മുഹമ്മദ് അബ്ദുല്ലയറിഞ്ഞില്ല തുന്നിയ കുപ്പായം മെസ്സിക്കായിരുന്നെന്ന്
text_fieldsദോഹ: ലോകകപ്പ് കഴിഞ്ഞ് കളിക്കാരും ആരാധകരും മടങ്ങിത്തുടങ്ങിയപ്പോൾ സൂഖ്വാഖിഫിലെ തുന്നൽകടയിലേക്കാണ് മാധ്യമപ്രവർത്തകർ ആ സവിശേഷകുപ്പായത്തിന്റെ കഥകൾ തേടിയെത്തുന്നത്. ലോകകപ്പിന്റെ ഫൈനൽ വേദിയിൽ ലയണൽ മെസ്സിയെ ഖത്തർ അമീർ അണിയിച്ച പരമ്പരാഗത അറബ് മേൽകുപ്പായമായ ‘ബിഷ്ത്’ ലോകശ്രദ്ധ നേടിയതിനുപിന്നാലെ ഇവിടെയൊരു തുന്നൽകാരനാണ് ഹീറോ. ഫൈനലിന് മുമ്പെത്തിയ ഓർഡറിന്റെ അടിസ്ഥാനത്തിൽ ആർക്കാണെന്നോ, ആരാണ് അണിയിക്കുന്നതെന്നോ അറിയാതെയായിരുന്നു മുഹമ്മദ് അബ്ദുല്ല അൽ സാലിം രണ്ട് ബിഷ്തുകൾ നിർമിച്ചുനൽകിയത്.
ലോകകപ്പ് സംഘാടകസമിതിയിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തിയായിരുന്നു രണ്ട് ബിഷ്തുകൾക്ക് ഓർഡർ നൽകിയത്. നേരിയ തുണിയിൽ, വ്യത്യസ്ത സൈസിലുള്ള ബിഷ്തുകൾ അടിയന്തരമായി നിർമിക്കാനായിരുന്നു ആവശ്യം. ഓർഡർ ലഭിച്ചതു പ്രകാരം നിർമാണം പൂർത്തിയാക്കി അവ നൽകുകയും ചെയ്തു.
എന്നാൽ, ലോകകപ്പ് ഫൈനൽ മത്സരം അടുത്ത കടയിൽനിന്ന് കണ്ടപ്പോൾ ഏറ്റവും ഒടുവിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അർജൻറീന ക്യാപ്റ്റൻ ലണയൽ മെസ്സിയെ സ്വർണകരയോടുകൂടിയ ബിഷ്ത് അണിയിക്കുമ്പോൾ മുഹമ്മദ് അബ്ദുല്ല അൽ സാലിം ഞെട്ടി. ബിഷ്ത്തിൽ തന്റെ കടയുടെ ടാഗ് കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു.
ഏതാനും ദിവസങ്ങൾ മുമ്പ് തന്റെ കടയിൽനിന്നും നിർമാണം പൂർത്തിയാക്കിയ അതേ മേൽവസ്ത്രം അമീർ കാൽപന്തുകളിയുടെ രാജാവിനെ അണിയിച്ച നിമിഷത്തിൽ ഏതൊരു ഫുട്ബാൾ പ്രേമിയേക്കാളും അബ്ദുല്ല അൽ സാലിം വികാരാധീനനായി. ലയണൽ മെസ്സിക്കും ഫ്രഞ്ച് ടീം ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിനുമായിരുന്നു രണ്ടു ബിഷ്തെന്ന് അപ്പോൾ മാത്രമാണ് അബ്ദുല്ല അൽ സാലിം മനസ്സിലാക്കിയത്.
കൈ കൊണ്ട് തുന്നിയതായിരുന്നു രണ്ട് ബിഷ്തും. 8000 റിയാലായിരുന്നു ഇതിന്റെ വില. ജാപ്പനീസ് നജാഫി തുണിയിൽനിന്ന് നിർമിക്കുന്ന ഇവ ഏഴ് ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാക്കിയത്. നിരവധി തൊഴിലാളികൾ മുൻവശത്തും കൈകളിലും വ്യത്യസ്ത സ്വർണ ബ്രെയ്ഡുകൾ ചേർക്കുന്നു. ജർമനിയിൽനിന്നുള്ള സ്വർണ നൂൽ ഉപയോഗിച്ചായിരുന്നു മെസ്സിയുടെ ബിഷ്ത് തുന്നിയത്.
വിശേഷപ്പെട്ട മേൽവസ്ത്രമായ ബിഷ്ത്, മറ്റൊരാളെ ധരിപ്പിക്കുമ്പോൾ ആ വ്യക്തിയെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നാണ് അർഥമെന്ന് മുഹമ്മദ് അബ്ദുല്ല സാലിം സാക്ഷ്യപ്പെടുത്തുന്നു. അറബ് രാജ്യങ്ങളിൽ പണ്ടുകാലം മുതൽ ഏറെ ആദരവോടെ കണക്കാക്കുന്ന ബിഷ്ത്, വിശേഷദിനങ്ങളിലാണ് അണിയുന്നത്.
ഭരണകർത്താക്കൾ, രാജകുടുംബാംഗങ്ങൾ, ശൈഖുമാർ ഉൾപ്പെടെയുള്ളവരാണ് അണിയുന്നത്. ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിക്ക് കൂടി ബിഷ്ത് നൽകിയതിലൂടെ കാൽപന്തിലെ ഇതിഹാസതാരത്തെ തങ്ങളുടെ പാരമ്പര്യംകൊണ്ട് ഖത്തർ ആദരിക്കുകയായിരുന്നു. ഇനിയെന്നും 2022 ലോകകപ്പിന്റെ ഓർമചിത്രങ്ങളിൽ ബിഷ്ത് അണിഞ്ഞ മെസ്സിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.