തിരിച്ചുവരുമോ...? പരിക്കേറ്റ കാലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നെയ്മർ
text_fieldsബ്രസീൽ ആരാധകരുടെ നെഞ്ചിൽ ഇടിത്തീയേറ്റത് പോലെയായിരുന്നു അത് സംഭവിച്ചത്. ഖത്തർ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സൂപ്പർതാരം നെയ്മർക്ക് കണങ്കാലിന് പരിക്കേറ്റു. സെർബിയക്കെതിരായ മത്സരത്തിനിടെയേറ്റ പരിക്ക് കാരണം താരത്തിന് ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. നാളെ സ്വിറ്റ്സർലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ നെയ്മറിനെ കൂടാതെ പരിക്കേറ്റ ഡാനിലോയും പുറത്തിരിക്കും. കാമറൂണിനെതിരായ മത്സരത്തിലും താരത്തിന് വിശ്രമിക്കേണ്ടിവരും.
അതേസമയം, ബ്രസീൽ ക്യാമ്പിൽ വിശ്രമിക്കുന്ന നെയ്മർ, ആരാധകരെ കാണിക്കാനായി തന്റെ കാലിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ താരത്തിന്റെ കണങ്കാൽ ചുവന്ന് വീർത്തതായി കാണാം. മറ്റൊരു ചിത്രത്തിൽ കാൽ മുഴുവനായി കറുത്ത ബാഗ് കൊണ്ട് കവർ ചെയ്തതായുമുണ്ട്. എന്നാൽ, ആരാധകർക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള അടിക്കുറിപ്പാണ് ചിത്രങ്ങൾക്ക് താരമിട്ടത്. 'Let's go!' എന്ന് അർത്ഥമാക്കുന്ന 'Boraaaa!!!' എന്ന സ്പാനിഷ് വാക്കാണ് നെയ്മർ കുറിച്ചത്.
കഴിഞ്ഞ ദിവസം കാലിന് പരിക്കേറ്റ ശേഷം പിന്നെയും മൈതാനത്തു തുടർന്ന നെയ്മറെ 10 മിനിറ്റിനു ശേഷം പിൻവലിക്കുകയായിരുന്നു. സെർബിയൻ പ്രതിരോധനിരയിലെ നികൊളാ മിലെൻകോവിച്ചാണ് താരത്തെ വീഴ്ത്തിയത്. കളിയിലുടനീളം കടുത്ത മാർക്കിങ്ങിനിരയായ നെയ്മറെ കടന്നുകയറാൻ വിടാതെ സെർബിയൻ പ്രതിരോധം പലവട്ടം വീഴ്ത്തിയിരുന്നു. സമാനമായ വീഴ്ചയെന്ന ആശ്വാസത്തിൽ നിന്നെങ്കിലും വേദന കടുത്തതോടെ 79ാം മിനിറ്റിൽ പിൻവലിക്കുകയായിരുന്നു. പരിക്ക് അത്ര ഗുരുതരമല്ലെന്നും നോക്കൗട്ട് റൗണ്ടിൽ കളിക്കാനാകുമെന്നും കോച്ച് ടിറ്റെ പ്രതീക്ഷ പങ്കുവെച്ചു. റിച്ചാർലിസൺ രണ്ടുവട്ടം വല കുലുക്കിയ കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.