പെലെ അവസാന ട്വീറ്റിട്ടത് മെസ്സിയെയും എംബാപ്പെയെയും അനുമോദിച്ച്
text_fieldsലോകകപ്പ് കാലത്ത് ലോകം ഖത്തർ മൈതാനങ്ങളിൽ ഉരുണ്ടുനീങ്ങിയ രിഹ്‍ല പന്തുകൾക്കൊപ്പം നീങ്ങിയപ്പോൾ അങ്ങകലെ സവോ പോളോയിൽ ആശുപത്രിക്കിടക്കയിലായിരുന്നു ഫുട്ബാൾ ഇതിഹാസം പെലെ. ഉള്ളുലക്കുന്ന വേദനകളിലും ബ്രസീലിന്റെയും മറ്റു ടീമുകളുടെയും കളി വിവരങ്ങൾ അദ്ദേഹത്തിന് ആശ്വാസം പകർന്നു. സോക്കർ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന് സാക്ഷിയായ ഫൈനലിൽ അർജന്റീനയും ഫ്രാൻസും മുഖാമുഖം വരികയും ഷൂട്ടൗട്ടിൽ വിജയിച്ച് ലാറ്റിൻ അമേരിക്കക്കാർ കപ്പുമായി മടങ്ങുകയും ചെയ്തപ്പോഴും നിർലോഭം സ്നേഹം ചൊരിഞ്ഞ് കാരണവരായി പെലെ സമൂഹ മാധ്യമത്തിലെത്തി.
എന്നാൽ, അതുകഴിഞ്ഞ് കൂടുതൽ ഗുരുതരാവസ്ഥയിലായ ഇതിഹാസതാരം പതിയെ മരണത്തിലേക്ക് നടന്നുനീങ്ങിയതിന്റെ വേദനയിലാണ് ലോകം. ഒരിക്കലും ഉണക്കാനാവാത്ത വിടവായി ഒരേയൊരു പെലെ മടങ്ങുമ്പോൾ അദ്ദേഹം അവസാനമായി ചെയ്ത ട്വീറ്റും ശ്രദ്ധേയമാകുകയാണ്. കപ്പുയർത്തിയ മെസ്സി, ഷൂട്ടൗട്ടിലുൾപ്പെടെ നാലു ഗോളടിച്ച എംബാപ്പെ എന്നിവരെ മാത്രമല്ല, അദ്ഭുത വിജയങ്ങളുമായി ഖത്തർ മൈതാനങ്ങളിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കോയെയും അദ്ദേഹം തന്റെ നീണ്ട ട്വീറ്റിൽ പ്രശംസിച്ചു.
‘‘ഇന്നിതാ, ഫുട്ബാൾ എന്നത്തെയും പോലെ അത്യാവേശകരമായി അതിന്റെ കഥകൾ തുടരുകയാണ്. മെസ്സി തെന്റ കരിയർ കാത്തിരുന്ന കന്നി ലോകകപ്പിൽ മുത്തമിടുന്നു. എന്റെ ഇഷ്ട സുഹൃത്ത് എംബാപ്പെ കലാശപ്പോരിൽ നാലു ഗോൾ നേടുന്നു. നമ്മുടെ കായിക ഭാവിക്ക് എത്രമാത്രം ശുഭദാനമായിരുന്നു ഈ കാഴ്ചകൾ. അവിശ്വസനീയ കുതിപ്പുനടത്തിയ മൊറോക്കോയെ എനിക്ക് വാഴ്ചത്താതിരിക്കാനാകില്ല. ആഫ്രിക്കൻ തിളക്കത്തെ കാണാതിരിക്കാനുമാകില്ല. അർജന്റീനക്ക് അനുമോദനങ്ങൾ. തീർച്ചയായും ഡീഗോ ചിരിക്കുന്നുണ്ടാകുമിപ്പോൾ’’- ഇതായിരുന്നു ട്വീറ്റ്.
തന്റെ വേരുകൾ ചെന്നുതൊടുന്ന ആഫ്രിക്കൻ മണ്ണിന് രണ്ടു വാക്ക് അധികം പറഞ്ഞായിരുന്നു പെലെയുടെ അവസാന സമൂഹ മാധ്യമ പോസ്റ്റ് എന്നതും ശ്രദ്ധേയമായി.
ഈ ട്വീറ്റ് പങ്കുവെച്ച ബാഴ്സലോണ ഫാൻസ് നേഷൻ ഉൾപ്പെടെ ട്വിറ്റർ ഹാൻഡിലുകൾക്ക് താഴെയെത്തി നിരവധി പേർ അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചു. ‘‘സോക്കർ എന്ന കളിയുടെ വല്യച്ഛന്റെ വാക്കുകൾ. പങ്കെടുത്തവരിൽ പ്രത്യേകം പറയേണ്ട എല്ലാരെയും എടുത്തു പറഞ്ഞുള്ള വാക്കുകൾ. ഇതുവരെയുള്ള ഏറ്റവും മികച്ച ലോകകപ്പ് കാണാൻ ദൈവം അദ്ദേഹത്തിന് അവസരം നൽകി’’ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ലോകം സാക്ഷിയായ ഏറ്റവും മികച്ച ഇതിഹാസ താരത്തിന്റെ ഹൃദയഹാരിയായ വാക്കുകളെന്ന് മറ്റൊരാൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.