പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലല്ലെന്ന് മകൾ
text_fieldsസാവോ പോളോ: ബ്രസീലിയൻ ഇതിഹാസ ഫുട്ബാളർ പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലല്ലെന്ന് മകൾ ഫ്ലാവിയ നാസിമെന്റോ. വൻകുടലിൽ അർബുദം ബാധിച്ച് ചികിത്സയിലുള്ള 82കാരനായ പെലെ അതിഗുരുതരാവസ്ഥയിലാണെന്നും ജീവിതാവസാന പരിചരണത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മകൾ.
"അദ്ദേഹം മരണാസന്നനാണെന്നും പാലിയേറ്റിവ് കെയറിലാണെന്നുമുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഞങ്ങളെ വിശ്വസിക്കൂ" ഗ്ലോബോ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരികയാണെന്നും ഫ്ലാവിയ പറഞ്ഞു.
കീമോതെറപ്പി പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ അദ്ദേഹം സാന്ത്വന പരിചരണത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ. പെലെയുടെ വൻകുടലിൽനിന്ന് 2021 സെപ്റ്റംബറിൽ മുഴ നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടർചികിത്സ നടക്കുകയാണ്.
പെലെക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധയിലേക്ക് നയിച്ചതായും പെലെയുടെ മറ്റൊരു മകളായ കെലി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 'അദ്ദേഹം രോഗിയാണ്, പ്രായമുണ്ട്, ഇപ്പോൾ ശ്വാസകോശ സംബന്ധമായ അണുബാധക്ക് ചികിത്സയിലാണ്, സുഖം പ്രാപിച്ചാൽ വീട്ടിലേക്ക് മടങ്ങും' കെലി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധക്കുള്ള ചികിത്സയോട് പെലെ നന്നായി പ്രതികരിക്കുന്നുണ്ടെന്ന് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ഹോസ്പിറ്റൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെലെക്ക് രോഗാശാന്തി നേർന്ന് ആരാധകർ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ബ്രസീൽ-കാമറൂൺ മത്സരത്തിന് മുമ്പായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ ആരാധകർ 'പെലെ ഗെറ്റ് വെൽ സൂൺ' എന്ന സന്ദേശവുമായി ചിത്രം പതിച്ച കൂറ്റൻ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചത്.
ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരവും പെലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.