നെയ്മറും കൂട്ടുകാരുമുണ്ട്, സത്താറിന്റെ മനസ്സിലും പിന്നെ ബസിലും..
text_fieldsആലുവ വെളിയത്തുനാട് സ്വദേശി അറക്കൽ എ.ബി. സത്താറിപ്പോൾ ബ്രസീൽ ഫുട്ബാൾ ടീമിനെപ്പോലെയാണ്. ഓരോ നിമിഷവും സന്തോഷവും ഊർജവും നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹത്തിന്റെ മനസ്സിൽ. കാരണം, സത്താർ ഈ ദിവസങ്ങളിൽ അന്തിയുറങ്ങുന്നതും സഞ്ചരിക്കുന്നതുമൊക്കെ സാക്ഷാൽ നെയ്മറുടെയും റിച്ചാർലിസന്റെയുമൊക്കെ കൂടെയാണ്.
കുഞ്ഞുന്നാൾ മുതൽ മനസ്സിൽ ആരാധിച്ചിരുന്ന ബ്രസീൽ താരങ്ങൾക്കൊപ്പം ജീവിക്കാൻ കഴിയുന്ന നാളുകൾ വിദൂര സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. എന്നാൽ, അങ്ങേയറ്റത്തെ അവിശ്വസനീയതയിൽനിന്ന് ആ യാഥാർഥ്യത്തിലാണിപ്പോൾ സത്താറിന്റെ ദിനരാത്രങ്ങൾ. കാരണം, ഖത്തർ ലോകകപ്പിൽ ബ്രസീൽ താരങ്ങളുടെ സാരഥി ഈ മലയാളി യുവാവാണ്.
ബ്രസീൽ ടീം താമസിക്കുന്ന വെസ്റ്റിൻ ഹോട്ടലിൽനിന്ന് താരങ്ങളെ സ്റ്റേഡിയത്തിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ബസിന്റെ ഡ്രൈവറാണ് സത്താർ. ലോകം ആരാധനയോടെ നോക്കിക്കാണുന്ന താരങ്ങളെ അടുത്ത് കാണുകയും പരിചരിക്കുകയും ചെയ്യുന്നതിന്റെ ആഹ്ലാദമാണ് മനസ്സുനിറയെ.
എല്ലാ കളിക്കാരും ഏറെ സ്നേഹത്തോടെയും വിനയത്തോടെയും ഇടപെടുന്നവരാണെന്ന് സത്താർ പറയുന്നു. 'എപ്പോഴും ജോളിയാണവർ. എല്ലാ കളിക്കാരും ഒരുപോലെ ഉഷാറാണ്. ഹോട്ടലിൽനിന്ന് ബസിൽ കയറിയാൽ ഉടൻ മുട്ടും പാട്ടുമൊക്കെയായി അവർ ആഘോഷം തുടങ്ങും. ഹാപ്പി മൂഡിലല്ലാതെ അവരെ കാണാൻ കഴിയില്ല. കാമറൂണിനെതിരായ മത്സരം തോറ്റിട്ടും അവർ അങ്ങനെ സങ്കടപ്പെട്ടിരുന്നിട്ടൊന്നുമില്ല.
മിക്ക കളിക്കാർക്കും പോർചുഗീസ് ഭാഷ മാത്രമെ അറിയൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കളിക്കുന്ന ഗോളി അലിസൺ ആണ് ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നയാൾ. അലിസൺ വഴിയാണ് ബാക്കിയുള്ളവർ ഞാനുമായി ആശയ വിനിമയം നടത്തുന്നത്. എ.സി ഓഫാക്കണമെങ്കിലൊക്കെ അവർ അലിസണോട് പറയും. അദ്ദേഹമാണ് പിന്നീട് എന്നോട് പറയുന്നത്. ബസിൽനിന്നിറങ്ങി പോകുമ്പോൾ എല്ലാവരും ഷേക്ഹാൻഡ് തന്നിട്ടാണ് പോവുക. എനിക്കവർ ബ്രസീലിന്റെ ഒരു തൊപ്പിയും നൽകി' -സത്താർ പറയുന്നു.
സത്താർ ഖത്തറിൽവന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളൂ. മുമ്പ് ദുബൈയിലായിരുന്നു. ലോകകപ്പിന് വേണ്ടിയുള്ള ഡ്രൈവർമാർക്കായി ഫിഫ നടത്തിയ അഭിമുഖത്തിൽ പരിചയ സമ്പന്നത തുണയായതോടെയാണ് ഖത്തറിലെത്തുന്നത്. ബ്രസീൽ ടീമിന്റെ ഡ്രൈവറാകാൻ ഒരു റഷ്യൻ സ്വദേശിയും പരിഗണനയിലുണ്ടായിരുന്നു.
ഒടുവിൽ സത്താറിനുതന്നെ നറുക്കുവീഴുകയായിരുന്നു. അതോടെ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധമായിരുന്നുവെന്ന് സത്താർ. കളി നേരിട്ട് കാണാൻ കഴിയില്ലെന്ന സങ്കടമുണ്ട്. എപ്പോഴും ബസിൽതന്നെ ഉണ്ടായിരിക്കണം. ബസിലിരുന്ന് മൊബൈൽ ഫോണിലാണ് കളികൾ കാണുന്നത്. ബ്രസീൽ കപ്പടിക്കണമെന്ന അതിയായ ആഗ്രഹമാണ് ഇപ്പോൾ മനസ്സിൽ നിറയുന്നതെന്നും സത്താർ പറയുന്നു.
രണ്ടു പെൺമക്കളാണ് സത്താറിനുള്ളത്. ജുമാന ഫാത്തിമയും സുഹാന ഫാത്തിമയും. അവരാകട്ടെ, കടുത്ത അർജന്റീന ആരാധകരും. വാപ്പ ബ്രസീൽ ടീമിന്റെ ഡ്രൈവറാണെന്നതൊന്നും സുഹാനയെ അലട്ടുന്നില്ല. മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്ന അവൾ, ബ്രസീൽ തോറ്റപ്പോൾ വാപ്പയെ കളിയാക്കി മെസേജ് അയച്ചിരുന്നു. ഷബീനയാണ് സത്താറിന്റെ ഭാര്യ. വെസ്റ്റിൻ ഹോട്ടലിൽ ടീമിനൊപ്പം തന്നെയാണ് സത്താറിന്റെയും താമസം.
ഹോട്ടലിൽനിന്ന് ഏതു സമയത്തും ടീമിന്റെ സഞ്ചാരത്തിനായി വളയം പിടിക്കാൻ ഒരുങ്ങിയാണ് നിൽപ്. ടോയ്‍ലറ്റ് ഉൾപ്പെടെ സജ്ജമാക്കിയ, ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡൽ ബസാണ് ബ്രസീലിനെ കൊണ്ടുപോകാൻ ഒരുക്കിയിട്ടുള്ളത്. സത്താറിനു പുറമെ കോഴിക്കോട് കക്കോടി സ്വദേശിയായ അഖിൽ മഠത്തിലും ബ്രസീൽ ടീമിനെ കൊണ്ടുപോകാനുള്ള ഡ്രൈവർ സംഘത്തിലുണ്ട്.
കോച്ചുമാരെയും സഹായികളെയും കൊണ്ടുപോകുന്ന ചെറിയ ബസിന്റെ ഡ്രൈവറാണ് അഖിൽ. പൊലീസ് അകമ്പടിയടക്കം കനത്ത സുരക്ഷയിലാണ് ടീമിന്റെ സഞ്ചാരം. താരങ്ങൾക്കൊപ്പം ഫോട്ടോ ഒന്നും ഇതുവരെ എടുത്തിട്ടില്ല. ഇപ്പോൾ എടുക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതടക്കം തടയാനാണിത്. മത്സരങ്ങൾക്കുശേഷം എടുക്കാൻ അവസരം നൽകുമെന്നതിനാൽ, അതിന് കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.