'അഹ്‍ലൻ ബികും'
text_fieldsദോഹ: കളിയുത്സവത്തിന് പന്തുരുളുന്നത് നവംബർ 20നാണെങ്കിലും ആഴ്ചകൾമുന്നേ കളിയാരാധകരെ ഇരുകൈയും നീട്ടി വരവേറ്റ് ഖത്തർ. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ചൊവ്വാഴ്ച മുതൽ ഖത്തറിലേക്ക് പ്രവേശിച്ച് തുടങ്ങാം.
ലോകകപ്പിന്റെ ഏതെങ്കിലും മത്സര ടിക്കറ്റുള്ള വിദേശ കാണികൾക്ക് ഫാൻ ഐ.ഡിയായ ഹയ്യാ കാർഡ് വഴിയാണ് ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. താമസം ഉറപ്പാക്കി ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഹയ്യാ അംഗീകാരം നൽകുന്നത്.
തുടർന്ന്, ഇ-മെയിൽ വഴി ലഭ്യമാക്കുന്ന എൻട്രി പെർമിറ്റ് വഴിയാണ് കര, വ്യോമമാർഗം പ്രവേശനം അനുവദിക്കുന്നത്. കിക്കോഫ് വിസിലിന് ഇനിയും 20 ദിവസത്തെ കാത്തിരിപ്പുണ്ടെങ്കിലും ലോകകപ്പ് ഒരുക്കങ്ങളിലേക്കും വിനോദ പരിപാടികളിലേക്കും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് നേരത്തേ പ്രവേശനം അനുവദിക്കുന്നത്.
ബോളിവുഡ് മ്യൂസിക് ഫെസ്റ്റ്, ദോഹ കോർണീഷിലെ ആഘോഷം ഉൾപ്പെടെ ആകർഷകമായ വിനോദപരിപാടികളാണ് വരുംദിനങ്ങളിൽ അരങ്ങേറാൻ ഒരുങ്ങുന്നത്.
യാത്രക്ക് മുമ്പ് അറിഞ്ഞിരിക്കുക
ഹയ്യാ കാർഡ് അംഗീകാരം ലഭിച്ച വിദേശകാണികൾ എൻട്രി പെർമിറ്റ് ലഭ്യമായതിനു ശേഷമാണ് യാത്ര ഉറപ്പാക്കാവൂ. ലോകകപ്പ് സംഘാടകർ ഇ-മെയിൽ വഴിയാണ് എൻട്രി പെർമിറ്റ് അയക്കുന്നത്. യാത്രക്ക് മുമ്പ് ഇത് പ്രിന്റ് എടുത്ത് കൈയിൽ സൂക്ഷിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തുന്നു.
ലോകകപ്പിനെത്തുന്ന കാണികൾ യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. എന്നാൽ, സന്ദർശകർക്ക് യാത്രക്ക് മുമ്പ് ആർ.ടി.പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ വേണ്ടെന്ന് കഴിഞ്ഞ ദിവസം ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
യാത്രികർ കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദശലക്ഷം പേർ ഒന്നിക്കുന്ന മേളയെന്ന നിലയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്.
വാക്സിനേഷൻ കാലാവധി കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് മന്ത്രാലയം അറിയിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ തണുപ്പുകാലത്തിലേക്കുള്ള തുടക്കമാണ് നവംബർ. ഡിസംബറാവുമ്പോഴേക്കും തണുപ്പും കൂടും. ലോകകപ്പ് മത്സരങ്ങൾ ഏറെയും രാത്രിയാവുന്നതിനാൽ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങൾ കൂടി വിദേശ കാണികൾക്ക് കൈയിൽ കരുതാവുന്നതാണ്.
ലോകകപ്പ് കാണികൾക്ക് അടിയന്തര ചികിത്സ സൗജന്യമായി ലഭ്യമാവും. അതേസമയം, യാത്രക്ക് മുമ്പ് ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് വഴി വിദഗ്ധ ചികിത്സ സാമ്പത്തിക ബാധ്യതയില്ലാതെ ഉറപ്പാക്കാൻ കഴിയും.
സ്വാഗതം ചെയ്ത് ജി.സി.സി
ഹയ്യാ കാർഡുള്ള യാത്രക്കാരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് ഖത്തറിന്റെ അയൽക്കാരായ ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൾട്ടിപ്പ്ൾ എൻട്രിയാണ് അനുവദിക്കുന്നത്. നവംബർ 11 മുതൽ സൗദിയിലേക്ക് യാത്രാനുമതി നൽകും. 60 ദിവസം വരെ ഹയ്യാ കാർഡ് ഉടമകൾക്ക് സൗദിയിൽ തങ്ങാം.
വിശുദ്ധ കർമമായ ഉംറ നിർവഹിക്കാനും അനുമതിയുണ്ട്. നവംബർ ഒന്ന് മുതൽ തന്നെ ഹയ്യാ ഉടമകൾക്ക് യു.എ.ഇയിൽ പ്രവേശനം സാധ്യമാവും. ചുരുങ്ങിയ ഫീസ് അടച്ച് 90 ദിവസം വരെ കാലാവധിയുള്ള മൾട്ടി എൻട്രി പെർമിറ്റാണ് നൽകുന്നത്. 60 ദിവസത്തേക്കാണ് ഒമാൻ മൾട്ടി എൻട്രി പെർമിറ്റ് നൽകുന്നത്.
ഹയ്യാ കാർഡ് എന്നാൽ
ഹയ്യാ കാർഡും, എൻട്രി പെർമിറ്റും ലഭ്യമായ കാണികൾക്ക് നവംബർ ഒന്ന് മുതൽ ഖത്തറിലേക്ക് പ്രവേശനം ആരംഭിക്കും. ഒന്നിലേറെ തവണ രാജ്യത്ത് വന്ന് മടങ്ങാനുള്ള അനുമതി കൂടിയാണ് (മൾട്ടിപ്പ്ൾ എൻട്രി പെർമിറ്റ്) ഹയ്യാ കാർഡ്.
എന്നാൽ, ഡിസംബർ 23 വരെ മാത്രമെ ഹയ്യാ വഴി കാണികൾക്ക് പ്രവേശനം അനുവദിക്കൂ. അതേസമയം, അടുത്ത വർഷം ജനുവരി 23ന് മുമ്പ് ഖത്തറിൽ നിന്നും മടങ്ങുകയും വേണം. എന്നാൽ, ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡില്ലാതെ തന്നെ ഈ കാലയളവിൽ രാജ്യത്തേക്ക് വരാനും പോവാനും തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.