പറങ്കിപ്പടക്കെതിരെ സിംഹക്കൂട്ടം
text_fieldsദോഹ: ആയിരം പാസുകളിൽ കളി മെനഞ്ഞ സ്പെയിനിനെ, മൂന്നിെലാന്ന് മാത്രം ടച്ചുമായി 120 മിനിറ്റും കളിച്ച് പിടിച്ചുകെട്ടിയ മൊറോക്കോയുടെ കുതിപ്പ് ഈ േലാകകപ്പ് കുറിച്ചിടുന്ന കഥകളിലൊന്നാണ്. പ്രതിരോധ പൂട്ടും പ്രത്യാക്രമണവും ആയുധമാക്കി ഗ്രൂപ്പ് റൗണ്ടും പ്രീക്വാർട്ടറും കടന്ന് മുന്നേറിയ അറ്റ്ലസ് ലയൺസിന് അൽ തുമാമയിലെ മണ്ണിൽ കടിഞ്ഞാൺ വീഴുമോ..? അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപെയും ബ്ര്യൂണോ ഫെർണാണ്ടസും നയിക്കുന്ന പറങ്കിപ്പടയെയും വീഴ്ത്തി ആഫ്രിക്കൻ - അറബ് അട്ടിമറി സംഘം ജൈത്രയാത്ര തുടരുമോ..? ഖത്തർ ലോകകപ്പിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനലിൽ പ്രാദേശിക സമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം രാത്രി 8.30) അൽ തുമാമ സ്റ്റേഡിയത്തിലാണ് രണ്ട് ഗ്രൂപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന അങ്കം.
മൊറോക്കൻ പടയോട്ടം
ആഫ്രിക്കൻ ടീമായി എണ്ണപ്പെടുന്ന മൊറോക്കോ യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ മുൻനിര താരങ്ങളുടെ സാന്നിധ്യവുമായാണ് കുതിപ്പ് തുടരുന്നത്. പി.എസ്.ജിയുടെ അഷ്റഫ് ഹകിമിയും ചെൽസിയുടെ ഹകിം സിേയഷും ചേർന്ന് വിങ്ങുകളിലൂടെ ചടുലമാക്കുന്ന മുന്നേറ്റവും ഗോൾകീപ്പർ യാസീൻ ബൗനുവിന്റെ ചോരാത്ത കൈകളും റുമൈൻ സയ്സി, നുസൈർ മസറൗ, നാഇഫ് അഗ്വേദ് എന്നിവരുടെ പ്രതിരോധ കോട്ടയുമായി ഒരു ടീം എന്ന നിലയിലെ അസാധാരണ ഒത്തിണക്കത്തോടെ നടത്തിയ പ്രകടനവുമായാണ് മൊറോക്കോ ഇതുവരെ കുതിച്ചത്. ഗ്രൂപ്പ് 'എഫി'ൽ പ്രതിരോധം ആയുധമാക്കിയവർ നെഞ്ചു നിവർന്ന് നിന്നപ്പോൾ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും കാനഡയും തുടക്കത്തിലേ പുറത്തായി. ആദ്യ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചുകൊണ്ടായിരുന്നു മൊറോക്കോ കുതിപ്പ്.
കിരീട ഫേവറിറ്റുകൾ എന്ന വിശേഷണം നൽകിയ സ്പെയിൻ പ്രീക്വാർട്ടറിൽ എതിരാളികളായി മുന്നിലെത്തിയേപ്പാഴും മൊറോക്കോ പതറിയില്ല. 120 മിനിറ്റ് നീണ്ട മത്സരത്തിന് ഗോൾരഹിതമായ അന്ത്യം. പെനാൽറ്റി ഷൂട്ടൗട്ടിലാവട്ടെ സെവിയ്യ ഗോൾകീപ്പർകൂടിയായ യാസീൻ ബോനുവിന്റെ മിന്നുന്ന ഫോമും സ്പാനിഷ് താരങ്ങളുടെ നിർഭാഗ്യവുമായതോടെ കളി മൊറോക്കോക്ക് അനുകൂലമായി.
അതിർത്തികൾ കടന്നെത്തിയ നാട്ടുകാരുടെയും ആഫ്രിക്കൻ, അറബ് കാണികളുടെയും അകമഴിഞ്ഞ പിന്തുണയിലാണ് മൊറോക്കോയുടെ പോരാട്ടം. ഗാലറിയുടെ വലിയൊരു പങ്കും ചുവന്ന കുപ്പായക്കാർ കൈയടക്കുേമ്പാൾ അവർ പകരുന്ന ഊർജം കളത്തിൽ ഹകിമിക്കും സിയഷിനുമെല്ലാം ബൂട്ടുകളിലെ കരുത്തായി മാറുന്നു.
ലോകകപ്പ് ക്വാർട്ടറിൽ ഇടം നേടുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമെന്ന റെക്കോഡുമായാണ് മൊറോക്കേയുടെ മുന്നേറ്റം.
പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചതെങ്കിലും ക്വാർട്ടറിൽ നിശ്ചിത സമയത്തു തന്നെ കളി പൂർത്തിയാക്കാനാണ് തങ്ങളുടെ തന്ത്രമെന്ന് കോച്ച് വാലിദ് റഗ്റോഗി പറഞ്ഞു. എന്നാൽ, പരിചയ സമ്പന്നനായ മികച്ച ഗോൾകീപ്പർ തങ്ങൾക്കൊപ്പമുണ്ട്. മത്സരം വിജയിക്കാൻ ആവശ്യമായ തന്ത്രം സ്വീകരിക്കുകയാണ് ടീം എന്ന നിലയിലെ ലക്ഷ്യം. 11 പേരുമായാണ് ഒരു മത്സരം തുടങ്ങുന്നത്. എന്നാൽ, മറ്റു ചിലരുമായാവും ആ കളി പൂർത്തിയാക്കുന്നത്. നോക്കൗട്ട് പോലൊരു മത്സരത്തിൽ കൂടുതൽ ഉൗർജം ആവശ്യമാവും. അപ്പോൾ ടീമിലെ 26 പേരും പരിശീലകന്റെ ചിന്തയിലുണ്ടാവും -കോച്ച് പറഞ്ഞു.
പറങ്കി കരുത്ത്
ഗ്രൂപ്പ് റൗണ്ടിൽ തപ്പിത്തടഞ്ഞ പോർചുഗലിൽനിന്നും കിരീട ഫേവറിറ്റ് എന്ന പ്രവചനം സാധൂകരിക്കുന്നതായിരുന്നു പ്രീക്വാർട്ടറിലെ പ്രകടനം. കരുത്തരായ സ്വിറ്റ്സർലൻഡിന്റെ ഗോൾവല ആറുവട്ടം കുലുക്കിയ ടീം മുന്നേറ്റത്തിലും പ്രതിരോധത്തിലും ലോകോത്തര നിലവാരത്തിലേക്കുയർന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ മത്സരത്തിൽ പകരക്കാരനായെത്തിയ ഗോൺസാലോ റാമോസ് മുൻനിരയിൽ നിറഞ്ഞാടുകയായിരുന്നു. വിങ്ങിൽനിന്നും ഇടതടവില്ലാതെ പന്തെത്തിച്ച് വേഗമേറിയ ആക്രമണത്തിന് ചരടുവലിച്ച് ബ്രൂണോ ഫെർണാണ്ടസും ജോ ഫെലിക്സും അവസരത്തിനൊത്തുയർന്നു. ക്ലിനിക്കൽ ഫിനിഷിങ് മികവോടെ റാമോസ് ഓടിയടുത്തപ്പോൾ ക്രിസ്റ്റ്യാനോ കളത്തിലിറങ്ങും മുേമ്പ പോർചുഗൽ വിജയം ഉറപ്പാക്കുകയും ചെയ്തു. പ്രതിരോധത്തിൽ പെപെ-റൂബൻ ഡയസ് സംഘത്തിന്റെ പ്രകടനവും കൈയടി നേടി. വിങ് ബാക്കുകളായ ഡിയോഗോ ഡാലറ്റ്, റാഫേൽ ഗ്വരീറോ എന്നിവർ കൂടിയായതോെട എതിരാളികളുടെ ഒരു പ്രയോഗവും പോർചുഗൽ ഡി സർക്കിളിൽ ഏശിയില്ല. ഈ കരുത്തും ആത്മവിശ്വാസവുമായാവും പോർചുഗൽ മൊറോക്കോയെയും നേരിടുന്നത്. പരമാവധി പ്രതിരോധിച്ച്, എതിർ പാസുകളെ ഭേദിച്ചാണ് മൊറോക്കോ ടൂർണമെന്റിലുടനീളം മുന്നേറിയതെങ്കിൽ, ഈ തന്ത്രം അറിഞ്ഞാവും പോർചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ടീമിനെ സജ്ജമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.