കുർറ തേടിയെത്തി 'ദൈവത്തിന്റെ കൈ' കണ്ട പാറ്റ്
text_fieldsവ്യാഴാഴ്ച സന്ധ്യ കഴിഞ്ഞതേയുള്ളൂ. 'ഗൾഫ് മാധ്യമം' ദോഹ ഓഫിസിലേക്ക് ഏറെ ആവേശത്തോടെയാണ് പാട്രിക് വാൽഷ് കടന്നുവന്നത്. അയർലൻഡുകാരനാണ്. ലോകകപ്പ് കാണാനെത്തിയിട്ട് കുറച്ചു ദിവസങ്ങളായി. ലോകകപ്പിനോടനുബന്ധിച്ച് 'ഗൾഫ് മാധ്യമം' പുറത്തിറക്കിയ കുർറ (Kurra) ഇംഗ്ലീഷ് മാഗസിൻ തേടിയാണ് പാറ്റിന്റെ വരവ്. ഖത്തറിലെത്തിയശേഷം സുഹൃത്തുക്കളിൽ ഒരാളുടെ കൈവശം മാഗസിൻ കണ്ടതോടെ അത് തേടിപ്പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. മാഗസിനിൽ കണ്ട മെയിൽ ഐ.ഡിയിലേക്ക് സന്ദേശമയച്ചു. അതു ലഭിച്ചയുടൻ മാഗസിൻ നൽകാമെന്ന് ഓഫിസിൽനിന്ന് മറുപടിയും നൽകി. വ്യാഴാഴ്ച വൈകീട്ട് എത്താൻ ആവശ്യപ്പെട്ടു. അതു കൈപ്പറ്റാനുള്ള സന്തോഷത്തിലാണ് വരവ്.
'കുർറ' പാറ്റ് അത്രയേറെ ആഗ്രഹിക്കുന്നതിന് കാരണമുണ്ട്. ലോകകപ്പിലെ അമൂല്യമായ സുവനീറുകൾ ശേഖരിക്കുന്ന ഹോബിയുണ്ട് അദ്ദേഹത്തിന്. ഓരോ ലോകകപ്പിന്റെയും സവിശേഷമായ മുദ്രകളാണ് അയർലൻഡിൽ ഡബ്ലിനടുത്ത ക്ലോൺഡാൽകിനിലെ അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. കുർറയെക്കൂടി അതിന്റെ ഭാഗമാക്കണമെന്ന് മാഗസിൻ കണ്ടപ്പോൾതന്നെ ഏറെ ആഗ്രഹിച്ചതായി പാറ്റ്. 'ഉള്ളടക്കവും വിന്യാസവും ഉജ്ജ്വലമായിരിക്കുന്നു. ഓരോ ലോകകപ്പിനും അതിന്റെ ചുറ്റുവട്ടങ്ങളുമായി ബന്ധപ്പെട്ടവയാണ് സുവനീറുകളിൽ വിഷയമാകാറുള്ളത്. എന്നാൽ, ലോകകപ്പിന്റെ ചരിത്രം ഉൾപെടെ പരാമർശിക്കുന്ന സമഗ്ര വിഷയങ്ങളാണ് കുർറയുടെ പ്രതിപാദ്യമെന്നത് ഏറെ ആകർഷിച്ചു'- ഈ ലോകകപ്പിൽ അമൂല്യമായ സുവനീർ ആയി കുർറ എന്ന് സാക്ഷ്യപ്പെടുത്തി പാറ്റ് പറഞ്ഞു.
ഒരു ഫുട്ബാൾ ആരാധകൻ എന്നതിനപ്പുറത്തേക്ക് ഒരുപാട് സവിശേഷതകൾകൂടിയുണ്ട് ഈ ഐറിഷുകാരന്. 1986 മുതൽ എല്ലാ ലോകകപ്പിനും നേരിട്ടെത്തിയിട്ടുണ്ട് പാറ്റ്. ഖത്തറിലേത് പത്താമത്തെ ലോകകപ്പ്. വിവിധ ലോകകപ്പുകളിലായി ഇതുവരെ 300 മത്സരങ്ങൾ നേരിട്ട് കണ്ടുകഴിഞ്ഞു. കുർറയിൽ ഡീഗോ മറഡോണയെക്കുറിച്ചുള്ള ലേഖനം ചൂണ്ടിക്കാട്ടിയശേഷം മെക്സികോ ലോകകപ്പിലെ തന്റെ അനുഭവങ്ങൾ വിവരിച്ചു അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ ഡീഗോ 'ദൈവത്തിന്റെ കൈ' കൊണ്ടും പിന്നെ അസാമാന്യ ഡ്രിബ്ലിങ് പാടവത്തിലൂടെ നൂറ്റാണ്ടിന്റെ ഗോളും സ്കോർ ചെയ്യുമ്പോൾ പാറ്റ് ഗോൾ പോസ്റ്റിന് പിന്നിലുള്ള ഗാലറിയിൽ ഉണ്ടായിരുന്നു. 'കൈകൊണ്ടാണ് അത് സ്കോർ ചെയ്തതെന്ന് അപ്പോൾ തങ്ങളൊന്നും കരുതിയിരുന്നില്ല. പിന്നാലെ വിസ്മയിപ്പിക്കുന്ന ആ ഗോളും. മെക്സികോയിൽ ഒരു സംശയത്തിനും ഇടനൽകാതെ ഡീഗോയായിരുന്നു താരം.' ബ്രിട്ടീഷുകാർക്ക് സാധാരണഗതിയിൽ ഡീഗോയോട് അനിഷ്ടമാണെങ്കിലും മെക്സികോയിൽ ആ മാജിക് നേരിട്ടുകണ്ട പാറ്റ് അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. ഈ ലോകകപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരാകണമെന്നാണ് പാറ്റിന്റെ ആഗ്രഹം. 'മികച്ച യുവതാരങ്ങളടങ്ങിയ ടീമാണ് ഇംഗ്ലണ്ട്. ആക്രമിച്ചു കളിക്കുന്നുണ്ട്. ഇതേവരെ നല്ല കളിയാണ് അവർ കാഴ്ചവെച്ചതും. ഫ്രാൻസും ആകർഷകമായ കളിയാണ് കെട്ടഴിക്കുന്നത്. ബ്രസീലാണ് കരുത്തുകാട്ടുന്ന മറ്റൊരു ടീം. അർജന്റീനക്ക് മെസ്സിയുണ്ട്. ഒരു നിമിഷം മതി തനിക്കെന്ന് മെസ്സി ഖത്തറിൽ തെളിയിച്ചുകഴിഞ്ഞു'-പാറ്റിന്റെ വിലയിരുത്തൽ. ഫൈനലും കഴിഞ്ഞേ പാറ്റ് അയർലൻഡിലേക്ക് തിരിക്കൂ. സുവനീർ എന്ന നിലയിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകാനുള്ളതടക്കമുള്ള കുർറയുടെ കോപ്പികളുമായാണ് അദ്ദേഹം സന്തോഷപൂർവം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.