നജീബ് സാക്ഷ്യപ്പെടുത്തും സമാനതകളില്ലാത്ത ഒരുക്കം
text_fieldsമുൻ ലോകകപ്പുകളെ വെല്ലുന്ന രീതിയിലാണ് ഖത്തർ വിശ്വമേളക്കുള്ള ഒരുക്കം നടക്കുന്നതെന്ന് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ചിറക്കൽ അഹ്മദ് നജീബ്. നജീബ് ഇത് വെറുതെ പറയുന്നതല്ല. നാലു ലോകകപ്പുകൾക്ക് സംഘാടകനായി സാക്ഷ്യം വഹിച്ച അനുഭവസമ്പത്തിൽനിന്നാണ് ഈ മലയാളിയുടെ വിലയിരുത്തൽ. ''മുമ്പ് ലോകകപ്പ് അരങ്ങേറിയ വേദികളിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങളിൽ പരിഷ്കാരം വരുത്തിയും ഒന്നോ രണ്ടോ സ്റ്റേഡിയങ്ങൾ പോലെ അത്യാവശ്യം വേണ്ടവ കൂട്ടിച്ചേർത്തും ലോകകപ്പിനെ വരവേൽക്കുകയായിരുന്നു. എന്നാൽ, ഖത്തർ അങ്ങനെയല്ല. മറ്റുള്ള ഒരു രാജ്യത്തും കാണാത്തത്ര ഒരുക്കമാണ് ഖത്തറിൽ. എല്ലാം നവീനമായ രീതിയിൽ, പടുത്തുയർത്തുകയാണ് ഇവിടെ ചെയ്തത്. ഖത്തർ ചെയ്തതുപോലെ എവിടെയും കണ്ടിട്ടില്ല. ലുസൈൽ എന്ന നഗരം തന്നെ ഖത്തർ ലോകകപ്പിനായി രൂപകൽപന ചെയ്ത് സാക്ഷാത്കരിച്ചു'' -40 വർഷമായി ഖത്തറിൽ ജീവിക്കുന്ന നജീബ് ചൂണ്ടിക്കാട്ടുന്നു.
1998ൽ ഫ്രാൻസ്, 2002ൽ ജപ്പാൻ-ദ.കൊറിയ, 2006ൽ ജർമനി, 2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പുകളിലാണ് മുമ്പ് നജീബ് അണിയറയിൽ പ്രവർത്തിച്ചത്. ഏഷ്യൻ കോൺഫെഡറേഷനിലും ഫിഫയിലും ജോലി ചെയ്യുന്ന സമയത്താണ് ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ''ദക്ഷിണാഫ്രിക്കൻ ലോകകപ്പിലാണ് കൂടുതൽ കളി കണ്ടത്. അന്ന് അവിടത്തെ എല്ലാ വേദികളിലും പോയിരുന്നു. ഫൈനലിൽ സ്പെയിൻ ജേതാക്കളാവുമ്പോൾ ഞാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. '98ലെ ഫ്രാൻസ് ലോകകപ്പിൽ ബ്രസീൽ-ഫ്രാൻസ് ഫൈനൽ മത്സരമാണ് മനസ്സിൽ തങ്ങിനിൽക്കുന്ന പോരാട്ടം. സിനദിൻ സിദാന്റെ മാജിക്കിൽ ഫ്രാൻസ് ജയിച്ചത് ഇന്നും അതേപോലെ മനസ്സിലുണ്ട്. ഓരോ ലോകകപ്പിനെത്തുമ്പോഴും, കളിക്കമ്പക്കാരനെന്ന നിലയിൽ കൂടുതൽ മത്സരങ്ങൾ കാണണമെന്ന് ആഗ്രഹിക്കുമ്പോഴും ഔദ്യോഗിക തിരക്കുകൾ വിലങ്ങുതടിയാവാറുണ്ട്.''
ഖത്തറിൽ ലോകകപ്പ് വൻ വിജയമാകുമെന്നാണ് നജീബിന്റെ പക്ഷം. മറ്റു ലോകകപ്പുകൾക്കായി ചെലവിട്ടതിന്റെ എത്രയോ ഇരട്ടി തുകയാണ് ഖത്തർ അധികൃതർ ലോകകപ്പിന്റെ വിജയത്തിനായി ചെലവഴിക്കുന്നത്. ദക്ഷിണാഫ്രിക്കയിലൊക്കെ ആളുകൾ ഏറെ ആവേശത്തിൽ ലോകകപ്പിനെ വരവേറ്റിരുന്നു. എല്ലാ വീടുകളും കൊടിതോരണങ്ങളുമൊക്കെയായി അലങ്കരിച്ചിരുന്നു. ഖത്തറിൽ മലയാളികൾ എത്രയോ ആവേശത്തോടെയാണ് ലോകകപ്പിനെ വരവേൽക്കുന്നത്. കളി കാണാനെത്തുന്നവർ ഖത്തറിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും വിലമതിക്കണമെന്നാണ് നജീബിന്റെ അഭിപ്രായം.
മുൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ബിൻ ഹമ്മാമിന്റെ കൂടെ എ.എഫ്.സിയിലും ഫിഫയിലും ഓഫിസ് മാനേജറായിരുന്നു. ഇപ്പോൾ ആസ്പയറിൽ ജോലി ചെയ്യുന്നു. ഭാര്യ: രഹ്ന നജീബ്. മകൾ ലുബ്ന നജീബ് ലോകകപ്പിന്റെ ഓഫിസിൽ ജോലി ചെയ്യുന്നു. മകൻ നവീദ് നജീബ് അക്കൗണ്ടന്റാണ്. ബ്രസീലിന്റെ കടുത്ത ആരാധകനായ നജീബ് മഞ്ഞപ്പട ഖത്തറിൽ കപ്പുയർത്തണമെന്ന ആഗ്രഹത്തിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.