നെയ്മറുടെ പരിക്ക് മാറ്റാൻ 'നാസ'യുടെ സാങ്കേതിക വിദ്യയും
text_fieldsദോഹ: ബ്രസീൽ സൂപ്പർ താരം നെയ്മറുടെ പരിക്ക് മാറ്റാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ'യുടെ സാങ്കേതിക വിദ്യയും. സെർബിയക്കെതിരെ കണങ്കാലിന് പരിക്കേറ്റ നെയ്മർക്ക് പിന്നീട് ഉളുക്ക് സ്ഥിരീകരിച്ചിരുന്നു. ഇത് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം താരത്തിന് നഷ്ടമാക്കുമെന്നാണ് സൂചന. കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലുംകളിക്കാനാവുമോ എന്ന് സംശയമാണ്.
മികച്ച ഫിസിയോതെറപ്പിക്കായി 'നാസ' സാങ്കേതിക വിദ്യയിലുള്ള കംപ്രഷൻ ബൂട്ടാണ് ഉപയോഗിക്കുന്നതെന്ന് നെയ്മർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇത് രോഗം വേഗത്തിൽ ഭേദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൂട്ട് മൂന്ന് വ്യത്യസ്ത മസാജ് ടെക്നിക്കുകൾ സംയോജിപ്പിച്ച് രക്തചംക്രമണം സജീവമാക്കുകയാണ് ചെയ്യുന്നത്. ഇത് സിരകളെ ഉത്തേജിപ്പിക്കുകയും വീക്കം കുറക്കുകയും വേദന ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ, വൈകാതെ വീണ്ടും കളത്തിനിറങ്ങാനാവുമെന്നാണ് പ്രതീക്ഷ.
പരിക്കിനെ കുറിച്ച് നെയ്മർ ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു. ''ഈ ജഴ്സി ധരിക്കുന്നതിൽ എനിക്ക് തോന്നുന്ന അഭിമാനത്തിനും സ്നേഹത്തിനും കണക്കില്ല. ജനിക്കാൻ ഒരു രാജ്യം തെരഞ്ഞെടുക്കാൻ ദൈവം എനിക്ക് അവസരം നൽകുകയാണെങ്കിൽ അത് ബ്രസീലായിരിക്കും. എന്റെ ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. എനിക്ക് എപ്പോഴും എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരേണ്ടതുണ്ട്. ഒരിക്കലും ആരോടും തിന്മ ആഗ്രഹിക്കുന്നില്ല, ആവശ്യമുള്ളവർക്ക് സഹായം ചെയ്യണം. ഇപ്പോൾ എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഒരു ലോകകപ്പിൽ എനിക്ക് വീണ്ടും പരിക്കേറ്റു. ഇത് മടുപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്നാൽ, എനിക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്റെ രാജ്യത്തെയും എന്റെ ടീമംഗങ്ങളെയും എന്നെ തന്നെയും സഹായിക്കാൻ എന്റെ പരമാവധി പ്രയത്നിക്കും. ഞാൻ ദൈവത്തിന്റെ കുട്ടിയാണ്, എന്റെ വിശ്വാസം അനന്തമാണ്'', എന്നിങ്ങനെയായിരുന്നു കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.