പരിക്ക് ഗുരുതരം; കാമറൂണിനെതിരെ നെയ്മർ ഇറങ്ങില്ല
text_fieldsദോഹ: ബ്രസീൽ ക്യാമ്പിൽ ആധി പടർത്തി പരിക്കിന്റെ കളി തുടരുന്നു. പിൻനിരയിലെ പ്രധാനികളായ ഡാനിലോ, അലക്സ് സാൻഡ്രോ എന്നിവർ പുറത്തിരിക്കുന്ന ടീം ബെഞ്ചിൽ നെയ്മറുടെ അഭാവവും തുടരുമെന്നാണ് റിപ്പോർട്ട്. സെർബിയക്കെതിരായ ആദ്യ മത്സരത്തിൽ ഗുരുതര ടാക്ലിങ്ങിനിരയായ താരം കഴിഞ്ഞ കളിയിൽ ഇറങ്ങിയിരുന്നില്ല. പകരം ഫ്രെഡിനെ പരീക്ഷിച്ച കോച്ച് ടിറ്റെ കാമറൂണിനെതിരായ കളിയിലും ഇതേ മാർഗം സ്വീകരിക്കേണ്ടിവരുമെന്നാണ് സൂചന. ഡാനിലോക്ക് പകരം മിലിറ്റാവോ ആണ് ഇറങ്ങിയിരുന്നത്.
സെർബിയക്കെതിരായ കളിയിലാണ് ഡാനിലോക്കും പരിക്കേറ്റിരുന്നത്. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന കളിയിലാണ് അലക്സ് സാൻഡ്രോക്ക് പരിക്കേറ്റത്. പകരമെത്തിയ അലക്സ് ടെല്ലസ് തന്നെയാകും വെള്ളിയാഴ്ചയും ഇറങ്ങുകയെന്ന് കരുതുന്നു.
ദേശീയ ടീമിനായി 77 ഗോളുകളെന്ന ചരിത്രത്തിനരികെ നിൽക്കുന്ന നെയ്മർക്ക് പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു ഗോളുകൾ കൂടി ബ്രസീലിനായി നേടാനായാൽ താരം പെലെക്കൊപ്പമെത്തും.
മുമ്പ് ബ്രസീലിൽ കോപ അമേരിക്ക നടക്കുമ്പോഴും നെയ്മർ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ കൊളംബിയക്കെതിരായ ക്വാർട്ടറിലും പരിക്ക് വില്ലനായി.അതിവേഗവും ഫിനിഷിങ് മികവുമായി മുന്നേറ്റത്തിൽ അപകടം വിതക്കുന്ന താരത്തിനു നേരെ എതിരാളികൾ കൂടുതൽ കഠിനമായി പെരുമാറുന്നതാണ് പ്രശ്നമാകുന്നത്. പന്ത് കാലിലെത്തുമ്പോഴേക്ക് താരത്തെ നിലത്തുവീഴ്ത്താൻ തിരക്കുകൂട്ടുന്ന സെർബിയൻ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേ സമയം, ടീം ഗ്രൂപ് ചാമ്പ്യന്മാരായാൽ നോക്കൗട്ട് കളിക്കാനുള്ള 974 മൈതാനത്തെ പുൽത്തകിടി മെച്ചപ്പെടുത്താൻ ഫിഫയോട് ബ്രസീൽ ആവശ്യപ്പെട്ടു. ഗ്രൂപ് ജിയിൽ ബ്രസീൽ ഇതിനകം നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൂടി ജയിക്കാനായാൽ ഗ്രൂപ് ചാമ്പ്യന്മാരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.