുട്ബാൾ ഓരോരുത്തരെയും വൈകാരികമായി എങ്ങനെ സ്വാധീനിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടത്. അർജന്റീനയെ സൗദിയും ജർമനിയെ ജപ്പാനും ബെൽജിയത്തെ മൊറോക്കൊയും അട്ടിമറിച്ചപ്പോൾ അത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾക്ക് ലോകം സാക്ഷിയായി.
ആദ്യ മത്സരത്തിൽ തോറ്റ് നിലനിൽപ് തന്നെ പ്രതിസന്ധിയിലായ അർജന്റീനക്കായി മെക്സിക്കോക്കെതിരെ ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ അസിസ്റ്റന്റ് കോച്ചും മുൻ അറ്റാക്കിങ് മിഡ്ഫീൽഡറുമായ പാേബ്ലാ ഐമർ ഗാലറിയിലിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു.
ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് മലർത്തിയടിച്ച മൊറോക്കൻ വീരഗാഥയാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ച.
ഇതുവരെ ലോകകപ്പില്‍ രണ്ടുമത്സരങ്ങള്‍ മാത്രം ജയിച്ച മൊറോകൊക്കിത് അട്ടിമറി മാത്രമല്ല, 24 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പ് വിജയം കൂടിയാണ്. ഗ്രൂപ്പില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി അവര്‍ ആഫ്രിക്കയുടെ അഭിമാനമാവുകയാണ്.
വിജയത്തിന് ശേഷം മൊറോക്കൊയുടെ പി.എസ്.ജി താരം അഷ്റഫ് ഹാകിമിയുടെ മാതാവിനൊപ്പമുള്ള വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മത്സരം അവസാനിച്ചയുടൻ ഹാകിമി, അൽതുമാമ സ്റ്റേഡിയത്തിലെ മുൻനിരയിൽ ഇരിപ്പുറപ്പിച്ച മാതാവ് സെയ്ദ മൗവിനടുത്തേക്ക് ഓടിയെത്തി. ശേഷം മത്സരത്തിൽ താരം അണിഞ്ഞ ജഴ്സി കളിയിൽ എന്നും തനിക്ക് പ്രചോദമായ മാതാവിന് സമ്മാനിക്കുന്നതും പരസ്പരം ആശ്ലേഷിച്ച് ചുംബിക്കുന്നതും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
മകന്‍ ലോകകപ്പ് കളിക്കുന്നത് കാണാന്‍ കണ്ണ് നട്ടിരുന്ന പഴയൊരു വീട്ടുവേലക്കാരിയുടെ സാഫല്യമുത്തം കൂടിയായിരുന്നു അത്. ഉമ്മയും മകനും തമ്മിലുള്ള ഈ വൈകാരിക രംഗം സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിക്കുകയാണിപ്പോൾ. മാഡ്രിഡില്‍ ജനിച്ചിട്ടും ലോകകപ്പ് കളിക്കാന്‍ മാതാവിന്റെ രാജ്യം തെരഞ്ഞെടുത്ത ഹകിമിക്ക് ആ വിജയം അത്രമേൽ വൈകാരികമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.