ഒപ്റ്റ പ്രവചിക്കുന്നു, ഈ കപ്പ് ബ്രസീലിന്
text_fieldsലണ്ടൻ: ഖത്തറിന്റെ മണ്ണിൽ ലോകകിരീടം ആരുയർത്തുമെന്ന ചോദ്യമാണ് എല്ലായിടത്തും. ഇഷ്ടടീമുകൾ ജയിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. കാത്തുകാത്തിരുന്നു ലയണൽ മെസ്സി ഡിസംബർ18ന് ലുസൈലിൽ അർജന്റീനയെ വിജയത്തിലെത്തിക്കുമോ? 1962ന് ശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യടീമായി ഫ്രാൻസ് മാറുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിന് ജേതാക്കളാകാനാകുമോ?
ഈ ചോദ്യങ്ങളെല്ലാം വെറുതെയാണെന്നാണ് പ്രശസ്ത കായിക സ്ഥിതിവിവരണ കമ്പ്യൂട്ടറായ ഒപ്റ്റയുടെ പ്രവചനം. കിരീടം നേടാൻ ഏറ്റവും സാധ്യത ബ്രസീലിനാണെന്ന് 'സ്റ്റാറ്റ് പെർഫോംസിന്റെ' ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകകപ്പ് പ്രവചനം പറയുന്നു. ടീമുകളുടെ റാങ്കിങ്, സമീപകാല പ്രകടനങ്ങൾ, ലോകകപ്പിലെ മുൻകാലനേട്ടങ്ങൾ, വാതുവെപ്പ് മേഖല എന്നിവ വിശകലനം ചെയ്താണ് ഒപ്റ്റയുടെ പ്രവചനം.
കിരീടസാധ്യതകൾ ശതമാനത്തിലാക്കുമ്പോൾ അൽപം കുറവാണ്. 15.8 ശതമാനമാണ് ബ്രസീലിന്റെ കിരീടസാധ്യത. അർജന്റീനയാണ് തൊട്ടുപിറകിൽ, 12.6 ശതമാനം. നിലവിലെ ജേതാക്കളായ ഫ്രാൻസിന് 12.2 ശതമാനം സാധ്യതയാണുള്ളത്. സ്പെയിൻ (9.1 ശതമാനം), ഇംഗ്ലണ്ട് (8.7 ശതമാനം), ജർമനി (8.7 ശതമാനം), നെതർലൻഡ്സ് (7.2 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രധാന ടീമുകളുടെ സാധ്യതകൾ കമ്പ്യൂട്ടർ പറയുന്നത്. 5.8 ശതമാനവുമായി പോർചുഗലിന് എട്ടാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ ബെൽജിയത്തിന് ഒമ്പതാം സ്ഥാനം മാത്രമാണ്, 5.4ശതമാനം.
ക്വാർട്ടർ ഫൈനലിലും സെമിയിലും ഫൈനലിലും എത്തുന്നതിൽ ഏറ്റവും മുന്നിൽ ബ്രസീലിന്റെ സാധ്യത ശതമാനം കൂടുതലാണ്. ക്വാർട്ടർ ഫൈനലിലെത്താൻ മഞ്ഞപ്പടയുടെ സാധ്യത 63.7ശതമാനം. സെമി ഫൈനലിൽ കയറാൻ 40.2ശതമാനവും ഫൈനലിലെത്താൻ 15.8 ശതമാനവുമാണ്. അർജന്റീന ഫൈനലിലെത്താൻ 21.1 ശതമാനം സാധ്യതയാണുള്ളത്. ഫ്രാൻസിനാണ് ഫൈനൽ സാധ്യതയിൽ രണ്ടാം സ്ഥാനം, 21.9 ശതമാനം.
നേരത്തേ, ഇ.എ സ്പോർട്സ് നടത്തിയ പ്രവചനത്തിൽ അർജന്റീനയാണ് ജേതാക്കൾ. ഫൈനലിൽ ബ്രസീലിനെ തോൽപിക്കുമെന്നാണ് പ്രവചനം. മൂന്നാം സ്ഥാനം ഫ്രാൻസിനാണ്. മികച്ച താരത്തിനുള്ള സുവർണ പന്തും ടോപ്സ്കോറർക്കുള്ള സുവർണപാദുകവും ലയണൽ മെസ്സിക്കാണെന്നാണ് ഇ.എ സ്പോർട്സ് അവകാശപ്പെടുന്നത്. ഖത്തറിൽ ആകെ ഏഴ് മത്സരങ്ങളിൽ മെസ്സി എട്ട് ഗോളടിക്കുമെന്നും ഇ.എ സ്പോർട്സ് പ്രവചിച്ചിരുന്നു. മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസിനെന്നും പ്രവചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.