ലോക കപ്പിന് ആവേശം പകരാൻ "ഹല ഹല " മ്യൂസിക് ആൽബം
text_fieldsആലുവ: ലോക കപ്പിന് ആവേശം പകരാൻ മലയാളിയുടെ "ഹല ഹല " എന്ന മ്യൂസിക് ആൽബം. നിരവധി ആൽബങ്ങളും ഷോർട്ട് ഫിലിമുമൊക്കെ ചെയ്ത ആലുവ കുട്ടമശ്ശേരി സ്വദേശി സിറാജ് റെസയാണ് ആൽബം സംവിധാനം ചെയ്തത്. 20 വർഷക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അന്നം തന്ന ഖത്തറിനോടുള്ള ഐക്യദാർഢ്യവും സ്നേഹവുമാണ് ഈ ഗാനത്തിലൂടെ പ്രതിപാദിക്കുന്നത്.
അറബിക്, ഇംഗ്ലീഷ് കോമ്പോയിലാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. സിനിമ പിന്നണി ഗായകനും, സൂഫി ഗായകനുമായ സിയാഹുൽ ഹഖാണ് ഇതിലെ അറബി വരികൾ പാടിയിരിക്കുന്നത്. ഇംഗ്ലീഷ് റാപ്പ് പാടിയത് ശ്യാംലാലാണ്. അറബി വരികൾ എഴുതിയിരിക്കുന്നത് നിരവധി മലയാള സാഹിത്യ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് ശ്രദ്ധ നേടിയ സുഹൈൽ അബ്ദുൽ ഹക്കീം വാഫിയാണ്. പി.യു.ലക്ഷ്മിയാണ് ഇംഗ്ലീഷ് വരികൾ എഴുതിയത്.
ക്യാമറ ശരത് ഇടപ്പള്ളിയും, കൊറിയോഗ്രാഫി അനൂപും, പ്രൊജക്റ്റ് ഡിസൈനർ സാബിർ കല്ലുങ്കലുമാണ്. സിറാജ് റെസ, ഷിയാസ് അൽസാജ്, ചെങ്കിസ്ഖാൻ, നാലു വയസ്സുകാരൻ സൈഗം സാഹി, കാതറിൻ, ദേവിക, സാന്ദ്ര കൂടാതെ ഖത്തറിലുള്ള റേഡിയോ സുനോയിലേയും ഒലിവ് റേഡിയോയിലേയും ആർജെകൾ തുടങ്ങിയവരാണ് ചിത്രീകരണത്തിൽ പങ്കെടുത്തിട്ടുള്ളത്. പവൻ ഗ്രൂപ്പാണ് നിർമ്മാണം.
കേരള പിറവി ദിനത്തിൽ റെസ എൻറർടൈൻമെൻറ് യു ട്യൂബ് ചാനലിൽ റിലീസ് ചെയ്ത ആൽബം ഇതിനോടകം നിരവധി പേരാണ് കണ്ടത്. സിറാജ് റെസ കച്ചി എന്ന സിനിമക്ക് വേണ്ടി മ്യൂസിക് ചെയ്യുകയും സിത്താര കൃഷ്ണകുമാർ പാടിയ ഒരു പാട്ടിന് രചന നടത്തുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ആലുവ കീഴ്മാട് റോഡിൻറെ ശോചനീയാവസ്ഥയെക്കുറിച്ച് ''എത്രയും ബഹുമാനപ്പെട്ട മന്ത്രി അറിയുന്നതിന്....'' എന്ന് തുടക്കുന്ന ഒരു കത്ത് പാട്ട് പാടി ശ്രദ്ധേയനായിരുന്നു. ആ ഗാനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ഉടനെ റോഡിൻറെ പണി പൂർത്തീകരിക്കുകയും ചെയ്ത് വാർത്തയിൽ ഇടം പിടിച്ച ഒരു കലാകാരനും കൂടിയാണ് സിറാജ് റെസ.
ഹൈറുന്നിസയാണ് സിറാജിൻറെ ഭാര്യ. ഫഹമീദ ഖമർ, ഫിൽദ ഖമർ, ഫൗസ ഖമർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.