ഇനി നോട്ടം ഒളിമ്പിക്സിലേക്ക്
text_fieldsലോകകപ്പ് ഫുട‌്ബോളിൻെറ മീഡിയ സെൻററില്‍ നിന്നാണ് പോളണ്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ക്രൂക് ജെറോമിനെ പരിചയപ്പെട്ടത്. ലോകകപ്പ് ഫൈനല്‍ സാധ്യതകള്‍ പങ്കുവെക്കുന്നതിനിടയില്‍ ഖത്തറിൻെറ ലോകകപ്പ് സംഘാടനവും ചര്‍ച്ചയായി. 2006 മുതല്‍ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ക്രൂക്.
പുറമെ യൂറോപ്പിലെ പ്രധാന വേദികളില്‍ നിന്നെല്ലാം ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച കളിയനുഭവം സമ്മാനിച്ച വേദികളുടെ കൂട്ടത്തിലാണ് ക്രൂക് ഖത്തറിലെ എട്ട് വേദികളെയും എണ്ണുന്നത്. ആധുനിക ഫുട്ബോളിൻെറ മുഴുവന്‍ പേറ്റൻറും ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്ന യൂറോപ്പില്‍ നിന്ന് തന്നെയുള്ള ഒരു പ്രതിനിധിയെന്ന നിലയ്ക്കാണ് ക്രൂക്കിനെ പരാമര്‍ശിച്ചത്.
കഴിഞ്ഞ ഒരുമാസത്തിനിടെ പരിചയപ്പെട്ട ആരാധകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം പങ്കുവെച്ചത് സമാനമായ അഭിപ്രായമാണ്. ലോകകപ്പ് സംഘാടനത്തിലും സൗകര്യങ്ങളിലും ഒരാള്‍ക്കും അതൃപ്തിയില്ല. ദോഹയെന്ന ഒരൊറ്റ നഗരത്തെ കേന്ദ്രീകരിച്ച് 10 ലക്ഷത്തിലേറെ ആരാധകരെത്തിയ മഹാമേളയ്ക്ക് ഒരുങ്ങിയപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. വാഹനപ്പെരുപ്പം ഏറെയുള്ള ദോഹ ലോകകപ്പ് കാലത്ത് നിശ്ചലമാകുമെന്ന് വരെ ഭയപ്പെട്ടവരുണ്ട്. പക്ഷെ ദോഹ മെട്രോയെ ഫലപ്രദമായി ഉപയോഗിച്ച് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഖത്തര്‍ അവിസ്മരണീയമാക്കി.
ഒരാള്‍ക്ക് ഇത്രയധികം മത്സരങ്ങള്‍ കാണാന്‍ അവസരമൊരുക്കിയ ലോകകപ്പ് ഇതുവരെയുണ്ടായിട്ടില്ല, ഇനിയൊന്ന് ഉണ്ടാകാനും ഇടയില്ല. ഈ സംഘാടന വിജയമാണ് ഖത്തറിൻെറ അടുത്ത ചുവടിലേക്കുള്ള ഊര്‍ജ്ജം. 2036 ഒളിമ്പിക്സിന് ആതിഥേയരാകാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.
2032 ഒളിമ്പിക്സ് ഉള്‍പ്പെടെ മൂന്ന് തവണ നേരത്തെ ദോഹ ശ്രമം നടത്തിയിരുന്നു. ഇത്തവണ ആവശ്യമെങ്കില്‍ സൗദിയുമായി ചേര്‍ന്ന് സംയുക്ത ആതിഥേയത്തത്തിനുള്ള നീക്കങ്ങളും തള്ളിക്കളയാനാകില്ല. ഫുട്ബോള്‍ ലോകകപ്പിലേത് എന്ന പോലെ കാലാവസ്ഥ തന്നെയാകും ഒളിമ്പിക്സ് ശ്രമങ്ങള്‍ക്കും ഖത്തറിന് മുന്നില്‍ ഹര്‍ഡിലായി എതിരാളികള്‍ മുന്നോട്ടുവെക്കുക.
ലോകകപ്പ് പോലെ കാലാവസ്ഥ പരിഗണിച്ച് ഒളിമ്പിക്സും തണുപ്പ് കാലത്തേക്ക് മാറ്റിയ ചരിത്രമുണ്ട്. 1964 ടോക്യോ, 1988 സിയോള്‍, 2000 സിഡ്നി ഒളിമ്പിക്സുകള്‍ ഉദാഹരണം. ഇത്തര ജിയോഗ്രാഫിക്കല്‍ പരിമിതികളെ ഏറ്റവും മികച്ച സൗകര്യങ്ങളും സംഘാടനവും ഉയര്‍ത്തിക്കാട്ടിയാകും ഖത്തര്‍ പ്രതിരോധിക്കുക.
2019 ല്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും ഖത്തര്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. 32 കായിക ഇനങ്ങളിലായി പതിനായിരത്തിലേറെ കായിക താരങ്ങള്‍ക്കാണ് ഒളിമ്പിക്സിന് സൗകര്യം ഒരുക്കേണ്ടത്. ലോകകപ്പിൻെറ വിജയം ഒളിമ്പിക്സ് ആതിഥേയത്തിൻെറ ബാനറായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.