ആഫ്രിക്കൻ സിംഹങ്ങൾക്കിത് 20 വർഷം കഴിഞ്ഞുള്ള തിരിച്ചുവരവ്; അന്നും ഇന്നും വിജയ നായകനായി ഒരാൾ
text_fieldsദോഹ: 2018ലെ റഷ്യൻ ലോകകപ്പിൽ ഗ്രൂപ് എച്ചിൽ സെനഗാളിനെ കടന്ന് ജപ്പാൻ രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തത് വിചിത്രമായ ന്യായത്തിന്റെ ബലത്തിലായിരുന്നു. പോയിന്റും ഗോൾശരാശരിയും പിന്നെ മറ്റു പതിവു മാനദണ്ഡങ്ങളെല്ലാം ഒരുപോലെയായപ്പോൾ മുൻമത്സരങ്ങളിൽ ലഭിച്ച മഞ്ഞ/ചുവപ്പു കാർഡുകൾ നോക്കിയായിരുന്നു ആഫ്രിക്കൻ സിംഹങ്ങളെ കടന്ന് ജപ്പാൻ കടന്നുകയറിയത്. അന്നു നഷ്ടമായ നോക്കൗട്ട് ടിക്കറ്റ് ഇത്തവണ പക്ഷേ, ആധികാരികമായി സെനഗാൾ തിരിച്ചുപിടിച്ചിരിക്കുന്നു. രണ്ടു കളികൾ ജയിച്ച ടീം നെതർലൻഡ്സിനു പിറകിൽ ഗ്രൂപിലെ രണ്ടാമന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്.
രാജ്യത്തിനകത്തും ഖത്തർ വേദികളിലും ടീമിന്റെ വിജയാഘോഷം പെരുമ്പറ മുഴക്കുമ്പോൾ ഹീറോ ആയി അവർ മുന്നിൽനിർത്തുന്നത് മറ്റാരെയുമല്ല, 2018ലും 2022ലും സെനഗാൾ സംഘത്തെ പരിശീലിപ്പിച്ച അലിയു സീസെയെന്ന മാന്ത്രികനെയാണ്. അടുത്തിടെ ആഫ്രിക്കൻ കിരീടം പിടിച്ച ടീമുമായി ഖത്തറിലെത്തിയ അലിയു സിസെ ടീമിനെ സ്വപ്നതുല്യമായ നേട്ടങ്ങളിലേക്കാണ് കൈപിടിക്കുന്നത്.
പരിശീലകനെ അവർ ഇത്രമേൽ ആഘോഷിക്കുന്നത് ഇതുകൊണ്ടു മാത്രമല്ല. 2002ൽ ടീം ക്വാർട്ടർ വരെയെത്തുമ്പോൾ അന്ന് മൈതാനത്ത് വിജയനായകനായും സീസെയുണ്ടായിരുന്നു.
ഖത്തറിൽ ചൊവ്വാഴ്ച എക്വഡോറിനെ ടീം വീഴ്ത്തുമ്പോൾ ക്യാപ്റ്റന്റെ ആംബാൻഡ് കൈയിലണിഞ്ഞ ഖാലിദൂ കൗലിബാലിയായിരുന്നു വിജയ ഗോൾ കുറിച്ചത്. ഇസ്മായില സറിന്റെ ഗോളിൽ മുന്നിലെത്തിയ ടീം പിന്നീട് ഒരുവട്ടം കൂടി എതിർവല ചലിപ്പിച്ചാണ് ആധികാരിക ജയം ഉറപ്പിച്ചത്. എക്വഡോർ ഒരു ഗോൾ മടക്കി.
1990നു ശേഷം ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തെ ലോകകപ്പിൽ വീഴ്ത്തുകയെന്ന റെക്കോഡും ഈ കളിയിൽ സെനഗാൾ സ്വന്തമാക്കി. എല്ലാ നേട്ടങ്ങളിലും അവർക്ക് കരുത്താകേണ്ടിയിരുന്ന സാദിയോ മാനേ പരിക്കുമായി പുറത്തിരിക്കുമ്പോഴാണ് ഈ സ്വപ്ന നേട്ടമെന്നതാണ് ഏറ്റവും പ്രധാനം. ക്യാപ്റ്റനായും പരിശീലകനായും ടീമിനെ ലോകകപ്പിലെത്തിക്കുന്ന ആദ്യ താരം കൂടിയാവുകയാണ് സിസെ.
അതിനിടെ, ടീം ഉയരങ്ങൾ കുറിച്ച 2002ലെ ലോകകപ്പിൽ സെനഗാൾ താരമായിരുന്ന പപ ബൂബ ഡിയോപ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പ്രീക്വാർട്ടറിൽ ഫ്രാൻസിനെ മറികടന്ന കളിയിൽ ഗോൾ കുറിച്ചത് ഡിയോപ് ആയിരുന്നു. വിജയം താരത്തിന്റെ ഓർമകൾക്കു മുന്നിൽ സമർപ്പിക്കുകയാണ് ടീം.
ഹാജി ദിയോഫ്, ഖലീലു ഫാദിഗ, ഹെന്റി കമാറ തുടങ്ങിയവരും അന്ന് ടീമിന്റെ സ്വപ്ന നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.