നെയ്മറേ..!; കുഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി കെട്ടിപ്പിടിച്ച് സൂപ്പർ താരം
text_fieldsദോഹ: വീൽചെയറുമായി ഗാലറികളിലെത്തുന്ന മലപ്പുറം പെരിന്തൽമണ്ണക്കാരൻ കുഞ്ഞാൻ ഇതിനകം തന്നെ ഖത്തറിൽ താരമാണ്. ജർമനി-സ്പെയിൻ മത്സരം നടന്ന അൽ ബെയ്തിലെ കളിമുറ്റത്ത് അതിഥിയായെത്തിയും സ്റ്റേഡിയങ്ങളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്ക് വീൽചെയറിൽ സഞ്ചരിച്ചുമെല്ലാം ഹീറോ ആയവൻ. എന്നാലിപ്പോൾ ഇതുവരെ മനസ്സിൽ താലോലിച്ചു നടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ ത്രില്ലിലാണ് കുഞ്ഞാൻ എന്ന ഉമർ ഫാറൂഖ്. തിങ്കളാഴ്ച രാത്രിയിൽ സ്റ്റേഡിയം 974ൽ നടന്ന ബ്രസീൽ- ദക്ഷിണ കൊറിയ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ആ നിമിഷം.
പ്രിയപ്പെട്ട താരം നെയ്മറിനെ അടുത്തുകാണാനുള്ള മോഹവുമായി ടീം ഹോട്ടലായ വെസ്റ്റിന്നിൽ ഉച്ചക്ക് എത്തിയിട്ടും നടക്കാത്ത സ്വപ്നവുമായാണ് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. ഭിന്നശേഷിക്കാർക്കുള്ള ഇരിപ്പിട സ്ഥലത്തെ വളന്റിയർമാരോട് ആവശ്യപ്പെട്ടിട്ടും അനുവാദം നൽകിയില്ല. ഇതിനിടയിലാണ് ബ്രസീൽ ടീമിനൊപ്പമുള്ള ഫിഫ ഒഫീഷ്യലിനോട് ആഗ്രഹം ബോധിപ്പിക്കുന്നത്. അവർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രൗണ്ടിൽനിന്ന് ഡ്രസിങ് റൂമിലേക്കുള്ള വഴിയിലെത്തിക്കുന്നത്. മിനിറ്റുകൾക്കകം പ്രീമാച്ച് പ്രാക്ടിസ് കഴിഞ്ഞ് ഇതാ മുന്നിലൂടെ നെയ്മറും ആൽവസും കൂട്ടുകാരും കടന്നുപോകുന്നു. ആൽവസ്, റിച്ചാർലിസൺ, മാർക്വിനോസ് എന്നിവരെത്തി കൈ നൽകിയും ഫോട്ടോക്ക് പോസ് ചെയ്തും മടങ്ങി.
പിന്നീടായിരുന്നു നെയ്മറിന്റെ വരവ്. ചിത്രം പകർത്തരുത്, ഉറക്കെ സംസാരിക്കരുത്, കളിക്കാരെ വിളിക്കരുത് എന്നീ നിർദേശങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും നെയ്മറിനെ കണ്ടപ്പോൾ കുഞ്ഞാന് നിയന്ത്രണങ്ങളെല്ലാം നഷ്ടമായി. 'നെയ്മർ...' എന്ന് നീട്ടിവിളിച്ചു. വിളികേട്ട നെയ്മർ തിരികെ നടന്ന് അരികിലെത്തി കെട്ടിപ്പിടിച്ച് വിശേഷങ്ങൾ ചോദിച്ച് കുഞ്ഞാന്റെ സ്വപ്നങ്ങൾ പൂവണിയിച്ചു. തൊട്ടരികിലെ വീൽചെയറിലുണ്ടായിരുന്നവരെയും ഹസ്തദാനം ചെയ്തായിരുന്നു നെയ്മർ മടങ്ങിയത്. തൊട്ടരികിൽനിന്നും സഹായി ഷബീബ് പകർത്തിയ വിഡിയോ മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലുമായി. 'വാക് വിത്ത് കുഞ്ഞാൻ' എന്ന പേരിൽ യൂട്യൂബ് ചാനലുള്ള ഇദ്ദേഹം നവംബർ 13 മുതൽ ഖത്തറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.