പറങ്കിപ്പടയുടെ അശ്വമേധം; ഉറുഗ്വായെ 0-2ന് വീഴ്ത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
text_fieldsദോഹ: ജയം നോക്കൗട്ടിലേക്ക് വഴി തുറക്കുമെന്ന ബോധ്യത്തോടെ പറങ്കിപ്പടയും കളി പിടിച്ചാൽ ഗ്രൂപിൽ ഒന്നാമന്മാരായി സാധ്യതകൾ ഇരട്ടിയാക്കാമെന്ന ബോധ്യത്തിൽ ഉറുഗ്വായിയും പന്തുതട്ടിയ ഗ്രൂപ് എച്ച് പോരാട്ടത്തിൽ ജയിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഒരു ജോഡി ഗോളുകളുടെ കരുത്തിലാണ് രണ്ടു കളികളിൽ മുഴുവൻ പോയിന്റുമായി പറങ്കിപ്പട നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്.
ആക്രമണവും പ്രതിരോധവും സമംചേർത്ത് കളിനയിച്ച ഇരു ടീമുകളും എതിർ ഗോൾമുഖം തേടി പാഞ്ഞുനടന്ന ആദ്യ പകുതിയിൽ നീക്കങ്ങൾ കൃത്യതയില്ലാതെ മടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും അണിനിരന്ന പോർച്ചുഗൽ തന്നെയായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മറുവശത്ത്, ഡാർവിൻ നൂനസും എഡിൻസൺ കവാനിയും ഉറുഗ്വായ് നീക്കങ്ങൾക്ക് ചുവടു പിടിച്ചു. വലനെയ്തു മുന്നേറിയ മുന്നേറ്റങ്ങളുമായി റോണോ സേന ഗോളിനരികെയെത്തിയ മുഹൂർത്തങ്ങൾ ചിലതു പിറന്നെങ്കിലും കാലുകൾ ലക്ഷ്യം മറന്നു.
19ാം മിനിറ്റിൽ 25 വാര അകലെനിന്ന് റൊണാൾഡോ എടുത്ത ഫ്രീകിക്ക് ആയിരുന്നു കളിയിലെ ആദ്യ ഗോളവസരം. മുന്നിൽ കാത്തുനിന്ന മത്തിയാസ് വെസിനോ പന്ത് തലവെച്ച് അപകടമൊഴിവാക്കി. 10 മിനിറ്റ് കഴിഞ്ഞ് പെനൽറ്റി ബോക്സിലേക്ക് നീട്ടിക്കിട്ടിയ പാസ് ബ്രൂണോ ഫെർണാണ്ടസ് ഹെഡ് ചെയ്തത് ഗോളിയുടെ കൈകളിൽ വിശ്രമിച്ചു. യൊഓവോ ഫെലിക്സ്, റൂബൻ നെവസ് എന്നിവരുടെ നീക്കങ്ങളും അർധജീവനായി ഒടുങ്ങി. 33ാം മിനിറ്റിൽ ഉറുഗ്വായ്ക്കും കിട്ടി മനോഹരമായ ഒരു ഗോൾ മുഹൂർത്തം. റോഡ്രിഗോ ബെന്റൻകർ മധ്യനിരയിൽനിന്ന് തുടക്കമിട്ട നീക്കം പ്രതിരോധവും കടന്ന് ഗോളിലെത്തിയെന്നു തോന്നിച്ചെങ്കിലും ഗോളി തടുത്തിട്ടു.
ഇടവേള കഴിഞ്ഞു മൈതാനമുണർന്നതോടെ ഗോൾ തേടിയുള്ള നീക്കങ്ങൾ ഇരു ടീമുകളും കൂടുതൽ സജീവമാക്കുന്നതായി കാഴ്ച. ലാറ്റിൻ അമേരിക്കൻ പ്രതിരോധം പിളർന്ന് 54ാം മിനിറ്റിൽ പോർച്ചുഗലിനെ മുന്നിലെത്തിച്ച ഗോൾ എത്തി. ഇടതുവശത്ത് പന്ത് നിയന്ത്രണത്തിലാക്കിയ ബ്രൂണോ ഫെർണാണ്ടസ് പോസ്റ്റിൽ കാത്തുനിന്ന റൊണാൾഡോക്ക് പാകമായി നീട്ടിനൽകിയ പന്തിൽ തലവെക്കാൻ ശ്രമിച്ചെങ്കിലും മുകളിലൂടെ പോസ്റ്റിൽ വിശ്രമിച്ചു. റോണോയുടെ ഹെഡർ പ്രതീക്ഷിച്ച് ഗോളി എതിർവശത്തേക്ക് ചാടിയതോടെയാണ് പന്ത് അനായാസം വല കുലുക്കിയത്. ആഹ്ലാദവുമായി റൊണാൾഡോ മതിമറന്നാഘോഷിച്ചത് ഗോളിനുടമ താരമാണന്ന സംശയത്തിനിടയാക്കിയെങ്കിലും പിന്നീട് ബ്രൂണോ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതോടെ, കൂടുതൽ ചടുലത കൈവന്ന ഇരുനിരകളും ഗോൾദാഹവുമായി പറന്നുനടന്നു. ലീഡ് കൂട്ടാൻ പറങ്കികളും മടക്കാൻ ലാറ്റിൻ അമേരിക്കൻ പടയും നടത്തിയ ശ്രമങ്ങൾ മൈതാനത്തെ അത്യാവേശത്തിലാഴ്ത്തി. അതിവേഗം ബൂട്ടുകൾ പലതുമാറി ഇരു പാതികളിലും കറങ്ങിനടന്ന പന്ത് പലവട്ടം ഗോളിനു തൊട്ടടുത്തെത്തി. 74ാം മിനിറ്റിൽ ഉറുഗ്വായ് മുന്നേറ്റം ബാറിൽ തട്ടി മടങ്ങി. നാലു മിനിറ്റ് കഴിഞ്ഞ് ഫ്രീകിക്കിൽ കാലുവെച്ച സുവാരസ് പുറത്തേക്കടിച്ചു. തൊട്ടടുത്ത മിനിറ്റിൽ പിന്നെയും ഗോൾ മണത്തെങ്കിലും ഗോളി രക്ഷകനായി. നഷ്ടമായ അവസരങ്ങളോർത്ത് തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഉറുഗ്വായ് മാത്രമായിരുന്നു ഏറെ നേരം ചിത്രത്തിൽ.
ലക്ഷണമൊത്ത ആക്രമണങ്ങളുമായി മറുവശത്ത് ബ്രൂണോ ഫെർണാണ്ടസ് നയിച്ച നീക്കങ്ങളും ഗാലറിയെ നിലക്കാത്ത ആരവങ്ങളിലാഴ്ത്തി. ഇഞ്ച്വറി സമയത്ത് ബ്രൂണോയുടെ നീക്കം കാലിനടിയിലൂടെ നീങ്ങുന്നതിനിടെ വീണ് തടുക്കാനുള്ള ഉറുഗ്വായ് താരത്തിന്റെ ശ്രമം പെനാൽറ്റിയിൽ കലാശിച്ചു. കിക്കെടുത്ത ബ്രൂണോ അനായാസം വലയിലെത്തിച്ചതോടെ വിജയം എതിരില്ലാത്ത രണ്ടുഗോളിന്.
അവസാന വിസിലിലേക്ക് കളി നീങ്ങുന്നതിനിടെ ഹാട്രിക് തികക്കാൻ കാലുകളിൽ പന്തുകിട്ടിയ ബ്രൂണോ അടിച്ചത് പോസ്റ്റിൽ തട്ടി പുറത്തേക്കു പോയി. അതോടെ, പൊരുതിക്കളിച്ച ഉറുഗ്വായിയെ സങ്കടപ്പെരുമഴയിലാഴ്ത്തി പറങ്കികൾ വിജയവും നോക്കൗട്ട് യോഗ്യതയുമായി മടങ്ങി.
കഴിഞ്ഞ ലോകകപ്പിൽ ഉറുഗ്വായിൽനിന്നേറ്റ പരാജയത്തിന് മധുരപ്രതികാരം കൂടിയായി പോർച്ചുഗലിന് ഈ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.