പെർഫക്ട് പെർഫോമൻസ് പെപ്പരപെപെ
text_fieldsദോഹ: വിങ്ങുകളെ സ്പ്രിൻറ് ട്രാക്ക് പോലെ വേഗക്കുതിപ്പിന്റെ ഇടമാക്കി, കാളക്കൂറ്റന്റെ കരുത്തുമായി ഷെർദാൻ ഷാകിരി പാഞ്ഞടുക്കുമ്പോൾ സൂചിക്കൊളുത്തിൽ പന്തെടുക്കുന്ന ലാഘവത്തോടെ അവിടെ പെപെയുണ്ടായിരുന്നു. കോർണർകിക്കിൽ ബോക്സിനുള്ളിലേക്ക് പന്ത് പറന്നുവീഴുമ്പോഴും, ബ്രീൽ എംബോളോയും റൂബൻ വർഗാസും പാഞ്ഞെത്തുമ്പോഴുമെല്ലാം മൊട്ടത്തലയും നീണ്ടുമെലിഞ്ഞ ശരീരവുമായി പെപെ തളരാതെ പോരാടി. ഇതിനിടയിൽ, കളിയുടെ 33ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർകിക്ക് എതിർ ബോക്സിലേക്ക് പറന്നിറങ്ങിയപ്പോൾ എവിടെനിന്നോ കുതിച്ചെത്തി ഒന്നരയാളോളം ഉയരത്തിൽ ചാടി പന്തിനെ വലയിലേക്ക് ചെത്തിയിടാനുമുണ്ടായിരുന്നു പെപെ.
ചൊവ്വാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിൽ അവസാന പ്രീക്വാർട്ടർ അങ്കത്തിൽ പോർചുഗൽ സ്വിറ്റ്സർലൻഡിനെ 6-1ന് തരിപ്പണമാക്കിയപ്പോൾ പ്രായത്തെയും തോൽപിക്കുന്ന മിടുക്കോടെ കളംവാണ പെപെ ഏറെ കൈയടി നേടി. ഹാട്രിക് ഗോളുമായി ബെൻഫികയുടെ ഗോൺസാലോ റാമോസും വിങ്ങുകളെ ചടുലമാക്കി ജോ ഫെലിക്സും ബ്രൂണോ ഫെർണാണ്ടസും പോർചുഗലിന് കളത്തിൽ ആധിപത്യമൊരുക്കിയപ്പോൾ 'ഡി' സർക്കിൾ പെപെ- റൂബൺ ഡയസ് കോട്ടയിൽ ഭദ്രമായി. ക്രിസ്റ്റ്യാനോക്കു പകരക്കാരനായി കോച്ച് ഫെർണാണ്ടോ സാന്റോസ് മുൻനിരയിൽ പരീക്ഷിച്ച റാമോസ് 17, 51, 67 മിനിറ്റുകളിൽ നേടിയ ഹാട്രിക് മികവിലായിരുന്നു പോർചുഗൽ ജയം.
39ാം വയസ്സിന്റെ മോസ്റ്റ് സീനിയർ പദവിയിലും പറങ്കിപ്പടയുടെ നെടുംതൂണായി കളംവാഴുകയാണ് പെപെ. ഖത്തർ ലോകകപ്പിൽ ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഘാനക്കെതിരെ പുറത്തിരുന്ന താരം പിന്നീടുള്ള അങ്കങ്ങളിലെല്ലാം ഗോളി ഡീഗോ കോസ്റ്റക്കു മുന്നിൽ നെടുംതൂണായിരുന്നു. 2007ൽ പോർചുഗൽ ദേശീയ ടീമിൽ അരങ്ങേറ്റംകുറിച്ച താരത്തിന്റെ നാലാം ലോകകപ്പിനാണ് ഖത്തറിൽ പന്തുരുളുന്നത്. 2010 ലോകകപ്പിൽ പരിക്കിന്റെ വെല്ലുവിളികൾക്കിടയിലും ടീമിന്റെ ഭാഗമായി. നാലു വർഷത്തിനിപ്പുറം ബ്രസീലിൽ ഗ്രൂപ് റൗണ്ടിൽ പുറത്താകാനുള്ള കാരണങ്ങളിലൊന്ന് ആദ്യ മത്സരത്തിൽ ചുവപ്പുകാർഡുമായി പെപെയുടെ മടക്കമായിരുന്നു. റഷ്യയിലും മിന്നിത്തിളങ്ങിയ താരം ഖത്തറിലെത്തുമ്പോൾ തന്റെ 39ാം വയസ്സിലും ടീമിന്റെ നെടുംതൂണാണ്.
ക്രിസ്റ്റ്യാനോക്കായി കാത്തിരുന്ന ഗാലറി
ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന സൂപ്പർ താരത്തെ ബെഞ്ചിലിരുത്തി പോർചുഗൽ കളത്തിലിറങ്ങിയപ്പോൾ മൂകമായിരുന്നു ഗാലറി. സി.ആർ സെവൻ ജഴ്സിയുമായി നിറഞ്ഞ ഗാലറിയുടെ കണ്ണുകളെല്ലാം ഡഗ്ഔട്ടിലെ സൂപ്പർ താരത്തെ പരതിയ നിമിഷങ്ങൾ. കിക്കോഫ് വിസിലിനു മുമ്പ് ദേശീയ ഗാനത്തിനായി ടീമുകൾ അണിനിരന്നപ്പോൾ, കാമറ ഫോക്കസ് കുമ്മായവരക്കു പുറത്തെ റിസർവ്ബെഞ്ചിൽ കൈകോർത്തുനിന്ന ക്രിസ്റ്റ്യാനോയിലേക്കും കൂട്ടരിലേക്കുമായി. കളിമുറുകിയ ശേഷം, ബിഗ് സ്ക്രീനിൽ വല്ലപ്പോഴും ക്രിസ്റ്റ്യാനോയുടെ മുഖം തെളിയുമ്പോൾ ഗാലറി വാദ്യമേളങ്ങളോടെ ഉണർന്നു.
രണ്ടാം പകുതിയും പിന്നിട്ട നിമിഷത്തിൽ പകരക്കാരനായി ഇറങ്ങുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ താരം വാംഅപ്പിനിറങ്ങിയപ്പോൾ ഒരു ഗോളാഘോഷംപോലെ ഗാലറി ആനന്ദനൃത്തമാടി. ഗോളടിച്ചതും കളിച്ചതും സഹതാരങ്ങളായിരുന്നെങ്കിലും, 20 മിനിറ്റോളം മാത്രം കളിച്ച ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ഗാലറിയുടെ ഇഷ്ടതാരം.
ആദ്യ ടച്ച് മുതൽ എതിർഗോൾമുഖത്തേക്ക് താരം ഓടിയെത്തുമ്പോൾ അവർ ആരവങ്ങളോടെ എഴുന്നേറ്റുനിന്നു. എന്നാൽ, ഗോളുകൾ നേടാനാവാതെയായിരുന്നു കളി പൂർത്തിയാക്കിയത്. ഒടുവിൽ ലോങ് വിസിലിനു പിന്നാലെ, സഹതാരങ്ങളിൽനിന്നും കൂട്ടംതെറ്റിയ ക്രിസ്റ്റ്യാനോ ഗാലറിയുടെ താഴെയെത്തി ആരാധകരെ അഭിവാദ്യംചെയ്തു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.