ഫിൽ ഫോഡൻ; ഇംഗ്ലണ്ടിന്റെ വജ്രായുധം
text_fieldsദോഹ: ഓടിക്കളിച്ച് ഗോളടിപ്പിക്കാൻ മിടുക്കുള്ള താരത്തെ ഗാരെത് സൗത് ഗെയ്റ്റ് എന്തിന് ഒളിപ്പിച്ചുവെക്കുന്നുവെന്നായിരുന്നു ഇംഗ്ലണ്ടിൻെറ ആദ്യ രണ്ടു മത്സരങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ആരാധകരും ഇംഗ്ലീഷ് മാധ്യമങ്ങളും ചോദിച്ചുകൊണ്ടിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ വജ്രായുധമായ താരത്തിന് ഖത്തറിൽ പണിയൊന്നുമില്ലേയെന്നും ചോദിച്ചു.
കോച്ച് സൗത് ഗെയ്റ്റ് കഴിഞ്ഞ ഒരാഴ്ചയിൽ ഏറ്റവുമേറെ വിമർശിക്കപ്പെട്ടതും ഫോഡൻ എന്ന 22കാരനെ ബെഞ്ചിലിരുത്തുന്നതിൻെറ പേരിലായിരുന്നു. ആദ്യ കളിയിൽ ഇംഗ്ലണ്ട് ഇറാനെ നേരിട്ടപ്പോൾ ഫോഡൻ കളിച്ചത് 20 മിനിറ്റ്. അമേരിക്കക്കെതിരെ കളത്തിൽ പോലും ഇറക്കിയില്ല.
വെയിൽസിനെതിരെ െപ്ലയിങ് ഇലവനിൽ അവസരം നൽകിയപ്പോൾ ഒരു ഗോൾ കുറിച്ചു. സെനഗാളിനെതിരായ പ്രീക്വാർട്ടറിൽ െപ്ലയിങ് ഇലവനിൽ ഇടം നൽകാൻ നിർബന്ധിതനായ കോച്ചിന് മറുപടി നൽകിയത് രണ്ട് ഗോളിലേക്കുള്ള സൂപ്പർ അസിസ്റ്റുകളുമായി.
ലോകകപ്പിെൻറ ഒരു നോക്കൗട്ട് മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് ഫിൽ ഫോഡൻ സ്വന്തം പേരിൽ കുറിച്ചത്. പ്രതിഭകൾ എമ്പാടുമുള്ള ടീമിൽ നിന്നും പോരാട്ട മികവുകൊണ്ട് െപ്ലയിങ് ഇലവനിൽ ഇടം പിടിച്ച ഫോഡൻെറ ബൂട്ടുകളിലായും ഈ ലോകകപ്പിലെ ഇംഗ്ലണ്ട് കുതിപ്പുകളുടെ കടിഞ്ഞാൺ എന്ന് ഉറപ്പായി കഴിഞ്ഞു.
വശങ്ങളിലൂടെയുള്ള അതിവേഗ മുന്നേറ്റവും പന്തിന്മേലുള്ള നിയന്ത്രണവും പന്ത് കൃത്യമായി സ്ൈട്രക്കർമാരിലേക്കെത്തിക്കാനുള്ള മിടുക്കും അവസരം കിട്ടിയാൽ ലക്ഷ്യം കാണാനുള്ള കഴിവുമാണ് ഫോഡനെ വ്യത്യസ്തനാക്കുന്നത്.
ഇന്ത്യയിൽ മിന്നിയ താരം
ചരിത്രത്തിലാദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെൻറിന് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ മലയാളി ആരാധകരുടെ മനസ്സിലേക്ക് ഇടിച്ചു കയറിയതാണ് ഈ കൗമാരക്കാരൻ. ആ ടൂർണമെൻറിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഗോൾഡൻ ബോൾ നേടിയ ഒരു പതിനേഴുകാരനുണ്ടായിരുന്നു, പേര് ഫിൽഫോഡൻ.
ടൂർണമെൻറിൽ കിരീട ഫേവറിറ്റുകളായിരുന്ന ഇംഗ്ലണ്ട് ടീമിൽ നിന്ന് ജാഡൻ സാഞ്ചോയെ ക്ലബ് തിരിച്ച് വിളിച്ചതോടെ ഇംഗ്ലണ്ടിെൻറ കിരീട പ്രതീക്ഷകൾ അവസാനിച്ചുവെന്ന് വിധിയെഴുതിയവരെ തിരുത്തിയാണ് ഫോഡൻ ഉയിർത്തെഴുന്നേറ്റ് അവരെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സാന്നിദ്ധ്യമായത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ആ കൗമാരക്കാരൻ ഏറെ ചർച്ച ചെയ്യപ്പെട്ടു. ലോകം ഒന്നടങ്കം അവനെക്കുറിച്ച് പറഞ്ഞു, കാൽപന്തുകളിയിലെ ഏറ്റവും മികച്ച യുവതാരമെന്ന്. അതേ വർഷം തന്നെ ഫോഡൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുകയും ആ വർഷം കിരീടം നേടിയപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയർ ലീഗ് ചാമ്പ്യൻ എന്ന പേര് കരസ്ഥമാക്കുകയും ചെയ്തു.
2017ലെ ഏറ്റവും മികച്ച യുവ കായിക വ്യക്തിത്വം എന്ന ബഹുമതിയും ഫോഡനെ തേടിയെത്തി. 2020 മുതൽ ഗാരത് സൗത്ഗേറ്റിന് കീഴിൽ ഇംഗ്ലണ്ട് ദേശീയ ടീമിലും ഫോഡൻ എന്ന മിഡ്ഫീൽഡർ ഇടം നേടി.
സിറ്റിയിലൂടെയുള്ള വളർച്ച
കുഞ്ഞായിരിക്കെ തന്നെ ഫുട്ബോളിനെ സ്നേഹിച്ച ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു. എല്ലാ വാരാന്ത്യങ്ങളിലും മത്സരങ്ങൾ നടക്കുന്ന ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാതാപിതാക്കളുടെ കൈ പിടിച്ച് ഫോഡനും പോയിത്തുടങ്ങി.
സിറ്റിയുടെ ഇളംനീല കിറ്റ് വേണമെന്ന് വാശിപിടിച്ച് അത് ധരിച്ച് ബ്ലൂ മൂൺ ഫ്രം ദി സ്റ്റാൻഡ്സ് എന്ന ഗാനവും ആലപിച്ച് കൊണ്ടിരുന്ന ഫോഡെൻറ ഏറ്റവും വലിയ ആഗ്രഹം മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുകയെന്നത് മാത്രമായിരുന്നു.
ഫോഡനിലെ ഫുട്ബോൾ പ്രതിഭയെ തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവനെ നാലാം വയസ്സിൽ സിറ്റിയുടെ അക്കാദമിയിൽ ചേർക്കാൻ തീരുമാനിച്ചു. സ്കോളർഷിപ്പോടെ ഫോഡന് അവിടെ പ്രവേശനം ലഭിച്ചു.
2016ൽ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് കൊണ്ട് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള ഫോഡനെ തെൻറ 16ാം വയസ്സിൽ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഉൾപ്പെടുത്തുകയും സെൽറ്റികിനെതിരെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സിറ്റിക്കായി 111 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ താരം, ഇംഗ്ലണ്ട് ദേശീയടീമിനായി 20ലധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.