ഫിലിപ്പിനറിയണം, ഇന്ത്യക്കാരുടെ അർജന്റീന സ്നേഹം
text_fieldsസൂഖ് വാഖിഫിൽനിന്ന് കോർണിഷിലേക്കുള്ള വഴിമധ്യേയുള്ള ഒഴിഞ്ഞയിടം. അവിടെ നീലയും വെള്ളയും ജഴ്സിയണിഞ്ഞ കുറച്ചുപേർ ഒന്നിച്ചിരിപ്പുണ്ട്. അർജന്റീനയിൽനിന്ന് ലോകകപ്പ് കാണാനെത്തിയ ആരാധകക്കൂട്ടമാണ്. വൈകാതെ 'മെസ്സി... മെസ്സി... മെസ്സി...' എന്ന വിളികളാൽ പരിസരം ശബ്ദമുഖരിതമായി.
ശ്രദ്ധിച്ചുനോക്കിയപ്പോൾ മലയാളികളാണ്. കടുത്ത അർജന്റീന ആരാധകർ. ടീമിന്റെ ജഴ്സിയൊക്കെയണിഞ്ഞ് സൂഖിൽ ആഘോഷമാക്കാനെത്തിയ അവർക്ക് 'യഥാർഥ അർജന്റീനക്കാരെ' കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല. ബ്വേനസ് എയ്റിസിൽനിന്നുള്ള സംഘത്തിനും അമ്പരപ്പും ആഹ്ലാദവും.
മലയാളികൾക്കു പുറമെ ബംഗ്ലാദേശികളും ശ്രീലങ്കക്കാരുമൊക്കെ അവരോട് ചേർന്നുനിന്ന് ചിത്രങ്ങൾ പകർത്താനും സംസാരിക്കാനുമൊക്കെയുള്ള ആഗ്രഹവുമായെത്തിയതോടെ ആളുകൂടി. പല നാടുകളിൽനിന്നെത്തിയ ചാനൽ കാമറകളും അവർക്കുനേരെ തിരിഞ്ഞു.
പത്തു പേരടങ്ങിയ സംഘത്തിൽ ഫിലിപ്പിനും ഡാനിയേലക്കും ഇംഗ്ലീഷ് അറിയാം. പുള്ളാവൂർ പുഴയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ടിന്റെ ചിത്രം കാണിച്ചുകൊടുത്തപ്പോൾ 'ഞാനിത് കണ്ടിട്ടുണ്ട്, ബംഗ്ലാദേശിലല്ലേ?, നെയ്മറിന്റെ കട്ടൗട്ടുമുണ്ടല്ലോ ഒപ്പം' എന്ന് ഫിലിപ്. ബംഗ്ലാദേശൊന്നുമല്ല, ഇത് ഞങ്ങളുടെ സ്വന്തം നാട്ടിലാണ് എന്ന് ഫിലിപ്പിനെ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുത്തു.
അർജന്റീനയിൽനിന്ന് മഡ്രിഡ്-ദുബൈ വഴിയാണ് സുഹൃത്തിനൊപ്പം ഖത്തറിലെത്തിയത്. രണ്ടു ദിവസത്തോളം നീണ്ട വിമാനയാത്രക്ക് 1800 ഡോളർ (ഏകദേശം 1.47 ലക്ഷം രൂപ) ചെലവായി. ഇവിടെയെത്തിയ ശേഷമാണ് നാട്ടിലെ സുഹൃത്തുക്കളുമൊത്ത് ഒന്നിച്ചുചേർന്നത്. ബ്രസീലിലും റഷ്യയിലും നടന്ന കഴിഞ്ഞ രണ്ടു ലോകകപ്പിനും ഫിലിപ് ഗാലറിയിലുണ്ടായിരുന്നു.
ഇക്കുറി അർജന്റീന കപ്പ് നേടുമെന്ന് ഫിലിപ്പിന് ഉറച്ച വിശ്വാസമുണ്ട്. 'അർജന്റീനയിലും ഭൂരിപക്ഷം പേരും അങ്ങനെയാണ് കരുതുന്നത്. അവിടെ പ്രതീക്ഷ ഏറെയാണ്. ലോ സെൽസോ, ഗോൺസാലസ്, കൊറേയ എന്നിവരുടെ പരിക്ക് തിരിച്ചടിയാണെങ്കിലും കരുത്തുറ്റ ടീമാണ് ഞങ്ങളുടേത്.
എല്ലാത്തിലുമുപരി ഞങ്ങൾക്ക് മെസ്സിയുണ്ടല്ലോ'. മെസ്സി കഴിഞ്ഞാൽ ടീമിൽ ഇഷ്ടതാരം സ്ട്രൈക്കർ ലൗതാറോ മാർട്ടിനെസാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയധികം പേർ അർജന്റീനയെ സ്നേഹിക്കുന്നതെന്നാണ് ഫിലിപ്പിന് അറിയേണ്ടിയിരുന്നത്. അത് മറഡോണയുടെ കാലത്ത് തുടങ്ങി മെസ്സിയിലൂടെ ശക്തിയാർജിച്ചതാണെന്ന് പറഞ്ഞപ്പോൾ മറഡോണ തങ്ങൾക്ക് ദൈവതുല്യനാണെന്ന് ഫിലിപ്.
പ്രാഥമിക റൗണ്ടിലെ അർജന്റീന-പോളണ്ട്, അർജന്റീന-സൗദി അറേബ്യ മത്സരങ്ങളുടെയും അർജന്റീന മുന്നേറിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്വാർട്ടർ ഫൈനലിന്റെയും ടിക്കറ്റ് കൈയിലുണ്ട്. അർജന്റീന-മെക്സികോ മത്സരത്തിന്റെ ടിക്കറ്റ് കിട്ടുമോ എന്ന് ഫിലിപ്പിന്റെ ചോദ്യം.
സംഘത്തിൽ ഒപ്പമുള്ള ഡാനിയേല ഉറുഗ്വായ്ക്കാരിയാണ്. ജോലി ചെയ്യുന്ന ആസ്ട്രേലിയയിൽനിന്നാണ് അർജന്റീനക്കാരായ സുഹൃത്തുക്കൾക്കൊപ്പം ലോകകപ്പ് കാണാൻ ദോഹയിലെത്തിയത്. 'ഖത്തർ മനോഹരമായിരിക്കുന്നു' എന്ന് അവരുടെ പ്രതികരണം.
29 വയസ്സേ ഉള്ളൂവെങ്കിലും ഇതിനകം 20ലേറെ രാജ്യങ്ങൾ ഡാനിയേല സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ വരാൻ കഴിഞ്ഞിട്ടില്ല. വൈകാതെ എത്തുമെന്നും ഡാനിയേല. ലൂയി സുവാരസും എഡിൻസൺ കവാനിയുമൊക്കെയുള്ള ഉറുഗ്വായ് ചിലപ്പോൾ കപ്പുനേടിയേക്കുമെന്നാണ് ഈ ആരാധികയുടെ പ്രതീക്ഷ. ഉറുഗ്വായ് നേടിയില്ലെങ്കിൽ പിന്നെ ആരു നേടണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി ഉടനെത്തി; 'അർജന്റീന. കാരണം, ഞാൻ മെസ്സിയുടെ കടുത്ത ആരാധികയാണ്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.