നോക്കൗട്ടിൽ കപ്പലിറക്കാൻ പറങ്കികൾ
text_fieldsദോഹ: ഗ്രൂപ് എച്ചിലെ നിർണായക മത്സരത്തിൽ തിങ്കളാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും ലൂയി സുവാരസിന്റെ ഉറുഗ്വായിയും നേർക്കുനേർ. ആദ്യ കളിയിൽ ഘാനക്കെതിരെ കൊണ്ടുംകൊടുത്തും വിജയക്കരപിടിച്ചവരാണ് പറങ്കിപ്പട. ഉറുഗ്വായിയാവട്ടെ ഏഷ്യൻ പെരുമായുമായെത്തിയ ദക്ഷിണ കൊറിയയോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി. ജയം ആവർത്തിക്കാനായാൽ പോർചുഗലിന് മറ്റു മത്സര ഫലങ്ങൾക്ക് കാത്തിരിക്കാതെ പ്രീക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം. തോൽവി ഉറുഗ്വായിയുടെ നിലനിൽപുതന്നെ അപകടത്തിലാക്കും.
ഘാനക്കെതിരെ 65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത് അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. പോർചുഗൽ കളിയിൽ മൂന്നു ഗോളടിച്ചപ്പോൾ രണ്ടെണ്ണം മടക്കാൻ ഘാനക്കായി. െപ്ലയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്താൻ കോച്ച് ഫെർണാണ്ടോ സാന്റോസ് തയാറാവില്ലെന്നാണ് സൂചന. ജാവോ ഫെലിക്സും ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോക്കൊപ്പം ആക്രമണത്തിനുണ്ടാവും.
മറുഭാഗത്ത്, ദക്ഷിണ കൊറിയക്കെതിരെ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ട സുവാരസിന് ഇന്ന് ടീമിനെ ജയത്തിലെത്തിക്കുന്നതിൽ അധികച്ചുമതല വഹിക്കാനുണ്ട്. പരിക്കേറ്റ ബാഴ്സലോണ ഡിഫൻഡർ റൊണാൾഡ് അറോജോയുടെ അസാന്നിധ്യം ഡീഗോ അലോൺസോ പരിശീലിപ്പിക്കുന്ന സംഘത്തിൽ നിഴലിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.