''കരുത്തോടെയുണ്ട്''; ആരാധകരെ ആശ്വസിപ്പിച്ച് കാൻസറിനോട് പൊരുതുന്ന പെലെ
text_fieldsസവോപോളോ: വൻകുടലിന് അർബുദം ബാധിച്ച് ചികിത്സയിൽ തുടരുന്ന പെലെയെ പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റിയെന്ന വാർത്തകൾക്കിടെ ആരാധകർക്ക് ആശ്വാസ വാക്കുകളുമായി പെലെ. താൻ കരുത്തോടെയിരിക്കുന്നുവെന്നും ഏവരും ശാന്തരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു പ്രശ്നങ്ങളില്ലെങ്കിലും ശ്വാസനാളത്തിൽ അണുബാധക്ക് ചികിത്സ തേടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഫുട്ബാൾ ഇതിഹാസമായ പെലെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ചികിത്സയിലാണ്. പതിവു കാൻസർ ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.
2021ൽ അർബുദം സ്ഥിരീകരിച്ച പെലെയുടെ വൻകുടൽ നീക്കം ചെയ്തിരുന്നു. തുടർന്ന്, ഇടവിട്ട് പതിവായി ആശുപത്രിയിലെത്തുന്ന അദ്ദേഹത്തിന് കഴിഞ്ഞ ശനിയാഴ്ച ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തി. സവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ കഴിയുന്ന പെലെയുടെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ മോശമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 'ഇപ്പോഴും ചികിത്സ തുടരുകയാണ്. എന്നാൽ, ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ല''- ഡോക്ടർമാർ പറഞ്ഞു.
അദ്ദേഹത്തിന് നൽകിവന്ന കീമോതെറപി ചികിത്സ നിർത്തി പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശരീരത്തിൽ നീരുവീക്കവും ഹൃദയത്തിന് പ്രശ്നങ്ങളുമുണ്ടെന്നും റിപ്പോർട്ടുകൾ വന്നു. ഇതുപക്ഷേ, ആശുപത്രി അധികൃതരും കുടുംബവും സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും മികച്ച സോക്കർ താരങ്ങളിലൊന്നായ പെലെ സാന്റോസിനും ന്യൂയോർക് കോസ്മോസിനും വേണ്ടി കളിച്ചതിനൊപ്പം മൂന്നു തവണ ബ്രസീലിനെ ലോകകിരീടത്തിലേക്കും നയിച്ചിരുന്നു. 1958, 1962,1970 വർഷങ്ങളിലാണ് സാംബ സംഘം പെലെക്കൊപ്പം ലോകചാമ്പ്യൻമാരായത്.
ഇതിഹാസം ആശുപത്രിക്കിടക്കയിലാണെന്ന വാർത്ത വന്നതോടെ ലോകമൊട്ടുക്കും താരങ്ങളും ആരാധകരും പ്രാർഥനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ''രാജാവിനായി പ്രാർഥിക്കാം'' എന്ന് കിലിയൻ എംബാപ്പെ കുറിച്ചു. അദ്ദേഹത്തിന് നന്മ നേരുന്നുവെന്ന് ഇംഗ്ലീഷ് ടീം ക്യാപ്റ്റൻ ഹാരി കെയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.